Enter your Email Address to subscribe to our newsletters

New delhi, 15 ഓഗസ്റ്റ് (H.S.)
എണ്‍പതാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികവും യുവശക്തിയുമാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രധാന പ്രമേയം.
ഔദ്യോഗിക വസതിയില്‍ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ചെങ്കോട്ടയിലേക്ക് എത്തിയത്. പതാക ഉയര്‍ത്തിയതിനൊപ്പം 21 ആചാര വെടികള്‍ മുഴങ്ങി. തുടര്‍ന്ന് വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. ഇതില്‍ ഒരു ഹെലികോപ്റ്റര്‍ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം കുറിക്കുന്ന പതാകയും വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓപ്പറേഷന്‍ സിന്ദൂരിന് സമാനമായ രീതിയിലാണിത്.
ചരിത്രത്തിലാദ്യമായി ഇക്കുറി ചെങ്കോട്ടയില്‍ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിച്ചു. ദേശീയ ഗീതത്തിനും ദേശീയ ഗാനത്തിനും ശേഷമാണ് ം പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. ചെങ്കോട്ടയിലെ ചടങ്ങിലേക്ക് അയ്യായിരത്തോളം പേര്‍ക്കാണ് പ്രത്യേക ക്ഷണം നല്‍കിയിരിക്കുന്നത്. ഇതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1500ഓളം യുവതീയുവാക്കള്‍ പരമ്പരാഗത വേഷത്തില്‍ പങ്കെടുക്കുന്നുണ്ട്. കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അതിഥികളായെത്തി. അതിഥികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ക്ക് ഇന്ത്യയിലെ വിവിധ കായിക ഇനങ്ങളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. കര, നാവിക, വ്യോമ സേനകളുടെയും ഡല്‍ഹി പൊലീസിന്റെയും മാര്‍ച്ചിങ് പാസാണ് ഇപ്പോള്‍ നടക്കുന്നത്.
ം.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിന്റെയും ഇന്നലെയുണ്ടായ ബോംബ് ഭീഷണിയുടെയും പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുപതിനായിരത്തിലധികം പൊലീസുകാരും കേന്ദ്രസേനാ അംഗങ്ങളുമാണ് ഡല്‍ഹിയില്‍ സുരക്ഷയൊരുക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ യുവാക്കളുടെ ശക്തിയും അവര്‍ നല്‍കിയ സംഭാവനകളും ആഘോഷങ്ങളില്‍ നിറഞ്ഞുനില്‍ക്കും. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും യുവജനങ്ങളുടെ പ്രതിഷേധങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം നിര്‍ണായകമാണ്. ഇന്നലെ വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പരീക്ഷകളിലെ സുതാര്യതയെക്കുറിച്ചും യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും സംസാരിച്ചിരുന്നു.
കേരളത്തിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ സേനകളുടെ പരേഡില്‍ അദ്ദേഹം അഭിവാദ്യം സ്വീകരിക്കുകയും മെഡലുകള്‍ വിതരണം ചെയ്യുകയും ചെയ്യും. ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തും. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കില്ല.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ഇറക്കിയ സര്‍ക്കുലര്‍ എല്‍ഡിഎഫ് രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് വന്ദേമാതരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേര്‍ക്കര്‍ പതാക ഉയര്‍ത്തുകയും വന്ദേമാതരം പൂര്‍ണ്ണമായി ആലപിക്കുകയും ചെയ്യും.
---------------
Hindusthan Samachar / Sreejith S