കേരളത്തിലെ മലയോര മേഖലകളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു
Idukki , 15 ഓഗസ്റ്റ് (H.S.) കേരളത്തിലെ മലയോര മേഖലകളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. കഴിഞ്ഞ 18 വർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനകളുടെ ആക്രമണത്തിൽ 581 പേർ കൊല്ലപ്പെടുകയും 1,200 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി കേ
Human Elephant Conflict Kerala


Idukki , 15 ഓഗസ്റ്റ് (H.S.)

കേരളത്തിലെ മലയോര മേഖലകളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. കഴിഞ്ഞ 18 വർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനകളുടെ ആക്രമണത്തിൽ 581 പേർ കൊല്ലപ്പെടുകയും 1,200 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. പ്രോജക്ട് എലിഫൻ്റ് ഡിവിഷനും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി തയ്യാറാക്കിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

ഇതേ കാലയളവിൽ വിവിധ കാരണങ്ങളാൽ 695 കാട്ടാനകൾ ചരിഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ 469 എണ്ണം സ്വാഭാവിക കാരണങ്ങളാലും 226 എണ്ണം മനുഷ്യ ഇടപെടലുകൾ കാരണവുമാണ് ചരിഞ്ഞത്. മനുഷ്യ ഇടപെടൽ മൂലമുള്ള മരണങ്ങളിൽ 68 ശതമാനത്തിലധികവും അനധികൃത വൈദ്യുത വേലികളിൽ നിന്നും താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈനുകളിൽ നിന്നുമുള്ള ഷോക്കേറ്റാണ്. 154 ആനകളാണ് ഇത്തരത്തിൽ ചരിഞ്ഞത്. പന്നികളെ തുരത്താൻ വയ്ക്കുന്ന വൈദ്യുതി ലൈനുകളും നാടൻ ബോംബുകളും ചതിക്കുഴികളുമാണ് പലപ്പോഴും ആനകളുടെ ജീവനെടുക്കുന്നത്. ട്രെയിൻ തട്ടി 17 ആനകളും വാഹനാപകടങ്ങളിൽ 16 ആനകളും ചരിഞ്ഞു. അക്രമണകാരികളാകുന്ന ഒറ്റയാന്മാരായ കൊമ്പന്മാരാണ് ഇത്തരം അപകടങ്ങളിൽ പെടുന്നതിൽ ഭൂരിഭാഗവും. 88 കൊമ്പന്മാരാണ് ഇത്തരത്തിൽ ചരിഞ്ഞത്.

പ്രധാന സംഘർഷ മേഖലകൾ

സംസ്ഥാനത്തെ 36 ഫോറസ്റ്റ് ഡിവിഷനുകളിൽ നിന്നായി 214ൽ അധികം ഗ്രാമങ്ങൾ കടുത്ത മനുഷ്യ-ആന സംഘർഷം നേരിടുന്നതായി റിപ്പോർട്ട് പറയുന്നു. ഫോറസ്റ്റ് ഡിവിഷനുകളിലെ മനുഷ്യ മരണങ്ങളിൽ നിലമ്പൂർ സൗത്ത് ആണ് മുന്നിൽ. ഇവിടെ 78 പേർ കൊല്ലപ്പെട്ടു. മണ്ണാർക്കാട് 64, പാലക്കാട് 57, മാങ്കുളം 57, മൂന്നാർ 50, പെരിയാർ ഈസ്റ്റ് 42 എന്നിങ്ങനെയാണ് മറ്റ് ഡിവിഷനുകളിലെ മരണനിരക്ക്. ആനകളുടെ അസ്വാഭാവിക മരണം കൂടുതൽ നടന്നത് മണ്ണാർക്കാട് ആണ്. ഇവിടെ 25 ആനകൾ ചരിഞ്ഞു. മൂന്നാർ 19, മാങ്കുളം 18, കോതമംഗലം 16, മലയാറ്റൂർ 15, കോന്നി 13, വയനാട് സൗത്ത് 12, ചാലക്കുടി 12 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. കണ്ണൻ ദേവൻ ഹിൽസ്, കുറ്റമ്പുഴ, ചിറ്റാർ, മാങ്കുളം, പടവയൽ, പീച്ചി തുടങ്ങിയ ഗ്രാമങ്ങൾ അതീവ ജാഗ്രതാ മേഖലകളാണ്.

സംഘർഷത്തിന് പിന്നിലെ കാരണങ്ങൾആവാസവ്യവസ്ഥയുടെ ശോഷണവും അധിനിവേശ സസ്യങ്ങളുമാണ് പ്രധാന വില്ലൻ. കാടുകളിൽ സ്വാഭാവിക തീറ്റപ്പുല്ലുകൾ കുറയുകയും മഞ്ഞക്കൊന്ന, കൊങ്ങിണിപ്പൂവ്, യൂപ്പറ്റോറിയം തുടങ്ങിയ അധിനിവേശ സസ്യങ്ങൾ വ്യാപകമായി പടർന്നുപിടിക്കുകയും ചെയ്തത് ആനകളെ തീറ്റതേടി നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നു. റോഡുകൾ, റെയിൽപാതകൾ, റിസോർട്ടുകൾ, ക്വാറികൾ, വൻകിട നിർമാണങ്ങൾ എന്നിവ ആനകളുടെ പരമ്പരാഗത സഞ്ചാരപാതകളെ മുറിച്ചുമാറ്റി. വനാതിർത്തികളിൽ വ്യാപകമായി കൃഷി ചെയ്യുന്ന വാഴ, തെങ്ങ്, അടയ്ക്ക, കൈതച്ചക്ക, ചക്ക തുടങ്ങിയ പോഷകസമൃദ്ധമായ വിളകൾ കാട്ടാനകളെ ആകർഷിക്കുന്നുണ്ട്. മഴക്കുറവും വേനൽക്കാലത്ത് കാടുകളിലെ ജലസ്രോതസ്സുകൾ വറ്റുന്നതും ആനക്കൂട്ടങ്ങളെ കാടിറങ്ങാൻ നിർബന്ധിതരാക്കുന്നു.

പ്രതിരോധത്തിന് ആയിരം കോടിയുടെ പദ്ധതി

മനുഷ്യ-വന്യജീവി സംഘർഷത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിൻ്റെ മാതൃകയിൽ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ദക്ഷിണേന്ത്യൻ മേഖലയ്ക്കായി 999.87 കോടി രൂപയുടെ സമഗ്ര റീജിയണൽ ആക്ഷൻ പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിഭാവനം ചെയ്തിട്ടുണ്ട്. ഇതിൽ 50 ശതമാനം തുക കേന്ദ്ര സഹായത്തോടെ നടപ്പാക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത കാമറകൾ, തെർമൽ ഡ്രോണുകൾ, വൈൽഡ് വാച്ച് ആപ്പ്, വാളയാർ-മധുക്കരൈ മോഡൽ റെയിൽവേ മുന്നറിയിപ്പ് സംവിധാനം എന്നിവ വിപുലീകരിക്കാൻ നിർദേശമുണ്ട്.ജനവാസമേഖലകളെ സംരക്ഷിക്കാൻ ഹാങ്ങിങ് സോളാർ ഫെൻസിങ്, റെയിൽവേ പാളങ്ങൾ കൊണ്ടുള്ള ബാരിക്കേഡുകൾ എന്നിവ സജ്ജമാക്കും. വനത്തിനുള്ളിൽ കുളങ്ങളും തടയണകളും നിർമിച്ച് സ്വാഭാവിക തീറ്റപ്പുല്ല് വച്ചുപിടിപ്പിച്ച് കാടിനുള്ളിൽ തന്നെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തും. റാപ്പിഡ് റെസ്പോൺസ് ടീം, പ്രൈമറി റെസ്പോൺസ് ടീം, ജനജാഗ്രതാ സമിതികൾ എന്നിവ കൂടുതൽ ശക്തമാക്കും. വിളനാശത്തിനും ജീവഹാനിക്കും നൽകുന്ന നഷ്ടപരിഹാര വിതരണം പൂർണമായും ഓൺലൈൻ ആക്കി ഡിബിടി വഴി വേഗത്തിലാക്കാനും പദ്ധതിയുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News