Enter your Email Address to subscribe to our newsletters

Thiruvananthapuram, 15 ഓഗസ്റ്റ് (H.S.)
സര്ക്കാര് ജീവനക്കാര്ക്കും എയ്ഡഡ് സ്കൂളിലെ ഉള്പ്പെടെ അധ്യാപകര്ക്കും വി ഡി സതീശന് സര്ക്കാരിൻ്റെ ആദ്യ ബോണസ് പ്രഖ്യാപിച്ചു. 49,275 രൂപ വരെയുള്ള തുകയോ പത്താം ശമ്പള പരിഷ്കരണ സ്കെയിലുകളില് 44,462 രൂപ വരെയുള്ള തുകയോ ഈ വര്ഷം മാര്ച്ച് 31 വരെ ആകെ ശമ്പളമുണ്ടായിരുന്ന ജീവനക്കാര്ക്കും 4,500 രൂപ ബോണസ് അനുവദിച്ചാണ് സര്ക്കാര് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ശമ്പള പരിധിയില് വരുന്ന മന്ത്രിമാരുടെയും സ്പീക്കര്, ഡെപ്യൂട്ടി സ്പീക്കര്, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പെഴ്സണല് സ്റ്റാഫ് അംഗങ്ങള്ക്കും ഈ ബോണസിന് അര്ഹതയുണ്ടായിരിക്കും. കഴിഞ്ഞ തവണ 39,872 രൂപ വരെ ആകെ ശമ്പളം ഉള്ളവർക്കായിരുന്നു 4500 രൂപ ബോണസ്.
2025 ലെ ഓണ അവധിക്കു ശേഷം ജോലിയില് പ്രവേശിച്ച ബോണസിന് അര്ഹതയില്ലാത്ത ജീവനക്കാര്ക്കും മന്ത്രിമാര്, സ്പീക്കര്, ഡെപ്യൂട്ടി സ്പീക്കര്, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പെഴ്സണല് സ്റ്റാഫ് അംഗങ്ങള്ക്കും 3000 രൂപ ഉത്സവ ബത്ത ലഭിക്കും. ബോണസിന് അര്ഹതയില്ലാത്ത സര്ക്കാര് ജീവനക്കാര്ക്കും 3000 രൂപ ഉത്സവ ബത്ത ലഭിക്കും. ഇതിനു പുറമേ സംസ്ഥാനത്തെ എല്ലാ സര്ക്കാര് ജീവനക്കാര്ക്കും ഓണം അഡ്വാന്സ് ആയി 20,000 രൂപ അനുവദിച്ചു. ജീവനക്കാര്ക്കു പുറമേ മന്ത്രിമാരുടെയും സ്പീക്കര്, ഡെപ്യൂട്ടി സ്പീക്കര്, ചീഫ് വിപ്പ് എന്നിവരുടെ പെഴ്സണല് സ്റ്റാഫ് അംഗങ്ങള്ക്കും ഈ അഡ്വാന്സിന് അര്ഹതയുണ്ടായിരിക്കും. ഒക്ടോബര് മാസം മുതലുള്ള ശമ്പളത്തില് നിന്നും അഞ്ച് മാസത്തിലായി തുല്യ ഗഡുക്കളായി തുക തിരിച്ചു പിടിക്കും.
ഏകധ്യാപക വിദ്യാലയങ്ങളിലെയും പെരിപതറ്റിക് വിദ്യാലയങ്ങളിലെയും അധ്യാപകര്, ആയമാര്, വിദ്യാലയങ്ങളിലെ പിടിഎ നടത്തുന്ന ഉച്ച ഭക്ഷണ തൊഴിലാളികള് എന്നിവര്ക്ക് 1,550 രൂപ ഉത്സവ ബത്ത ലഭിക്കും. കൃഷി വകുപ്പിൻ്റെ പട്ടികയിലുള്ള പോളിനേഷന് വര്ക്കര്മാര്, ക്ഷീര വികസന വകുപ്പിലെ കാറ്റില് ഇംപ്രൂവ്മെൻ്റ് അസിസ്റ്റൻ്റുമാര്, പബ്ളിക് കൗണ്സല്, ലൈഫ് ഗാര്ഡുകള്, ഹോംഗാര്ഡുകള് എന്നിവര്ക്ക് 1,460 രൂപ ഉത്സവ ബത്ത ലഭിക്കും. പാര്ട്ട്ടൈം കണ്ടിജൻ്റ് ജീവനക്കാര്, എല്ലാ വകുപ്പുകളിലെയും എന്എംആര്, സിഎല്ആര്, സീസണ് വര്ക്കര്മാര്, കൃഷി ഫാമുകളിലെ സ്ഥിരം വര്ക്കര്മാര്, സര്ക്കാര് വകുപ്പുകളിലെ സ്ഥിരം തൊഴിലാളികള്, കുടുംബാസൂത്രണ വോളണ്ടിയര് വര്ക്കര്മാര്, അംഗനവാടി വര്ക്കര് ഹെല്പ്പര്, മൗണ്ടഡ് പൊലീസിലെ പൊലീസിങ് വിങ്ങിലെ ഗ്രാസ് കട്ടര് തുടങ്ങിയ ജീവനക്കാര്ക്ക് 6000 രൂപ അഡ്വാന്സ് അനുവദിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR