സർക്കാറിൻ്റെ 'ആശ്വാസകിരണം' പദ്ധതി വഴിയുള്ള ധനസഹായം ലഭിക്കാതെ ദുരിതത്തിലായി വയനാട് തിരുനെല്ലിയിലെ കിടപ്പുരോഗിയും കുടുംബവും
Wayanad , 15 ഓഗസ്റ്റ് (H.S.) സർക്കാറിൻ്റെ ''ആശ്വാസകിരണം'' പദ്ധതി വഴിയുള്ള ധനസഹായം ലഭിക്കാതെ ദുരിതത്തിലായി വയനാട് തിരുനെല്ലിയിലെ കിടപ്പുരോഗിയും കുടുംബവും. 2018 മുതൽ അപേക്ഷ നൽകി കാത്തിരുന്നിട്ടും സാമ്പത്തിക സഹായം ലഭിച്ചില്ലെന്നാണ് കുടുംബത്തിൻ്റെ പ
ASWASAKIRANAM SCHEME


Wayanad , 15 ഓഗസ്റ്റ് (H.S.)

സർക്കാറിൻ്റെ 'ആശ്വാസകിരണം' പദ്ധതി വഴിയുള്ള ധനസഹായം ലഭിക്കാതെ ദുരിതത്തിലായി വയനാട് തിരുനെല്ലിയിലെ കിടപ്പുരോഗിയും കുടുംബവും. 2018 മുതൽ അപേക്ഷ നൽകി കാത്തിരുന്നിട്ടും സാമ്പത്തിക സഹായം ലഭിച്ചില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. അധികൃതരുടെ നിരുത്തരവാദപരമായ നിലപാടിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് മനുഷ്യാവകാശ പ്രവർത്തകർ.

വർഷങ്ങളായി പൂർണ്ണമായും കിടപ്പിലായ രോഗിയെ പരിചരിക്കാൻ പ്രയാസപ്പെടുന്ന ഒരു കുടുംബത്തിൻ്റെ നെഞ്ചുപൊട്ടുന്ന അവസ്ഥയാണിത്. പൂർണ്ണമായി കിടപ്പിലായവരെ സംരക്ഷിക്കുന്ന കുടുംബങ്ങൾക്ക് നൽകിവരുന്ന 'ആശ്വാസകിരണം' പദ്ധതിയുടെ ആനുകൂല്യത്തിനായി 2018 മുതൽ നൽകിയ അപേക്ഷകളും പരാതികളും ഇപ്പോഴും ഫയലുകളിൽ വിശ്രമിക്കുകയാണ്.

തിരുനെല്ലി അമ്പലവയൽ സ്വദേശിയായ രോഗിയുടെ കുടുംബം പരാതിയുമായി നവകേരള സദസിലും കലക്ടറേറ്റിലും വരെ കയറിയിറങ്ങിയെങ്കിലും ആശ്വാസ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഔദ്യോഗിക തലത്തിൽ അപേക്ഷകൾ നൽകി മടുത്ത കുടുംബത്തിന് മുന്നിൽ ഇനി പ്രതീക്ഷകൾ ഒന്നുമില്ല. അടിയന്തരമായി സർക്കാറും സാമൂഹ്യനീതി വകുപ്പും ഇടപെട്ട് ഈ കിടപ്പുരോഗിയുടെ കുടുംബത്തിന് അർഹമായ ധനസഹായം നൽകിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ തീരുമാനം.

തികഞ്ഞ അനാസ്ഥയെന്ന് മനുഷ്യാവകാശ കമ്മിഷന് കൗൺസിൽ

ആശ്വാസകിരണം പദ്ധതി വഴിയുള്ള ധനസഹായത്തിന് വർഷങ്ങളായി അപേക്ഷ നൽകിയിട്ടും രോഗിക്കും കുടുംബത്തിനും ധന സഹായം ലഭിക്കാത്തതിൽ സർക്കാരിനെതിരെ മനുഷ്യാവകാശ കമ്മിഷന് കൗൺസിൽ.

കഴിഞ്ഞ എട്ട് വർഷമായി കേരള ഗവൺമെൻ്റ് 'ആശ്വാസകിരണം' പദ്ധതി പ്രകാരം കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക് വേണ്ടിയുള്ള പെന്ഷന് നൽകിയിട്ടില്ല. ഇത് തികഞ്ഞ അനാസ്ഥയും പ്രതിഷേധാർഹവുമാണെന്ന് മനുഷ്യാവകാശ കമ്മിഷന് കൗൺസിൽ അംഗം പി.ജെ. ജോൺ മാസ്റ്റർ പറഞ്ഞു. കിടപ്പിലായവരെ പരിചരിക്കുന്ന ഈ ബന്ധുക്കൾക്ക് കൂലിപണിക്ക് പോലും പോകാന് പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് അടിയന്തരമായി എട്ട് വർഷമായി മുടങ്ങി കിടക്കുന്ന ആശ്വാസകിരണം പദ്ധതി പുതിയ ഗവൺമെൻ്റെങ്കിലും നടപ്പാക്കി വേണ്ടപ്പെട്ടവർക്ക് നൽകണമെന്ന് പി.ജെ. ജോൺ മാസ്റ്റർ ആവശ്യപ്പെട്ടു.

ആശ്വാസകിരണം പദ്ധതി

2010ൽ കേരള സർക്കാരിൻ്റെ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. കിടപ്പുരോഗികളെയും മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും മുഴുവൻ സമയവും പരിചരിക്കുന്നവർക്ക് ഈ പദ്ധതിയുടെ പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കും. പൂർണ്ണമായും കിടപ്പിലായ രോഗികൾ മാനസിക വെല്ലുവിളികൾ നേരിടുന്നവർ,ക്യാന്സർ, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ രോഗമുള്ളവർ, 100 ശതമാനം ഭിന്നശേഷിയുള്ളവർ എന്നീ വിഭാഗങ്ങളെ പരിചരിക്കുന്നവർക്കാണ് ധനസഹായം ലഭിക്കുക. സഹായത്തിന് അപേക്ഷിക്കുന്നവർ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരായിരിക്കണം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News