ഇടുക്കിയിൽ ലഹരി ആസക്തിയിൽ മാതാപിതാക്കളെ മകൻ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തി.
Idukki, 15 ഓഗസ്റ്റ് (H.S.) ലഹരി ആസക്തിയിൽ മാതാപിതാക്കളെ മകൻ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തി. എഴുകുംവയലിൽ വെള്ളിയാഴ്ച രാത്രി 9:30 ഓടെയാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. പാറത്തറയില് ആൻ്റണി(59), വത്സമ്മ(55) എന്നിവരെയാണ് മകന് അജീഷ് (26) വെട
Murder case


Idukki, 15 ഓഗസ്റ്റ് (H.S.)

ലഹരി ആസക്തിയിൽ മാതാപിതാക്കളെ മകൻ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തി. എഴുകുംവയലിൽ വെള്ളിയാഴ്ച രാത്രി 9:30 ഓടെയാണ് നാടിനെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. പാറത്തറയില് ആൻ്റണി(59), വത്സമ്മ(55) എന്നിവരെയാണ് മകന് അജീഷ് (26) വെട്ടി കൊലപ്പെടുത്തിയത്. പ്രതി കടുത്ത ലഹരിക്ക് അടിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതി അജീഷിനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

ലഹരിയിലായിരുന്ന അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും തുടർന്ന് കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ഇരുവരെയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രതി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഈ ദൃശ്യങ്ങൾ ഇടവക വികാരിക്ക് കൈമാറുകയും വിവരം ഉടൻ തന്നെ നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയുമായിരുന്നു.

നാട്ടുകാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃദദേഹങ്ങൾ. രക്തം പുരണ്ട കത്തിയുമായി വീടിനു മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിൽക്കുകയായിരുന്നു പ്രതി അജീഷ്. നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ആരെയും വീടിനുള്ളിലേക്ക് കയറാൻ പ്രതി അനുവദിച്ചതുമില്ല. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.

മാതാപിതാക്കളുടെ ശരീരത്തിൽ നിരവധി വെട്ടുകളും കുത്തുകളുമേറ്റിട്ടുണ്ട്. ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ വീടിനുള്ളിൽ കിടന്നത്. അക്രമത്തിനിടെ അജീഷിൻ്റെ കൈയ്ക്കും പരിക്കേറ്റു. പ്രതിക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

ലഹരി ഉപയോഗവും മുൻകാല പശ്ചാത്തലവും

സ്ഥിരമായി മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിക്കുന്ന അജീഷ് വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ലഹരിമുക്തിക്കായി അജീഷിനെ അടുത്തിടെ ഡീ-അഡിക്ഷൻ സെൻ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും വീണ്ടും ലഹരി ഉപയോഗത്തിലേക്ക് തിരിയുകയായിരുന്നു. കൊല്ലപ്പെട്ട ദമ്പതികളുടെ മറ്റൊരു മകൻ വിദേശത്താണ്.

സംഭവം നടന്ന വീട് പൊലീസ് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. ഇന്ന് രാവിലെ ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. ഇതിനുശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News