സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണം: മന്ത്രി എൻ ഷംസുദ്ദീൻ
Palakkad, 15 ഓഗസ്റ്റ് (H.S.) സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ഭരണഘടനാമൂല്യങ്ങളും തത്വങ്ങളും തലമുറകളിലേക്ക് കൈമാറി രാജ്യത്തെ ഐക്യവും അഖണ്ഡതയും നിലനിർത്തുക ഓരോ പൗരന്റെയും ഉത്തരവാദിത
N SHAMSUDHEEN CONTROVERSY


Palakkad, 15 ഓഗസ്റ്റ് (H.S.)

സ്വാതന്ത്ര്യത്തിന്റെ കരുത്ത് യുവത ഏറ്റെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ഭരണഘടനാമൂല്യങ്ങളും തത്വങ്ങളും തലമുറകളിലേക്ക് കൈമാറി രാജ്യത്തെ ഐക്യവും അഖണ്ഡതയും നിലനിർത്തുക ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടമൈതാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രത്തിലും സാങ്കേതിക വളർച്ചയിലും ഇന്ത്യ ഏറെ മുന്നിലാണ്. അനുദിനം മുന്നേറുന്ന വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ലോകോത്തര നിലവാരത്തിലുള്ള പല കാര്യങ്ങളെയും അഭിമുഖീകരിക്കേണ്ട വിദ്യാർഥികളെ ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രാപ്തരാകണമെന്ന് മന്ത്രി ഓർമിപ്പിച്ചു.

ജനാധിപത്യബോധവും മതേതരത്വവും ഏവരും കാത്തുസൂക്ഷിക്കണം. സാമൂഹികനീതിയിൽ അധിഷ്ഠിതമായി അരികുവത്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തി സമത്വത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ട്പോകുമെന്ന് പ്രതിജ്ഞാബദ്ധരാകണം. നാനാത്വത്തിൽ ഏകത്വം നിലനിർത്തണം. സ്വതന്ത്രമായ ചിന്തകൾക്ക് പ്രസക്തി ഉണ്ടാകണം. വ്യത്യസ്ത ഉപദേശീയതകളിലും മാതൃരാഷ്ട്രമെന്ന നിലയിൽ ഏകമനസ്സോടെ നിലകൊള്ളണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മന്ത്രി വ്യക്തമാക്കി.

രാവിലെ ഒമ്പതിന് ഔദ്യോഗികപരിപാടിക്ക് തുടക്കമായി. ജില്ലാ കലക്ടർ കെ സുധീർ ജില്ലാ പോലീസ് മേധാവി എ അബ്ദുൾ റാഷി എന്നിവർ അഭിവാദ്യം സ്വീകരിച്ചു. പൊലീസ്, എക്സൈസ്, വനം, സ്റ്റുഡന്റ് പോലീസ്, കേരള ഹോം ഗാർഡ്, സിവിൽ ഡിഫൻസ്, അഗ്‌നിരക്ഷാസേന, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയ 26 വിഭാഗങ്ങൾ പരേഡില്‍ അണിനിരന്നു. കാണിക്കമാത, കർണകിയമ്മൻ ഹയർസെക്കൻഡറി സ്കൂളുകളിലെ ബാന്‍ഡ് പ്ലറ്റൂണുകളും പങ്കെടുത്തു.

വാളയാർ സി ഐ കെ ഒ പ്രദീപ്‌, ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ റഫീക്ക് എന്നിവർ പരേഡ് നയിച്ചു. മികച്ച പ്രകടനം നടത്തിയ പ്ലറ്റൂണുകള്‍ക്ക് മന്ത്രി മെമന്റോ സമ്മാനിച്ചു. ഡൽഹി ആർ ഡി ക്യാമ്പ്, തൽസേന ക്യാമ്പ് എന്നിവയിൽ പങ്കെടുത്ത വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. പൂർണമായും ഹരിതച്ചട്ടം പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

രമേശ്‌ പിഷാരടി എം എൽ എ, പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പി സ്മിതേഷ്, എ ഡി എം അബ്ദുൾ ലത്തീഫ്, പാലക്കാട്‌ ആർ ഡി ഒ കെ ദേവകി, ഡെപ്യൂട്ടി കലക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

---------------

Hindusthan Samachar / Sreejith S


Latest News