Enter your Email Address to subscribe to our newsletters

Thrissur, 15 ഓഗസ്റ്റ് (H.S.)
പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനും ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഓണം ആഘോഷിക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കുന്നതിനും കൺസ്യൂമർഫെഡിന്റെയും സപ്ലൈകോയുടെയും വിപണി ഇടപെടലുകൾ നിർണായകമാണെന്ന് യൂവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു . സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴിൽ കൺസ്യൂമർഫെഡ് മുഖേന പ്രാഥമിക സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'ഓണം സഹകരണ വിപണി 2026'-ന്റെ ജില്ലാതല ഉദ്ഘാടനം ചേരൂർ ത്രിവേണി സ്റ്റോർ പരിസരത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്സവകാലങ്ങളിൽ പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങളുടെ ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാൻ ഇത്തരം പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങൾ മുഖേന സാധിക്കുന്നുണ്ട്. സഹകരണ സംഘങ്ങളെ കോർത്തിണക്കിക്കൊണ്ട് സബ്സിഡി നിരക്കിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളും, മറ്റു ഉൽപ്പന്നങ്ങൾ 10% മുതൽ 30% വരെ വിലക്കുറവിലും ലഭ്യമാക്കുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പൊതുവിപണിയിലെ കടുത്ത വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ വിപണിയിൽ കാര്യക്ഷമമായി ഇടപെട്ട് ജനങ്ങൾക്ക് ആശ്വാസമേകാൻ സർക്കാരിനും സഹകരണ പ്രസ്ഥാനങ്ങൾക്കും സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജൻ ജെ. പല്ലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ആദ്യവിൽപ്പന നിർവ്വഹിച്ചു. റീജിയണൽ മാനേജർ സത്യൻ വി.കെ. റിപ്പോർട്ട് അവതരിപ്പിച്ചു.
കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വില്ലി ജീജോ, കൺസ്യൂമർഫെഡ് ഡയറക്ടർ സി.എ. ശങ്കരൻകുട്ടി,
ത്രിവേണി മാർക്കറ്റിംഗ് മാനേജർ ദിനേഷ് കുമാർ പി.ആർ. തുടങ്ങിയവർ സംസാരിച്ചു.
നിത്യോപയോഗ സാധനങ്ങൾ വൻ വിലക്കുറവിൽ
ഓണം സഹകരണ വിപണിയിലൂടെ പ്രധാനപ്പെട്ട 13 ഇനം അവശ്യസാധനങ്ങൾ പൊതുവിപണിയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് കൺസ്യൂമർഫെഡ് ജനങ്ങളിലേക്ക് എത്തിക്കുന്നത്:
* അരി വർഗ്ഗങ്ങൾ: കുറുവ, കുത്തരി, ജയ അരി എന്നിവ കിലോയ്ക്ക് 33 രൂപ നിരക്കിലും പച്ചരി കിലോയ്ക്ക് 29 രൂപ നിരക്കിലും ലഭിക്കും.
* പഞ്ചസാര: കിലോയ്ക്ക് 34.65 രൂപ.
* പയർ, പരിപ്പ് വർഗ്ഗങ്ങൾ: ചെറുപയർ കിലോയ്ക്ക് 85 രൂപ, വൻകടല കിലോയ്ക്ക് 63 രൂപ, വൻപയർ കിലോയ്ക്ക് 68 രൂപ, ഉഴുന്ന് കിലോയ്ക്ക് 87 രൂപ, തുവരപ്പരിപ്പ് കിലോയ്ക്ക് 83 രൂപ നിരക്കിലും ലഭ്യമാണ്.
* നെയ്യ്/പാചക കൂട്ടുകൾ: മുളക് കിലോയ്ക്ക് 136.50 രൂപ, മല്ലി (500 ഗ്രാം) 47.25 രൂപ, വെളിച്ചെണ്ണ (500 മില്ലി) 116 രൂപ നിരക്കിലും ലഭ്യമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S