Enter your Email Address to subscribe to our newsletters

Kannur, 15 ഓഗസ്റ്റ് (H.S.)
കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറേറ്റിന് കീഴിൽ സബ് ഇൻസ്പെക്ടർക്ക് ഒന്നര മാസത്തിനിടെ മൂന്ന് തവണ സ്ഥലംമാറ്റം നൽകിയത് സേനയ്ക്കുള്ളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയാകുന്നു. സബ് ഇൻസ്പെക്ടർ പി. ബിജുവിനാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തുടർച്ചയായി ട്രാൻസ്ഫർ ഉത്തരവുകൾ ലഭിച്ചത്. പൊലീസ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവർത്തകനുമായ ഉദ്യോഗസ്ഥനെതിരെയുള്ള ഈ അസാധാരണ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ഇതിനകം ശക്തമായിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മൂന്നിനാണ് പി. ബിജുവിനെ കണ്ണൂർ ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് ചൊക്ലി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി ആദ്യ ഉത്തരവിറങ്ങിയത്. അവിടെ ചുമതലയേറ്റ് ഏതാനും ആഴ്ചകൾ പിന്നിടുമ്പോഴേക്കും, ഈ മാസം ഏഴാം തീയതി ചൊക്ലിയിൽ നിന്ന് ചക്കരക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി രണ്ടാമത്തെ ഉത്തരവെത്തി. എന്നാൽ ചക്കരക്കല്ലിൽ ചുമതലയേറ്റ് ദിവസങ്ങൾ മാത്രം തികയുന്നതിനിടെയാണ് അദ്ദേഹത്തെ വീണ്ടും മാറ്റി പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.
പുതിയ ഉത്തരവ് പ്രകാരം ചക്കരക്കല്ലിൽ നിന്നും കണ്ണൂർ ജില്ലാ അതിർത്തിയിലുള്ള ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്കാണ് ബിജുവിന് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. ഒന്നര മാസത്തെ ചുരുങ്ങിയ കാലയളവിനിടയിൽ ഒരു എസ്.ഐക്ക് ലഭിക്കുന്ന മൂന്നാമത്തെ സ്ഥലംമാറ്റമാണിത്. സാധാരണ ഗതിയിൽ സേനയിൽ ഇത്തരം തുടർച്ചയായ ട്രാൻസ്ഫറുകൾ ഉണ്ടാകാറില്ലെന്നിരിക്കെ, നടപടിയിൽ ദുരൂഹതയുണ്ടെന്ന് സേനയ്ക്കുള്ളിൽ നിന്നും സംസാരമുയരുന്നുണ്ട്.
ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള അച്ചടക്ക ലംഘനങ്ങളോ കൃത്യവിലോപമോ ഉണ്ടായതായി ഔദ്യോഗിക റിപ്പോർട്ടുകളില്ല. എന്നിട്ടും ഭരണാനുകൂല സംഘടനാ നേതാവ് കൂടിയായ ഒരു ഉദ്യോഗസ്ഥനെ അടിക്കടി മാറ്റുന്നതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദങ്ങളുണ്ടെന്നാണ് ഇടതുപക്ഷ സർവീസ് സംഘടനകൾ ആരോപിക്കുന്നത്. ജില്ലാ അതിർത്തി സ്റ്റേഷനിലേക്ക് മാറ്റിയതിൽ പ്രതികാര നടപടിയുടെ സ്വഭാവമുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സേനയുടെ സുഗമമായ പ്രവർത്തനത്തിനും ക്രമസമാധാന പാലനത്തിനുമുള്ള ഭരണപരമായ തീരുമാനങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങളെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒരു സ്റ്റേഷനിൽ കാര്യങ്ങൾ പഠിച്ചുവരുന്നതിനു മുൻപേ വീണ്ടും മാറ്റുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്. സംഭവത്തിൽ വരും ദിവസങ്ങളിൽ സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയേക്കും.
---------------
Hindusthan Samachar / Roshith K