Enter your Email Address to subscribe to our newsletters

New delhi, 15 ഓഗസ്റ്റ് (H.S.)
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങിയത് ചരിത്രനിമിഷമാണെന്ന് മോദി പറഞ്ഞു. 2047-ല്‍ നൂറാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 140 കോടി ജനങ്ങളുടെ കൂട്ടായ പ്രയത്‌നത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കി.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ വന്‍ കുതിച്ചുചാട്ടം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില് നിന്ന് കരകയറ്റാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് വിലയിരുത്തി. പ്രതിരോധ ഉത്പാദനം നാല് മടങ്ങും ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ അഞ്ച് മടങ്ങും വര്‍ധിച്ചു. ഇലക്ട്രോണിക്‌സ് നിര്‍മാണം ഏഴ് മടങ്ങും ആധുനിക റെയില്‍വേ കോച്ചുകളുടെ നിര്‍മാണം 21 മടങ്ങും മൊബൈല്‍ ഫോണ്‍ ഉത്പാദനം 33 മടങ്ങുമാണ് വര്‍ധിച്ചത്. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലും ഡിജിറ്റല്‍ ഇടപാടുകളിലും 100 മടങ്ങ് വര്‍ധനയുണ്ടായി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി മെട്രോ ശൃംഖല വിപുലീകരിക്കുകയും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തു.
സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതില്‍ 15 മടങ്ങും ഗ്യാസ് കണക്ഷനുകളില്‍ ആറ് മടങ്ങും വേഗം കൈവരിച്ചു. പാവപ്പെട്ടവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതില്‍ നാല് മടങ്ങും വീടുകള്‍ നല്‍കുന്നതില്‍ മൂന്ന് മടങ്ങും വേഗത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭരണനിര്‍വഹണത്തിലും വലിയ മാറ്റങ്ങളുണ്ടായി. ആയിരക്കണക്കിന് അനാവശ്യ ചട്ടങ്ങളും പഴയ നിയമങ്ങളും റദ്ദാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ഒപ്പം രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
പധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഔദ്യോഗിക വസതിയില്‍ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ചെങ്കോട്ടയിലേക്ക് എത്തിയത്. പതാക ഉയര്‍ത്തിയതിനൊപ്പം 21 ആചാര വെടികള്‍ മുഴങ്ങി. തുടര്‍ന്ന് വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. ഇതില്‍ ഒരു ഹെലികോപ്റ്റര്‍ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം കുറിക്കുന്ന പതാകയും വഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഓപ്പറേഷന്‍ സിന്ദൂരിന് സമാനമായ രീതിയിലാണിത്.
ചരിത്രത്തിലാദ്യമായി ഇക്കുറി ചെങ്കോട്ടയില്‍ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിച്ചു. ദേശീയ ഗീതത്തിനും ദേശീയ ഗാനത്തിനും ശേഷമാണ് ം പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. ചെങ്കോട്ടയിലെ ചടങ്ങിലേക്ക് അയ്യായിരത്തോളം പേര്‍ക്കാണ് പ്രത്യേക ക്ഷണം നല്‍കിയിരിക്കുന്നത്. ഇതില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1500ഓളം യുവതീയുവാക്കള്‍ പരമ്പരാഗത വേഷത്തില്‍ പങ്കെടുക്കുന്നുണ്ട്. കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അതിഥികളായെത്തി. അതിഥികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ക്ക് ഇന്ത്യയിലെ വിവിധ കായിക ഇനങ്ങളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S