രാജ്യം എൺപതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ വിപുലമായ പരേഡും വർണാഭമായ ചടങ്ങുകളും സംഘടിപ്പിച്ചു.
Ernakulam , 15 ഓഗസ്റ്റ് (H.S.) രാജ്യം 80-ാമത് സ്വാതന്ത്ര്യദിനത്തിൻ്റെ നിറവിലാണ്. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ വിപുലമായ പരേഡും വർണാഭമായ ചടങ്ങുകളും സംഘടിപ്പിച്ചു. ജില്ലകളിലെ പ്രധാന പരേഡ് ഗ്രൗണ്ടുകളിൽ നടന്ന ചടങ്ങുകളിൽ മന്ത്രിമാർ ദേശീയപതാ
Independence day celebration


Ernakulam , 15 ഓഗസ്റ്റ് (H.S.)

രാജ്യം 80-ാമത് സ്വാതന്ത്ര്യദിനത്തിൻ്റെ നിറവിലാണ്. ഇതിൻ്റെ ഭാഗമായി വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ വിപുലമായ പരേഡും വർണാഭമായ ചടങ്ങുകളും സംഘടിപ്പിച്ചു. ജില്ലകളിലെ പ്രധാന പരേഡ് ഗ്രൗണ്ടുകളിൽ നടന്ന ചടങ്ങുകളിൽ മന്ത്രിമാർ ദേശീയപതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. രാവിലെ 8.30 ഓടെ വിവിധ സേനാവിഭാഗങ്ങള് അണിനിരന്ന പരേഡ് പ്രധാന ഗ്രൗണ്ടുകളിൽ എത്തിച്ചേർന്നു. 8.40-ഓടെ പരേഡ് അണിനിരക്കുകയും തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ജില്ലാ കലക്ടറുടെയും നേതൃത്വത്തിൽ പരേഡിൻ്റെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു.

കണ്ണൂരിൽ പതാക ഉയർത്തി വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്

കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്ന ജില്ലാതല ചടങ്ങിൽ വിശിഷ്ടാതിഥിയായ വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ് രാവിലെ 8.58-ഓടെ പരേഡ് ഗ്രൗണ്ടിൽ എത്തിച്ചേർന്നു. തുടർന്ന് പരേഡിൻ്റെ ജനറൽ സല്യൂട്ട് സ്വീകരിച്ച ശേഷം കൃത്യം 9 മണിക്ക് മന്ത്രി ദേശീയപതാക ഉയർത്തി. പതാക ഉയർത്തലിനു ശേഷം പരേഡ് വന്ദനം (സല്യൂട്ട്) നൽകി. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി ജീവൻ അർപ്പിച്ച ധീര രക്തസാക്ഷികളുടെ ഓർമകൾ പുതുക്കുന്ന നിമിഷമാണിതെന്നും ഭരണഘടനാ മൂല്യങ്ങളും ഐക്യവും കാത്തുസൂക്ഷിച്ച് നാടിൻ്റെ പുരോഗതിക്കായി നാം ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. തുടർന്ന് പരേഡ് കമാൻഡറുടെ അകമ്പടിയോടെ മന്ത്രി പരേഡ് സന്ദർശിക്കുകയും പരിശോധിക്കുകയും ചെയ്തു. വിവിധ പൊലീസ് സേനാവിഭാഗങ്ങൾ, എക്സൈസ്, അഗ്നിരക്ഷാ സേന, ഫോറസ്റ്റ് വകുപ്പുകൾ, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്, ജൂനിയർ റെഡ് ക്രോസ് എന്നിവരുൾപ്പെടെ 24 പ്ലാറ്റൂണുകളാണ് കണ്ണൂരിൽ പരേഡിൽ അണിനിരന്നത്. സ്വാതന്ത്ര്യദിന സന്ദേശം നൽകിയ ശേഷം മികച്ച പ്ലാറ്റൂണുകൾക്കുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്തു.

കോഴിക്കോട്ട് പതാകയുയർത്തി മന്ത്രി ബിന്ദു കൃഷ്ണ

കോഴിക്കോട് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനത്ത് നടന്ന ചടങ്ങിൽ തൊഴിൽ, മൃഗസംരക്ഷണം, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ദേശീയപതാക ഉയർത്തി. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെ മനോഹരമായ പരേഡ് അരങ്ങേറി. എക്സൈസ്, അഗ്നിരക്ഷാ സേന, ഫോറസ്റ്റ് വകുപ്പുകൾ, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ഉൾപ്പെടെ 22 പ്ലാറ്റൂണുകളാണ് ഇവിടെ പരേഡിൽ അണിനിരന്നത്. കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവിയും ഡിഐജിയും, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയും, ജില്ലാ കലക്ടറും പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. പരേഡ് കമാൻഡറുടെ അകമ്പടിയോടെ മന്ത്രി പരേഡ് പരിശോധിച്ചു. സ്വാതന്ത്ര്യദിന സന്ദേശം നൽകിയ ശേഷം മികച്ച പ്ലാറ്റൂണുകൾക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വർണാഭമായ കലാപരിപാടികളും അരങ്ങേറി.

ദേശീയഗാനത്തിനിടെ വന്ദേമാതരം; കോഴിക്കോട്ട് പ്രതിഷേധം

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷനിൽ സംഘടിപ്പിച്ച ഔദ്യോഗിക പതാക ഉയർത്തൽ ചടങ്ങിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറി. മേയറുടെ നേതൃത്വത്തിൽ ദേശീയഗാനമായ 'ജനഗണമന' ആലപിച്ചപ്പോൾ, ബിജെപി കൗൺസിലർമാർ ഒരേസമയം സമാന്തരമായി 'വന്ദേമാതരം' ആലപിക്കുകയായിരുന്നു. രണ്ട് ഗാനങ്ങളും ഒരേസമയം കൗൺസിലർമാർ ചേരിതിരിഞ്ഞ് പാടിയത് ഔദ്യോഗിക ചടങ്ങിനെ അസ്വസ്ഥമാക്കുകയും പരിപാടിയുടെ ശോഭ കെടുത്തുകയും ചെയ്തു. മേയറും മറ്റു കൗൺസിലർമാരും ദേശീയഗാനാലപനം പൂർത്തിയാക്കിയ ശേഷവും ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലാപനം തുടർന്നു. ദേശീയഗാനത്തോടും ദേശീയഗീതത്തോടുമുള്ള ഗുരുതരമായ അനാദരവാണ് ചടങ്ങിൽ ഉണ്ടായതെന്ന് ഭരണപക്ഷ കൗൺസിലർമാർക്കിടയിൽ നിന്ന് കടുത്ത വിമർശനമുയർന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ സംസ്ഥാനത്ത് ദേശീയഗാനം മാത്രം മതിയെന്നും സർക്കുലർ പ്രകാരമുള്ള ചട്ടങ്ങൾ പാലിക്കണമെന്നും സർക്കാർ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ബിജെപി കൗൺസിലർമാർ കോർപ്പറേഷൻ ഓഫീസിലെ ആഘോഷത്തിനിടെ വന്ദേമാതരവുമായി മുന്നോട്ട് വന്നത്. സംഭവം കൗൺസിലർമാർക്കിടയിൽ വൻ വാക് തർക്കത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

കാസർകോട്ട് പതാക ഉയർത്തി മന്ത്രി കെ എം ഷാജി

കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരേഡിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ എം ഷാജി ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് നടത്തിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ, വിയോജിപ്പുകളോടുള്ള അസഹിഷ്ണുതയാണ് ഇന്നത്തെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെ ബഹുമാനിക്കൽ കൂടിയാണ് അഹിംസയെന്ന ഗാന്ധിജിയുടെ വാക്ക് ഓർമിപ്പിച്ച അദ്ദേഹം, എതിരാളിയെ ബഹുമാനിച്ച ഗാന്ധിജിയെയും വിമർശനങ്ങൾ സ്വാഗതം ചെയ്ത ജവഹർലാൽ നെഹ്റുവിനെയും മാതൃകയാക്കണമെന്നും കൂട്ടിച്ചേർത്തു. കാസർകോടിൻ്റെ വികസന മുന്നേറ്റങ്ങളെയും എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നൽകുന്ന മുൻഗണനയെയും കുറിച്ചും മന്ത്രി സംസാരിച്ചു. ചടങ്ങിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പൊലീസ് മേധാവി പി നിതിൻ രാജ് എന്നിവർ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ കല്ലട്ര മാഹിൻ, എകെഎം. അഷറഫ്, കെ നീലകണ്ഠൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം, വൈസ് പ്രസിഡൻ്റ് കെ കെ സോയ, കാസർകോട് മുൻസിപ്പൽ ചെയർപേഴ്സൺ ഷാഹിന സലാം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

കൊച്ചി നാവിക സേനാ ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം

കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില് ഐഎൻഎസ് ഗരുഡയിൽ നടന്ന ചടങ്ങിൽ ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന ദേശീയപതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് അദ്ദേഹം പരേഡ് പരിശോധന നടത്തിയത്.

നാവികസേന ഇന്ന് ആഗോളതലത്തിൽ സങ്കീർണമായ സമുദ്രമേഖലകളിൽ സാന്നിധ്യമുള്ള 'ബ്ലൂ വാട്ടർ' സേനയായി വളർന്നുവെന്ന് പരേഡിനെ അഭിസംബോധന ചെയ്ത അദ്ദേഹം പറഞ്ഞു. കൃത്രിമബുദ്ധി (AI) ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ പരിശീലനത്തിൽ ഉൾപ്പെടുത്തി ഭാവി സമുദ്ര സുരക്ഷാ വെല്ലുവിളികൾ നേരിടാൻ സേന സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി തീരത്തെ നാവികസേനാ കപ്പലുകളെല്ലാം സിഗ്നൽ പതാകകളാൽ അലങ്കരിച്ചിരുന്നു.

തൃശൂരിൽ ബിജെപിയുടെ സമാന്തര ആഘോഷം; രൂക്ഷവിമർശനവുമായി മന്ത്രി

തൃശൂർ തേക്കിൻകാട് മൈതാനത്ത് ജില്ലാതല സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കവെ, ബിജെപി പ്രവർത്തകർ തെക്കേഗോപുര നടയിൽ പതാക ഉയർത്തി സമാന്തരമായി വന്ദേമാതരം ആലപിച്ചു. വന്ദേമാതരം പൂർണമായി ചൊല്ലാത്തവർക്കെതിരെയുള്ള പ്രതിഷേധമാണിതെന്ന് ബിജെപി വ്യക്തമാക്കി. എന്നാൽ, സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലാത്തതിനാലാണ് അവർക്കത് പ്രതിഷേധ ദിനമായി തോന്നുന്നതെന്നും വന്ദേമാതരം തെറ്റാതെ ചൊല്ലാനെങ്കിലും ബിജെപി ശ്രദ്ധിക്കണമായിരുന്നുവെന്നും മന്ത്രി ഒ ജെ ജനീഷ് പരിഹസിച്ചു.

ആലപ്പുഴയിൽ മന്ത്രി എം ലിജു പതാക ഉയർത്തി

ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു ദേശീയപതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യയുടെ യുവത്വം രാജ്യത്തിൻ്റെ ശരിക്കുവേണ്ടി പോരാടുമ്പോൾ രാഷ്ട്രം അവരെ അംഗീകരിക്കുന്നത് വിമർശനങ്ങളെയും സ്വാതന്ത്ര്യത്തെയും ആദരിക്കുന്ന ശക്തമായ ജനാധിപത്യ പാരമ്പര്യം ഉള്ളതുകൊണ്ടാണെന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. ജില്ലാ കലക്ടർ ഷാജി വി. നായർ, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് എന്നിവർ മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് മന്ത്രി പരേഡ് പരിശോധിക്കുകയും 13 പ്ലാറ്റൂണുകളും 6 ബാൻഡ് സംഘങ്ങളും അണിനിരന്ന മാർച്ച് പാസ്റ്റിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. എംഎൽഎമാരായ ജി സുധാകരൻ, എ ഡി തോമസ്, നഗരസഭാ അധ്യക്ഷ മോളി ജേക്കബ് തുടങ്ങിയ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

എറണാകുളത്ത് മന്ത്രി റോജി എം. ജോൺ പതാക ഉയർത്തി

എറണാകുളം കലക്ടറേറ്റ് ഗ്രൗണ്ടിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ദേശീയപതാക ഉയർത്തി. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഏതുവിലകൊടുത്തും സംരക്ഷിക്കണമെന്ന് മന്ത്രി സന്ദേശത്തിൽ ഓർമിപ്പിച്ചു. എറണാകുളം റൂറൽ എസ്പി കെ. സുദർശനൻ, കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാർ, കലക്ടർ ജി. പ്രിയങ്ക എന്നിവർ പങ്കെടുത്തു. വിവിധ സേനാവിഭാഗങ്ങളുടെയും കേഡറ്റുകളുടെയും പരേഡും വിദ്യാർഥികളുടെ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.

വന്ദേമാതര വിവാദം: സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഷോൺ ജോർജ്

വന്ദേമാതരം ആലാപന വിഷയത്തിൽ സംസ്ഥാന സർക്കാർ ജമാഅത്തെ ഇസ്ലാമിയുടെയും ലീഗിൻ്റെയും സമ്മർദ്ദത്തിന് കീഴടങ്ങുകയാണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. ദേശീയ താല്പര്യങ്ങൾക്കും ഫെഡറൽ സംവിധാനങ്ങൾക്കും വിരുദ്ധമായ ഈ നിലപാട് പുതിയ തലമുറയ്ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. രാജ്യത്തെ നിയമം നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും, വിഷയം വർഗീയവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി ശക്തമായ പോരാട്ടം തുടരുമെന്നും കോട്ടയത്ത് അദ്ദേഹം പറഞ്ഞു.

ഭരണഘടന സംരക്ഷിക്കപ്പെടണം: പി സി വിഷ്ണുനാഥ്

ഭരണഘടന മൂല്യങ്ങളെ ഉയര്ത്തിപ്പിടിക്കേണ്ടത് ഏവരുടെയും കടമയും കര്ത്തവ്യവുമാണെന്ന് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. രാജ്യത്തിൻ്റെ അവസരസമത്വത്തിനും തുല്യനീതിക്കും വേണ്ടി ഡോക്ടര് ബി ആര് അംബേദ്ക്കര് നല്കിയ മഹത്തായ ഭരണഘടന സംരക്ഷിക്കപ്പെടണം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തില് ദേശീയ പതാക ഉയര്ത്തി മുഖ്യസന്ദേശം നല്കുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യദിനം ആഘോഷിക്കുക മാത്രമല്ല ഈ കാലയളവില് രാജ്യം ആര്ജിച്ച നേട്ടങ്ങളെ അഭിമാനത്തോടുകൂടി ഓര്ക്കണം. നമ്മുടെ രാജ്യം എവിടെ നിന്നാണ് തുടങ്ങിയത്, എവിടെയാണ് നില്ക്കുന്നത് എന്ന അഭിമാനബോധം ഓരോ ഭാരതീയനും ഉണ്ടാകണം. എന്തിനുവേണ്ടിയാണ് സ്വാതന്ത്ര്യം നേടിയത്, എവിടെ നിന്നാണ് പോരാട്ടങ്ങള് ആരംഭിച്ചത്, എവിടേക്കാണ് ഈ സ്വാതന്ത്ര്യത്തിൻ്റെ അവകാശങ്ങളെ ഇനി കൊണ്ടുപോകേണ്ടത് തുടങ്ങിയ ചിന്തകളെല്ലാം പങ്കുവയ്ക്കുന്ന നിമിഷം കൂടിയാണിന്ന്.

ലോകത്തിന് അതുവരെ പരിചിതമല്ലാതിരുന്ന അഹിംസ എന്ന സമരായുധം ഉപയോഗിച്ചാണ് മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്കിയത്. ഗാന്ധിജി, ജവഹര്ലാല് നെഹ്റു, സര്ദാര് വല്ലഭായ് പട്ടേല്, മൗലാന അബുല് കലാം ആസാദ്, സരോജിനി നായിഡു, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര് ആസാദ് തുടങ്ങിയ ലക്ഷക്കണക്കിന് ധീര ദേശസ്നേഹികള് ജീവനും ജീവിതവും സമര്പ്പിച്ച് സമ്മാനിച്ചതാണ് സ്വാതന്ത്ര്യം.സ്വാതന്ത്ര്യസമരത്തിന് ജില്ല വഹിച്ച പങ്കും മന്ത്രി അനുസ്മരിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News