Enter your Email Address to subscribe to our newsletters

Kozhikode, 16 ഓഗസ്റ്റ് (H.S.)
കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ജീവനക്കാരുടെ രൂക്ഷമായ ക്ഷാമവും നേരിടുന്ന കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ മിന്നൽ പരിശോധന. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന സംഘമാണ് ആശുപത്രിയിലെത്തി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തിയത്. അമിക്കസ് ക്യൂറി അഡ്വ. രാംകുമാർ നമ്പ്യാരും ജഡ്ജിമാർക്കൊപ്പമുണ്ടായിരുന്നു.
രാവിലെ 11:30 ഓടെ ആശുപത്രിയിലെത്തിയ ഡിവിഷൻ ബെഞ്ച് വിവിധ വാർഡുകൾ, സെല്ലുകൾ, അടുക്കള, ചികിത്സാ സൗകര്യങ്ങൾ എന്നിവ വിശദമായി പരിശോധിച്ചു. ആശുപത്രിയിലെ അന്തേവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ, സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ, കെട്ടിടങ്ങളുടെ കാലപ്പഴക്കം, ശുചിത്വ നിലവാരം എന്നിവ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു. രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ ഡോക്ടർമാർ, നഴ്സുമാർ, അറ്റൻഡർമാർ, സുരക്ഷാ ജീവനക്കാർ എന്നിവരുടെ കുറവ് സംബന്ധിച്ച വിവരങ്ങൾ അധികൃതരോട് ചോദിച്ചറിഞ്ഞു.
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മതിയായ ജീവനക്കാരോ കൃത്യമായ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്ന മാധ്യമ റിപ്പോർട്ടുകളുടെയും പരാതികളുടെയും പശ്ചാത്തലത്തിലാണ് ഈ നിർണായക സന്ദർശനം. രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും അവകാശ സംരക്ഷണം ഉറപ്പുവരുത്തുക, ദീർഘനാളായി ആശുപത്രികളിൽ കഴിയുന്നവരുടെ പുനരധിവാസം വേഗത്തിലാക്കുക തുടങ്ങിയ വിഷയങ്ങളിൽ ഹൈക്കോടതി കർശനമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആശുപത്രിയിലെ കാലപ്പഴക്കം ചെന്ന ചികിത്സാ ഉപകരണങ്ങളും അടിസ്ഥാനപരമായ സൗകര്യങ്ങളുടെ അഭാവവും കോടതിയുടെ പ്രത്യേക ശ്രദ്ധയിൽപെട്ടു.
സന്ദർശനത്തിന് ശേഷം ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, ആരോഗ്യവകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ, ആശുപത്രി സൂപ്രണ്ട് എന്നിവരുമായി ജഡ്ജിമാർ പ്രത്യേക അവലോകന യോഗം നടത്തി. ആശുപത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാനും അടിയന്തര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനും കോടതി നിർദേശങ്ങൾ നൽകി.
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പരിതാപകരമായ അവസ്ഥയിൽ നേരത്തെയും ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം പേരൂർക്കട, തൃശൂർ മാനസികാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചതിന് പിന്നാലെയാണ് സംഘം കുതിരവട്ടത്തുമെത്തിയത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചകളും രോഗികൾ ചാടിപ്പോകുന്ന സംഭവങ്ങളും മുൻപും വലിയ തോതിൽ ചർച്ചയായിരുന്നു.
ഇന്നത്തെ പരിശോധനയുടെയും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളുടെയും അടിസ്ഥാനത്തിൽ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് ഹൈക്കോടതി തുടർനടപടികളിലേക്കും ഉത്തരവുകളിലേക്കും കടക്കും. ആശുപത്രി നവീകരണത്തിനും ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിനും സർക്കാരിൽ നിന്ന് സമയബന്ധിതമായ പദ്ധതികൾ കോടതി ആവശ്യപ്പെട്ടേക്കും. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
---------------
Hindusthan Samachar / Roshith K