വൈറ്റില ലോക്കല് ഏരിയ പ്ലാനിന്റെ അന്തിമ രൂപരേഖ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കാൻ കൊച്ചി കോർപ്പറേഷൻ കൗണ്സില് തീരുമാനിച്ചു.
Ernakulam , 15 ഓഗസ്റ്റ് (H.S.) വൈറ്റില ലോക്കല് ഏരിയ പ്ലാനിന്റെ അന്തിമ രൂപരേഖ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കാൻ കൊച്ചി കോർപ്പറേഷൻ കൗണ്സില് തീരുമാനിച്ചു. കൊച്ചി നഗരത്തിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗണ്സ
Vytila local area plan


Ernakulam , 15 ഓഗസ്റ്റ് (H.S.)

വൈറ്റില ലോക്കല് ഏരിയ പ്ലാനിന്റെ അന്തിമ രൂപരേഖ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കാൻ കൊച്ചി കോർപ്പറേഷൻ കൗണ്സില് തീരുമാനിച്ചു.

കൊച്ചി നഗരത്തിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗണ്സില് യോഗത്തിലാണ് ഈ തീരുമാനം. വൈറ്റില മെട്രോ സ്റ്റേഷനെ ചുറ്റിപ്പറ്റിയുള്ള 500 മീറ്റർ പരിധിയിലെ ഏകദേശം 105 ഹെക്ടർ പ്രദേശം സമഗ്രമായി വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കോർപ്പറേഷനിലെ 44 മുതല് 48 വരെയുള്ള ഡിവിഷനുകളുടെ ചില ഭാഗങ്ങള് പദ്ധതിയുടെ പരിധിയില് വരും. വൈറ്റില ജംഗ്ഷൻ നവീകരിക്കല്, മേല്പ്പാലം മനോഹരമാക്കല്, വൈറ്റില നോർത്ത് ബസ് സ്റ്റാൻഡ് വികസിപ്പിക്കല്, റോഡിന്റെ വശങ്ങള് മെച്ചപ്പെടുത്തല്, മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ട വികസനം, പ്രത്യേക ഭക്ഷണവീഥി ഒരുക്കല് തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങള്.

പദ്ധതിയുടെ കരട് രൂപരേഖ ഈ വർഷം മാർച്ചില് കൗണ്സിലില് അവതരിപ്പിക്കുകയും ഗസറ്റില് പ്രസിദ്ധീകരിച്ച് പൊതുജനങ്ങളില് നിന്ന് അഭിപ്രായങ്ങള് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് മൂന്ന് നിർദേശങ്ങളാണ് ലഭിച്ചത്. ഈ നിർദേശങ്ങള് പരിഗണിച്ച് കരട് രൂപരേഖയില് ആവശ്യമായ മാറ്റങ്ങള് വരുത്തിയതായി ടൗണ് പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ആവശ്യമായ മാറ്റങ്ങള് ഉള്പ്പെടുത്തിയ ശേഷം അന്തിമ രൂപരേഖ സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി ചീഫ് ടൗണ് പ്ലാനർക്ക് കൈമാറുമെന്നും നസീമ വ്യക്തമാക്കി. ഗതാഗതകേന്ദ്രിത നഗരവികസനം എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് വൈറ്റില ലോക്കല് ഏരിയ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. പ്രാഥമിക സർവേയും വിവിധ വിഭാഗങ്ങളുമായി നടത്തിയ നിരവധി ചർച്ചകളും ഉള്പ്പെടെയുള്ള പ്രവർത്തനങ്ങള്ക്കായി കരട് പദ്ധതി തയ്യാറാക്കുന്നതിന് ഇതുവരെ 33 ലക്ഷം രൂപ ചെലവഴിച്ചു.

ഭാവിയില് കോർപ്പറേഷനിലെ ഓരോ മേഖലയ്ക്കും പ്രത്യേകം വികസന പദ്ധതി തയ്യാറാക്കുമെന്നും സ്റ്റാൻഡിംഗ് കൗണ്സില് അധ്യക്ഷ പറഞ്ഞു. നഗരത്തിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി എല്ഡിഎഫ് ഭരണകാലത്താണ് ലോക്കല് ഏരിയ പ്ലാനിന്റെ പ്രവർത്തനങ്ങള് ആരംഭിച്ചത്.

അതേസമയം, കൊച്ചി നഗരം കൂടുതല് ജനസാന്ദ്രമായി മാറുന്ന സാഹചര്യത്തില്, വികസന പ്രവർത്തനങ്ങള് കൃത്യമായ ഒരു രൂപരേഖയുടെ അടിസ്ഥാനത്തില് ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രദേശത്തിന്റെ പ്രത്യേകതകളും ആവശ്യങ്ങളും കണക്കിലെടുത്തായിരിക്കും വികസന പ്രവർത്തനങ്ങള് തീരുമാനിക്കുക.

ലോക്കല് ഏരിയ പ്ലാൻ വഴി പ്രദേശത്തെ ഭൂമി പരമാവധി കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള കൃത്യമായ രൂപകല്പ്പനയും മാനദണ്ഡങ്ങളും തയ്യാറാക്കും. ഇതിലൂടെ ലഭ്യമായ സ്ഥലത്തിന്റെ സാധ്യതകള് പ്രയോജനപ്പെടുത്തി ഗതാഗതം, പൊതുസൗകര്യങ്ങള്, വാണിജ്യ മേഖലകള്, മറ്റ് നഗര വികസന പ്രവർത്തനങ്ങള് എന്നിവ കൂടുതല് ശാസ്ത്രീയമായി ആസൂത്രണം ചെയ്യാൻ സാധിക്കുമെന്നുമാണ് വിലയിരുത്തല്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News