Enter your Email Address to subscribe to our newsletters

Thiruvananthapuram, 15 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്തെ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഓഗസ്റ്റ് 15ന് രാവിലെ ഒൻപതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ ദേശീയ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയുണ്ടാകും.
വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിൻ്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. ഇതിനുശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകും. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷണൽ സർവീസ് മെഡലുകൾ, ജീവൻരക്ഷാ പതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും എൻസിസി കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനങ്ങളും ചടങ്ങിന് മാറ്റുകൂട്ടും.
ജില്ലകളിലെ ആഘോഷങ്ങൾ
മന്ത്രിമാരായ ഷിബു ബേബി ജോൺ കൊല്ലത്തും പിസി വിഷ്ണുനാഥ് പത്തനംതിട്ടയിലും എം ലിജു ആലപ്പുഴയിലും മോൻസ് ജോസഫ് കോട്ടയത്തും പതാക ഉയർത്തും. അനൂപ് ജേക്കബ് ഇടുക്കിയിലും റോജി എം ജോൺ എറണാകുളത്തും ഒജെ ജനീഷ് തൃശൂരിലും എൻ ഷംസുദ്ദീൻ പാലക്കാടും പികെ ബഷീർ മലപ്പുറത്തും സ്വാതന്ത്ര്യദിന പരിപാടികൾക്ക് തുടക്കം കുറിക്കും. എപി അനിൽകുമാർ കോഴിക്കോട്ടും ടി സിദ്ദിഖ് വയനാട്ടിലും സണ്ണി ജോസഫ് കണ്ണൂരും കെഎം ഷാജി കാസർകോടും നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.
സ്ഥാപനങ്ങളിലെ പതാക ഉയർത്തൽ
സംസ്ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ, സ്കൂളുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിർബന്ധമായും പങ്കെടുക്കണം. സബ് ഡിവിഷൻ തലത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റും ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും രാവിലെ ഒൻപതിനോ അതിനുശേഷമോ ദേശീയ പതാക ഉയർത്തും. തുടർന്ന് വിശിഷ്ടാതിഥിയുടെ സന്ദേശവും ദേശീയ ഗാനാലാപനവും നടക്കും. കോർപറേഷനുകളിൽ മേയറും മുനിസിപ്പാലിറ്റികളിൽ ചെയർപേഴ്സണും ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് പ്രസിഡൻ്റുമാണ് ദേശീയ പതാക ഉയർത്തേണ്ടത്. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപനമേധാവി ദേശീയ പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്യും.
കർശന നിർദേശങ്ങൾ
എല്ലാ ആഘോഷപരിപാടികളിലും ഹരിത പ്രോട്ടോക്കോളും മറ്റു നിർദേശങ്ങളും കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥരും സ്ഥാപനമേധാവികളും ഉറപ്പുവരുത്തണം. ദേശീയ പതാക ഉയർത്തുമ്പോൾ 2002ലെ ഭാരതത്തിൻ്റെ പതാകസംഹിതയിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് ആദരസൂചകമായി നിൽക്കണം.
നാഷണൽ സല്യൂട്ട് നൽകുന്ന അവസരങ്ങളിൽ യൂണിഫോമിലുള്ള എല്ലാ ഉദ്യോഗസ്ഥരും നിർബന്ധമായും സല്യൂട്ട് നൽകണം. പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിച്ച ദേശീയ പതാകയുടെ നിർമാണം, വിതരണം, വിൽപന, ഉപയോഗം എന്നിവ സംസ്ഥാനത്ത് പൂർണമായും നിരോധിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ 80-ാം സ്വാതന്ത്ര്യദിനമാണ് ഇത്തവണ വിപുലമായി ആഘോഷിക്കുന്നത്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തുടനീളം മികച്ച ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. തലസ്ഥാന നഗരിയിലുൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR