Enter your Email Address to subscribe to our newsletters

Thiruvananthapuram, 15 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്ത് ജിഎസ്ടി വെട്ടിപ്പും നികുതി വരുമാന ചോർച്ചയും കണ്ടെത്താൻ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മെസി വിവാദത്തിലെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. ലയണൽ മെസിയെയും അർജൻ്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ നികുതി വെട്ടിപ്പ് ആരോപണമാണ് പ്രധാനമായും അന്വേഷണ പരിധിയിൽ വരുന്നത്. സ്വകാര്യ സ്ഥാപനമായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനെതിരെ (ആർബിസി) ലഭിച്ച പരാതിയും സംഘം പരിശോധിക്കും.
മെസി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, സേവനങ്ങൾ, പണമിടപാടുകൾ എന്നിവയും അവയ്ക്ക് ബാധകമായ ജിഎസ്ടി സംബന്ധിച്ച രേഖകളും അന്വേഷണ സംഘം പരിശോധിക്കും. ഇടപാടുകൾ യഥാർഥ സ്വഭാവത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടോയെന്നും നികുതി ബാധ്യത കൃത്യമായി കണക്കാക്കി അടച്ചിട്ടുണ്ടോയെന്നും സംഘം വിലയിരുത്തും. പണമിടപാടുകൾക്ക് അനുബന്ധ രേഖകളുണ്ടോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കും.
പരാതിപ്രവാഹത്തിന് പിന്നാലെ എസ്ഐടി
മുഖ്യമന്ത്രി വിഡി സതീശൻ്റെ ഓഫിസിൽ ലഭിച്ച പരാതികൾക്കും മാധ്യമ റിപ്പോർട്ടുകൾക്കും പിന്നാലെയാണ് സംസ്ഥാനത്തെ ജിഎസ്ടി വെട്ടിപ്പും നികുതി ചോർച്ചയും കണ്ടെത്താൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വൻതോതിലുള്ള നികുതി വെട്ടിപ്പ് കണ്ടെത്തുക, പണമിടപാടുകളുടെ ഉറവിടവും പണമൊഴുക്കും പരിശോധിക്കുക, നികുതി വെട്ടിപ്പിന് പിന്നിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി നടപടി സ്വീകരിക്കുക എന്നിവയാണ് സംഘത്തിൻ്റെ പ്രധാന ചുമതല.
ഡെപ്യൂട്ടി കമ്മിഷണർ ബ്രിജേഷ് സിയുടെ നേതൃത്വത്തിലാണ് എസ്ഐടി പ്രവർത്തിക്കുന്നത്. സ്റ്റേറ്റ് ടാക്സ് ഓഫിസർ കെ റെക്സ് അലക്സ്, അസിസ്റ്റൻ്റ് സ്റ്റേറ്റ് ടാക്സ് ഓഫിസർമാരായ ദിന സിഇ, സുനിൽകുമാർ എൻ, അജീഷ് എച്ച് എന്നിവരാണ് മറ്റ് അംഗങ്ങൾ. ഈ സംഘം തന്നെയാണ് മെസി വിവാദത്തിലെ ജിഎസ്ടി തട്ടിപ്പും അന്വേഷിക്കുന്നത്.
റിപ്പോർട്ടുകൾക്ക് കർശന രഹസ്യസ്വഭാവം
അന്വേഷണ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ എസ്ഐടി കർശന രഹസ്യസ്വഭാവം പാലിക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ശേഖരിക്കുന്ന രേഖകളും വിവരങ്ങളും പരിശോധിച്ച് സംഘം വിശദമായ റിപ്പോർട്ട് തയാറാക്കും. സംസ്ഥാന ജിഎസ്ടി കമ്മിഷണർ മുഖേന മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. നികുതി വെട്ടിപ്പ്, വരുമാന നഷ്ടം, ഉദ്യോഗസ്ഥരുടെ വീഴ്ച, ക്രമക്കേട് എന്നിവ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാർ നീക്കം. സംസ്ഥാനത്തിൻ്റെ നികുതി വരുമാനം സംരക്ഷിക്കുന്നതിനും വലിയ സാമ്പത്തിക ക്രമക്കേടുകൾ നേരത്തെ കണ്ടെത്തുന്നതിനുമുള്ള നിർണായക ഇടപെടലായാണ് പുതിയ അന്വേഷണ സംവിധാനത്തെ സർക്കാർ കാണുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസിലൂടെയും മാധ്യമങ്ങളിലൂടെയും മറ്റ് സ്രോതസുകളിലൂടെയും ഗൗരവമുള്ള നിരവധി പരാതികൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടതായി എസ്ഐടി രൂപീകരിച്ചുള്ള ഉത്തരവിൽ വ്യക്തമാക്കുന്നു. വലിയ തോതിലുള്ള നികുതി വെട്ടിപ്പ് തുടർന്നാൽ സംസ്ഥാന ഖജനാവിന് ഗണ്യമായ വരുമാന നഷ്ടമുണ്ടാകുമെന്നും നിയമാനുസൃതമായി നികുതി അടയ്ക്കുന്നവരുടെ ആത്മവിശ്വാസത്തെ ഇത് ബാധിക്കുമെന്നും സർക്കാർ വിലയിരുത്തുന്നു. ഇത്തരം പരാതികളിൽ അന്വേഷണം നീണ്ടുപോകാതെ യുദ്ധകാലാടിസ്ഥാനത്തിൽ സമയബന്ധിതമായി പൂർത്തിയാക്കാനാണ് സംഘത്തിന് നൽകിയിട്ടുള്ള നിർദേശം. പ്രാഥമിക പരിശോധനയ്ക്ക് പുറമെ ആവശ്യമായിടത്ത് സാമ്പത്തിക ഇടപാടുകളുടെ വിശദമായ പരിശോധനയും കുറ്റക്കാർക്കെതിരായ തുടർനടപടികൾക്കായുള്ള റിപ്പോർട്ടും എസ്ഐടി തയാറാക്കും.
ബാങ്കുകളിലേക്കും അന്വേഷണം നീളും
നികുതി വെട്ടിപ്പിന് പിന്നിലെ പണമൊഴുക്ക് കണ്ടെത്താൻ എസ്ഐടിക്ക് വിപുലമായ അന്വേഷണാധികാരങ്ങളാണ് നൽകിയിട്ടുള്ളത്. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, നിയമപരമായ അധികാരമുള്ള മറ്റ് സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, ലോജിസ്റ്റിക്സ് ഓപ്പറേറ്റർമാർ തുടങ്ങിയവയിൽനിന്ന് ആവശ്യമായ വിവരങ്ങളും രേഖകളും ശേഖരിക്കാം. അന്വേഷണവിധേയരായ നികുതിദായകരുടെ ഫയലുകൾ, അക്കൗണ്ടുകൾ, രജിസ്റ്ററുകൾ, ഇ-വേ ബില്ലുകൾ, നികുതി റിട്ടേണുകൾ, ബാങ്ക് സ്റ്റേറ്റ്മെൻ്റുകൾ തുടങ്ങിയ രേഖകൾ പരിശോധിക്കും. ഭൗതികമായോ ഇലക്ട്രോണിക് രൂപത്തിലോ ലഭ്യമായ രേഖകൾ പരിശോധിക്കാനും പകർപ്പുകൾ ശേഖരിക്കാനും സംഘത്തിന് അധികാരമുണ്ട്. ബന്ധപ്പെട്ട ജിഎസ്ടി ഓഫിസുകളിലും മറ്റ് സർക്കാർ ഓഫിസുകളിലും സൂക്ഷിച്ചിട്ടുള്ള രേഖകൾ ആവശ്യപ്പെടാം. വിവരങ്ങൾ കൈവശമുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും വിവരങ്ങൾ തേടാനും എസ്ഐടിക്ക് കഴിയും.
നാലരക്കോടി തിരിച്ചുനൽകിയതിലും അന്വേഷണം
എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽനിന്ന് ജിഎസ്ടി വകുപ്പ് പിടിച്ചെടുത്ത നാലരക്കോടി രൂപ പിന്നീട് സ്ഥാപനത്തിന് തിരിച്ചുനൽകിയ സംഭവവും എസ്ഐടി അന്വേഷിക്കും. ഇത്രയും വലിയ തുക പിടിച്ചെടുത്തശേഷം ഏത് സാഹചര്യത്തിലാണ് വിട്ടുനൽകിയതെന്നും ഇതിന് ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചിരുന്നോയെന്നും പരിശോധിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്ഥാപനവുമായി ഒത്തുകളിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. പിടിച്ചെടുത്ത പണം പിന്നീട് സ്ഥാപനത്തിൻ്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് തിരിച്ചുനൽകിയത്. കണക്കിൽപ്പെടാത്തതോ സംശയാസ്പദമായതോ ആയ പണമാണെന്ന നിലയിൽ പിടിച്ചെടുത്ത തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതിലൂടെ പിന്നീട് നിയമാനുസൃത ബാങ്കിങ് ഇടപാടായി മാറിയ സാഹചര്യമുണ്ടായോ എന്നതും പരിശോധിക്കും. പണം പിടിച്ചെടുത്തതിൻ്റെ കാരണം, തുടർനടപടികൾ, തുക വിട്ടുനൽകാൻ സ്വീകരിച്ച തീരുമാനം, ഇതിന് പിന്നിലെ രേഖകൾ, ഉദ്യോഗസ്ഥരുടെ ഇടപെടൽ എന്നിവയെല്ലാം എസ്ഐടി പരിശോധനയ്ക്ക് വിധേയമാക്കും.
ലക്ഷ്യം നികുതി ചോർച്ച തടയൽ
ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ പല ഘട്ടങ്ങളിലായി വിവിധ ഓഫിസുകളിൽ കൈകാര്യം ചെയ്യപ്പെടുന്നതിന് പകരം ഗൗരവമുള്ള പരാതികളിൽ കേന്ദ്രീകൃതവും വേഗത്തിലുള്ളതുമായ അന്വേഷണം ഉറപ്പാക്കുകയാണ് എസ്ഐടി രൂപീകരണത്തിൻ്റെ ലക്ഷ്യം. നികുതി വെട്ടിപ്പിലൂടെ സർക്കാരിന് ഉണ്ടാകുന്ന വരുമാന നഷ്ടം കണ്ടെത്തുന്നതിനൊപ്പം പരിശോധനകളിലും അന്വേഷണങ്ങളിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളോ ക്രമക്കേടുകളോ കണ്ടെത്താനും നീക്കമുണ്ട്. പ്രതിപക്ഷത്തായിരുന്ന കാലത്ത് ജിഎസ്ടി വെട്ടിപ്പും സംസ്ഥാനത്തിൻ്റെ നികുതി വരുമാന ചോർച്ചയും സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രി വിഡി സതീശൻ നിരന്തരം ഉന്നയിച്ചിരുന്നതായി ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ധനകാര്യ വകുപ്പിൻ്റെ ചുമതല കൂടി വഹിക്കുന്ന സാഹചര്യത്തിൽ ഇത്തരം പരാതികളുടെ പരിശോധനയ്ക്ക് അദ്ദേഹം പ്രത്യേക മുൻഗണന നൽകുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR