Enter your Email Address to subscribe to our newsletters

Newdelhi, 16 ഓഗസ്റ്റ് (H.S.)
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് ഒഡീഷയിലെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ഒഡീഷയിലെ ചില ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലും കനത്ത മഴയ്ക്കും ഡൽഹിയിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പുതിയ പ്രവചനം.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും പശ്ചിമ ബംഗാൾ-വടക്കൻ ഒഡീഷ തീരങ്ങളോട് ചേർന്ന പ്രദേശങ്ങളിലുമാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇതിന്റെ സ്വാധീനത്തിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റും പ്രതികൂല കാലാവസ്ഥയും ഉണ്ടാകാം. ഈ സാഹചര്യത്തിൽ ആഗസ്റ്റ് 16 മുതൽ 18 വരെ പശ്ചിമ ബംഗാൾ, ഒഡീഷ, ബംഗ്ലാദേശ് തീരം, വടക്കൻ ആന്ധ്രാ തീരം എന്നിവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒഡീഷയിൽ പ്രളയക്കെടുതി രൂക്ഷം
ഒഡീഷയിലെ പല ജില്ലകളും ഇതിനകം തന്നെ പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ ന്യൂനമർദ്ദം ആശങ്ക വർദ്ധിപ്പിക്കുന്നത്. ബാലസോർ, ഭദ്രക്, ജാജ്പൂർ, മയൂർഭഞ്ജ്, കെയോഞ്ജർ എന്നീ ജില്ലകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായി തുടരുന്നത്. 52 ബ്ലോക്കുകളിലായി 503-ലധികം ഗ്രാമങ്ങളിലെ 2.70 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ബൈതരണീ, ബ്രാഹ്മണി, സലാന്ദി, ജലാക, ബുദ്ധബലംഗ തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ഒരു ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. സുബർണരേഖാ നദിയിലെ ജലനിരപ്പ് നിലവിൽ അപകടനിലയ്ക്ക് താഴെയാണെങ്കിലും സ്ഥിതിഗതികൾ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
തമിഴ്നാട്ടിലും മഴ കനക്കും
തമിഴ്നാട് തീരത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് ആഗസ്റ്റ് 17 മുതൽ 19 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ചെങ്കൽപട്ട്, കാഞ്ചീപുരം, വിഴുപ്പുറം, തിരുവണ്ണാമലൈ തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് 19-ഓടെ നീലഗിരി ജില്ലയിലും മഴ കനക്കും. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തലസ്ഥാനമായ ചെന്നൈയിൽ വൈകുന്നേരങ്ങളിലോ രാത്രിയിലോ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്.
ഡൽഹിയിലെ കാലാവസ്ഥ
ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 27.8 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. വായുനിലവാര സൂചിക (AQI) 85 രേഖപ്പെടുത്തി 'തൃപ്തികരം' (Satisfactory) എന്ന വിഭാഗത്തിലാണ് നിലവിലുള്ളത്.
---------------
Hindusthan Samachar / Roshith K