തിരുവനന്തപുരം മൃഗശാലയിലേക്ക് അനന്ത് അംബാനിയുടെ 'വൻതാര'യില് നിന്ന് സീബ്രകൾ
Thiruvananthapuram, 15 ഓഗസ്റ്റ് (H.S.) ഓണാവധിക്കാലത്ത് തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദര്ശകര്ക്ക് പുതിയൊരു ആകര്ഷണം കൂടി. ഗുജറാത്തിലെ ഗ്രീന്സ് വൈല്ഡ് ലൈഫ് റെസ്ക്യൂ ആന്ഡ് റീഹാബിലിറ്റേഷന് സെന്ററില് (വന്താര) നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം
Zoo


Thiruvananthapuram, 15 ഓഗസ്റ്റ് (H.S.)

ഓണാവധിക്കാലത്ത് തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദര്ശകര്ക്ക് പുതിയൊരു ആകര്ഷണം കൂടി. ഗുജറാത്തിലെ ഗ്രീന്സ് വൈല്ഡ് ലൈഫ് റെസ്ക്യൂ ആന്ഡ് റീഹാബിലിറ്റേഷന് സെന്ററില് (വന്താര) നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികള് പൂര്ത്തിയായതായി തിരുവനന്തപുരം മൃഗശാല അധികൃതര് അറിയിച്ചു. ഇന്ത്യയിലെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെ ഉടമസ്ഥതയില് ഉള്ളതാണ് വന്താര. വര്ഷങ്ങള്ക്കുശേഷം സീബ്രകളെ വീണ്ടും മൃഗശാലയിലെത്തിക്കാന് കഴിയുന്നത് ഏറെ സന്തോഷകരമാണെന്നും, ഓണത്തോടനുബന്ധിച്ച് സീബ്രകളുടെ സാന്നിധ്യം സന്ദര്ശകര്ക്ക് പ്രത്യേക വിരുന്നാകുമെന്നും മൃഗശാല ഡയറക്ടര് മഞ്ജുളാദേവി പറഞ്ഞു.

2002 ഏപ്രിലില് ചെന്നൈ വണ്ടല്ലൂര് മൃഗശാലയില് നിന്ന് എത്തിച്ച സീത എന്ന സീബ്ര 2017-ല് പ്രായാധിക്യം മൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയില് സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. ഏകദേശം ഒന്പത് വര്ഷത്തിനുശേഷം സീബ്രകള് വീണ്ടും എത്തുന്നത് മൃഗശാലയുടെ വൈവിധ്യത്തിനും സന്ദര്ശക ആകര്ഷണത്തിനും കൂടുതല് ഉണര്വ് നല്കുമെന്ന് ഡയറക്ടര് പറഞ്ഞു.

ഗുജറാത്തിലെ വന്താരയില് നിന്നുള്ള മൂന്നും അഞ്ചും വയസ്സുള്ള സീബ്രകളെയാണ് എത്തിക്കുന്നത്. മൃഗശാല വെറ്ററിനറി സര്ജന് ഡോ. നികേഷ് കിരണ് ഇവയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. പ്രത്യേകം തയ്യാറാക്കിയ അനിമല് ആംബുലന്സില് റോഡുമാര്ഗമാണ് സീബ്രകളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഏകദേശം മൂന്ന് ദിവസം നീളുന്ന യാത്രയില് വെറ്ററിനറി സര്ജന്റെ നേതൃത്വത്തിലുള്ള സംഘം ഇവയെ അനുഗമിക്കും.

സീബ്രകളെ കൊണ്ടുവരുന്നതിന് പകരമായി തിരുവനന്തപുരം മൃഗശാലയില് നിന്ന് ഒരു ആണ് സിംഹവാലന് കുരങ്ങനെയും ഒരു രാജവെമ്പാലയെയും വന്താരയിലേക്ക് നല്കും. മൃഗകൈമാറ്റ നടപടികള് പൂര്ത്തിയാക്കി ഓണാവധി ദിനങ്ങളില് തന്നെ സീബ്രകളെ സന്ദര്ശകര്ക്ക് കാണാന് കഴിയുന്ന വിധത്തിലാണ് ക്രമീകരണങ്ങള് നടത്തുന്നതെന്ന് മൃഗശാല സൂപ്രണ്ട് ടി. വി. അനില് കുമാര് അറിയിച്ചു. നിലവില് തിരുവനന്തപുരം മൃഗശാലയില് മൂന്ന് രാജവെമ്പാലകളാണുള്ളത്. ഇതില് നിന്നാണ് ഒന്നിനെ വന്താരയിലേക്കു നല്കുന്നത്.

തിരുവനന്തപുരത്ത് ആകെ അഞ്ചു സിംഹവാലന് കുരങ്ങുകളാണ് ഉള്ളത്; മൂന്ന് ആൺകുരങ്ങുകളും രണ്ട് പെൺകുരങ്ങുകളും. ഇതില് പ്രായമായ ഒരു ആണ് സിംഹവാലന് കുരങ്ങിനെ വന്താരയ്ക്കു കൈമാറാനാണ് ഇപ്പോള് ആലോചിക്കുന്നതെന്ന് മൃഗശാല വെറ്ററിനറി സര്ജന് നികേഷ് കിരണ് പറഞ്ഞു.

തിരുവനന്തപുരം മൃഗശാലയില് ഒരു ജിറാഫിനെ കൂടി എത്തിക്കാനുള്ള നടപടികള് പുരോഗമിക്കുകയാണെന്ന് മൃഗശാല സൂപ്രണ്ട് ടി. വി. അനില്കുമാര് പറഞ്ഞു. ഇന്ത്യയിലെ മൃഗശാലകളില് ജിറാഫ് ലഭ്യമല്ലാത്ത സാഹചര്യത്തില് വിദേശ രാജ്യങ്ങളില് നിന്ന് എത്തിക്കാനാണ് ശ്രമം. ഇതിനായി അധികം വൈകാതെ തന്നെ താത്പര്യപത്രം ക്ഷണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം കര്ണാടകയിലെ ഹംപി മൃഗശാലയില് നിന്ന് ഒരു പന്നിക്കരടിയെ എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണെന്ന് സൂപ്രണ്ട് അറിയിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News