Enter your Email Address to subscribe to our newsletters

Wayanad , 15 ഓഗസ്റ്റ് (H.S.)
സംസ്ഥാനത്തുടനീളം ലഹരി വിപണനക്കാർക്കെതിരെ പൊലീസ് നടപ്പിലാക്കി വരുന്ന 'ഓപ്പറേഷൻ തൂഫാൻ്റെ' ഭാഗമായി വയനാട് ജില്ലയിൽ ലഹരി കേസുകളിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾക്ക് പൊലീസ് തുടക്കം കുറിച്ചു. കേരളം, കർണാടക, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിൽ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ കടുത്ത നടപടികളാണ് പൊലീസും ജില്ലാ ഭരണകൂടവും സ്വീകരിച്ചു വരുന്നത്.
ലഹരി ശൃംഖല പൂർണമായും തകർക്കും: വയനാട് ജില്ലാ പൊലീസ് മേധാവി
ലഹരി വിതരണ ശൃംഖലയിലെ അവസാന ആൾ വരെയുള്ള ചങ്ങല തകർക്കുകയാണ് പൊലീസിൻ്റെ ലക്ഷ്യമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ദേവമനോഹർ ഐപിഎസ് വ്യക്തമാക്കി.
അവസാനം ഇത് ഉപയോഗിക്കുന്ന ആൾ വരെയുള്ള ഒരു വലിയ ചെയിൻ ഇതിനു പിന്നിലുണ്ട്. ആ ഉറവിടം, ഇത് വാങ്ങിച്ചുകൊണ്ട് വരുന്നവർ, വിൽക്കുന്ന റീറ്റെയ്ലേഴ്സ്, അവരിൽ നിന്ന് വാങ്ങുന്നവർ തുടങ്ങി ആ ശൃംഖല പൂർണ്ണമായും നമ്മൾ കണ്ടെത്തുന്നുണ്ട്. ഇതിൽ പങ്കാളിയായിട്ടുള്ള എല്ലാവരെയും നിയമത്തിന് മുന്നിൽ എത്തിച്ച് പ്രതിയാക്കും.
ഡ്രഗ് ട്രാഫിക്കിംഗിൽ പങ്കാളികളായ എല്ലാവരുടെയും സാമ്പത്തിക പശ്ചാത്തലം പൊലീസ് സമഗ്രമായി പരിശോധിച്ചുവരികയാണ്. ഇതിൻ്റെ ഭാഗമായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തിട്ടുണ്ട്. ലഹരി ഇടപാടുകളിലൂടെയും അനധികൃത വരുമാനത്തിലൂടെയും ഇവർ ഏതെങ്കിലും തരത്തിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 9,600-ലേറെ പേർ
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സംസ്ഥാനവ്യാപകമായി കഴിഞ്ഞ ദിവസം മാത്രം 40 കേസുകൾ രജിസ്റ്റർ ചെയ്യുകയും 41 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 8,913 ആയി ഉയർന്നു.
9,612 പേരെയാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ഇതുവരെ 7285 ഗ്രാം MDMA-യും 922 കിലോഗ്രാം കഞ്ചാവും 25 ഗ്രാം കൊക്കെയ്നും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ ചെറിയ അളവിൽ ലഹരി കൈവശം വെച്ചതിന് 12 കേസുകളും, ഇടത്തരം അളവിൽ കൈവശം വെച്ചതിന് 4 കേസുകളും എടുത്തു. കൂടാതെ 27 എൻഡിപിഎസ് ആക്ട് പ്രകാരമുള്ള കേസുകളും കോട്പ (COTPA) നിയമപ്രകാരം 25 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിവരങ്ങൾ നൽകാൻ വാട്സആപ്പ് നമ്പർ
ലഹരി വിൽപനയെയും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് പൊലീസിനെ അറിയിക്കാൻ പ്രത്യേക വാട്സആപ്പ് സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. 9497979794 എന്ന വാട്സആപ്പ് നമ്പറിലേക്ക് വിവരങ്ങൾ സന്ദേശമായി അയക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസിൻ്റെ ലഹരിവിരുദ്ധ നടപടികളോട് പൊതുജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി അഭ്യർത്ഥിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR