Enter your Email Address to subscribe to our newsletters

Thiruvananthapuram , 16 ഓഗസ്റ്റ് (H.S.)
ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പോലീസ് ചീഫിന് പരാതി നൽകി
നിലവിൽ ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിരവധി അധ്യാപകരും വിദ്യാഭ്യാസ ചാനലുകളും വിദ്യാർത്ഥികൾക്ക് ക്ലാസുകളും നൽകുന്നുണ്ട്. എന്നാൽ, ഇതിന്റെ മറവിൽ ചില സോഷ്യൽ മീഡിയ ചാനലുകൾ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ചോദ്യപേപ്പർ തരാം, ഞങ്ങൾ പറയുന്ന ചോദ്യങ്ങൾ മാത്രമേ ചോദിക്കൂ, നാളെ വരുന്ന മോഡൽ ചോദ്യപേപ്പർ ഇതുതന്നെയായിരിക്കും, ഇത് മാത്രം പഠിച്ചാൽ മതി തുടങ്ങിയ അവകാശവാദങ്ങളാണ് ചില വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും പ്രചരിപ്പിക്കുന്നത്. ഇത്തരം അവകാശവാദങ്ങൾ വിദ്യാർത്ഥികളിൽ തെറ്റായ പ്രതീക്ഷയും പരീക്ഷയെക്കുറിച്ചുള്ള തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നു. യഥാർത്ഥ പഠനത്തിന് പകരം, പരീക്ഷയുടെ തലേദിവസം ലഭിക്കുന്നതായി അവകാശപ്പെടുന്ന ചോദ്യങ്ങൾ മാത്രം പഠിച്ചാൽ മതിയെന്ന മനോഭാവത്തിലേക്ക് കുട്ടികളെ നയിക്കുന്ന സാഹചര്യവുമാണ് നിലനിൽക്കുന്നത്
ഇത്തരം ചാനലുകൾ വിദ്യാർത്ഥികളെ അവരുടെ പ്ലാറ്റ്ഫോമുകളിലേക്കും ഗ്രൂപ്പുകളിലേക്കും എത്തിക്കുന്നതിനും വിവിധ തരത്തിലുള്ള വിദ്യാർത്ഥി വിവരങ്ങൾ/ഡാറ്റ ശേഖരിക്കുന്നതിനും ഇത്തരം അവകാശവാദങ്ങൾ ഉപയോഗിക്കുന്നതായി സംശയിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുടെ ഭാഗത്തുനിന്നും മുൻപ് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ വ്യക്തമായ നടപടികൾ ഉണ്ടായിട്ടില്ല. ഓണപ്പരീക്ഷ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വിഷയം കൂടുതൽ ഗൗരവമുള്ളതുമാണ്. ഇത്തരം വ്യാജ അവകാശവാദങ്ങൾ വിദ്യാർത്ഥികളുടെ പഠനത്തെയും പരീക്ഷാ തയ്യാറെടുപ്പിനെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും പരാതിയിൽ സൂചിപ്പിച്ചു.
1. ചോദ്യപേപ്പർ നൽകാം, ഇതുതന്നെ പരീക്ഷയിൽ വരും തുടങ്ങിയ അവകാശവാദങ്ങളുമായി വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകളെക്കുറിച്ച് അന്വേഷണം നടത്തുക.
2. ഇത്തരം അവകാശവാദങ്ങളുടെ യാഥാർത്ഥ്യം പരിശോധിക്കുകയും തെറ്റായ പ്രചാരണമാണെന്ന് കണ്ടെത്തുന്ന പക്ഷം നിയമാനുസൃതമായ നടപടി സ്വീകരിക്കുകയും ചെയ്യുക.
3. വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇത്തരം രീതികൾ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക.
4. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഇത്തരം വ്യാജ അവകാശവാദങ്ങളിൽ വീഴാതിരിക്കാൻ ഔദ്യോഗികമായി ഒരു മുന്നറിയിപ്പ്/അറിയിപ്പ് പുറപ്പെടുവിക്കുക.
5. പരീക്ഷാ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് തെറ്റായ അവകാശവാദങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിക്കുക.
6. അധ്യാപകർ നടത്തുന്ന സാധാരണ പഠന ക്ലാസുകൾക്ക് തടസ്സമുണ്ടാകാത്തവിധം, ചോദ്യപേപ്പർ ലഭ്യമാക്കുമെന്നോ അതേ ചോദ്യങ്ങൾ പരീക്ഷയിൽ വരുമെന്നോ ഉറപ്പുനൽകി വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത മാത്രം നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക.
വിദ്യാർത്ഥികളുടെ പഠനത്തെയും പരീക്ഷയുടെ വിശ്വസനീയതയെയും നേരിട്ട് ബാധിക്കാവുന്ന വിഷയമായതിനാൽ, ഓണപ്പരീക്ഷകൾ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ തന്നെ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും, പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR