പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി എം എ ബേബി
Newdelhi, 15 ഓഗസ്റ്റ് (H.S.) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെയും വികസന വാഗ്ദാനങ്ങളെയും പരിഹസിച്ചും കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചും സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. വാഗ്ദാനങ്ങൾ ചൊരിയുന്ന കാര്യത്തി
M A Baby


Newdelhi, 15 ഓഗസ്റ്റ് (H.S.)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെയും വികസന വാഗ്ദാനങ്ങളെയും പരിഹസിച്ചും കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചും സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. വാഗ്ദാനങ്ങൾ ചൊരിയുന്ന കാര്യത്തിൽ അസാധാരണ പ്രതിഭാസമാണ് പ്രധാനമന്ത്രിയെന്നും എന്നാൽ മുൻപ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ട അനുഭവമല്ല രാജ്യത്തെ ജനങ്ങൾക്കുള്ളതെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വർഷത്തിൽ രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുമെന്ന മുൻ വാഗ്ദാനം എന്തായെന്ന് വ്യക്തമാക്കാതെയാണ് ഒരു കോടി യുവാക്കൾക്ക് സൗജന്യ എ ഐ പരിശീലനം നൽകുമെന്ന പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വന്ദേമാതരം നിർബന്ധമാക്കുന്നത് ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ

വന്ദേമാതരം പൂർണ്ണമായി ആലപിക്കുന്നത് നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിന് പിന്നിൽ ധ്രുവീകരണ രാഷ്ട്രീയമാണെന്ന് എം എ ബേബി ആരോപിച്ചു.

വന്ദേമാതരത്തിൻ്റെ ആദ്യത്തെ രണ്ട് വരികൾ അഥവാ പല്ലവിയും അനുപല്ലവിയും രാജ്യം മുഴുവൻ അംഗീകരിക്കുന്നതും മനോഹരവുമാണ്. എന്നാൽ ചില മതവിഭാഗങ്ങൾക്ക് ഉൾക്കൊള്ളാൻ പ്രയാസമുള്ള വരികൾ ഉൾപ്പെടുന്ന ശേഷിക്കുന്ന ഭാഗങ്ങൾ കൂടി ആലപിക്കാൻ ആളുകളെ നിർബന്ധിക്കുകയാണ് ബി ജെ പിയും ആർ എസ് എസും ചെയ്യുന്നത്. പാടിയില്ലെങ്കിൽ തടവുശിക്ഷ നൽകുമെന്നാണ് ഭീഷണി. അദ്ദേഹം പറഞ്ഞു. ദേശീയഗാനമായ 'ജനഗണമന' ആലപിച്ചില്ലെങ്കിൽ പോലും ഇല്ലാത്ത തടവുശിക്ഷയുടെ ഭീഷണി വന്ദേമാതരത്തിൻ്റെ പേരിൽ ഉയർത്തുന്നത് ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്താനും വേട്ടയാടാനുമുള്ള ഗൂഢതന്ത്രമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയവും

വനിതാ സംവരണം മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കുന്നതിലൂടെ രാഷ്ട്രീയ ലാഭമാണ് ബി ജെ പി ലക്ഷ്യമിടുന്നത്. വടക്കൻ സംസ്ഥാനങ്ങളിൽ തങ്ങൾക്ക് അനുകൂലമായി മണ്ഡല അതിർത്തികൾ പുനർനിർണ്ണയിച്ച് പാർലമെൻ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനാണ് ഭരണമുന്നണിയുടെ നീക്കം. ഇതിനെ പ്രതിപക്ഷം ഒന്നടങ്കം എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും രാജ്യത്തെ കോടിക്കണക്കിന് മനുഷ്യർ ഇപ്പോഴും ദാരിദ്ര്യത്തിലും അജ്ഞതയിലുമാണ് ജീവിക്കുന്നത്. ഈ സ്വാതന്ത്ര്യദിനത്തിൽ ജാതി സാമൂഹിക വ്യത്യാസങ്ങളില്ലാത്ത, എല്ലാവർക്കും സാമ്പത്തിക സാമൂഹിക സ്വാതന്ത്ര്യം ഉറപ്പാക്കുന്ന 'ഓണസമാനമായ' ഒരു കാലത്തിനായി ഒന്നിച്ച് പോരാടണമെന്നും സിപിഎം ജനറല് സെക്രട്ടറി ആഹ്വാനം ചെയ്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News