വൈറലായതിന് പിന്നാലെ ‘കുട്ടി സഖാവ്’ ഇന്സ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ; അപ്പീല് നല്കി കുടുംബം, സങ്കടമില്ലെന്ന് മുഹമ്മദ് സിയാന്
Malappuram, 16 ഓഗസ്റ്റ് (H.S.) മലപ്പുറം: സമൂഹമാധ്യമങ്ങളില് വന് ജനപ്രീതി നേടിയ ‘കുട്ടി സഖാവ്’ എന്ന ഇന്സ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല് മീഡിയയില് തരംഗമായി മാറിയ കൊച്ചു താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടാണ് കഴിഞ്ഞ ദിവസം മ
വൈറലായതിന് പിന്നാലെ ‘കുട്ടി സഖാവ്’ ഇന്സ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ; അപ്പീല് നല്കി കുടുംബം, സങ്കടമില്ലെന്ന് മുഹമ്മദ് സിയാന്


Malappuram, 16 ഓഗസ്റ്റ് (H.S.)

മലപ്പുറം: സമൂഹമാധ്യമങ്ങളില് വന് ജനപ്രീതി നേടിയ ‘കുട്ടി സഖാവ്’ എന്ന ഇന്സ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല് മീഡിയയില് തരംഗമായി മാറിയ കൊച്ചു താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടാണ് കഴിഞ്ഞ ദിവസം മുതല് പ്ലാറ്റ്ഫോമില് നിന്ന് അപ്രത്യക്ഷമായത്.

കഴിഞ്ഞ ദിവസം സിയാന് തന്റെ സഹപ്രവര്ത്തകരായ ‘കുട്ടി സഖാക്കളെ’ പരിചയപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച റീല്സ് വിഡിയോ മണിക്കൂറുകള്ക്കകം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയിരുന്നു. തങ്ങളുടെ പാർട്ടി ഓഫീസും ബാലസംഘം ഭാരവാഹികളെയും പരിചയപ്പെടുത്തുന്ന വിഡിയോ 24 മണിക്കൂറിനകം 20 ലക്ഷത്തിലധികം (രണ്ട് മില്യണ്) കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. ഈ വിഡിയോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്ത്തകരും കമന്റുകളുമായി എത്തിയത് സോഷ്യല് മീഡിയയില് വലിയ ചര്ച്ചയായിരുന്നു. എന്നാല്, വിഡിയോ വന്തോതില് വൈറലായതിന് തൊട്ടുപിന്നാലെ അക്കൗണ്ട് ലഭ്യമല്ലാതാകുകയായിരുന്നു.

ഏത് സാഹചര്യത്തിലാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നോ നീക്കം ചെയ്തതെന്നോ ഉള്ള കാര്യത്തില് മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്കിയിട്ടില്ല. വിഷയത്തില് സിയാന്റെ മാതാപിതാക്കള് അക്കൗണ്ട് പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മെറ്റയ്ക്ക് അപ്പീല് നല്കിയിട്ടുണ്ട്.

അതേസമയം, ഇന്സ്റ്റഗ്രാം അക്കൗണ്ട് പൂട്ടിയതില് തനിക്ക് യാതൊരുവിധ വിഷമവുമില്ലെന്നും ഇനിയും ശക്തമായി വിഡിയോകള് ചെയ്യുമെന്നും മുഹമ്മദ് സിയാന് വ്യക്തമാക്കി. അക്കൗണ്ട് പൂട്ടിക്കാന് കഴിഞ്ഞാലും ആശയങ്ങളെയും നിലപാടുകളെയും തടയാനാകില്ലെന്ന കുട്ടികളുടെ പ്രതികരണവും ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മുൻപും ശ്രദ്ധേയമായ നിലപാടുകളിലൂടെ സൈബർ ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സിയാൻ.

മെറ്റയുടെ അല്ഗോരിതത്തിനെതിരെയും ഇത്തരം അപ്രതീക്ഷിത നടപടികള്ക്കെതിരെയും പ്രമുഖ രാഷ്ട്രീയ നേതാക്കളും സൈബര് വിദഗ്ദ്ധരും രൂക്ഷമായ വിമര്ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അടുത്ത കാലത്തായി രാഷ്ട്രീയ ഉള്ളടക്കങ്ങളോടും സാധാരണക്കാരുടെ സാമൂഹിക പ്രതികരണങ്ങളോടും മെറ്റ സ്വീകരിക്കുന്ന സമീപനം വലിയ തോതിലുള്ള ചര്ച്ചകള്ക്കാണ് വഴിവെച്ചിരിക്കുന്നത്. സാങ്കേതിക പിഴവാണോ അതോ ആസൂത്രിതമായ റിപ്പോര്ട്ടിംഗിന്റെ ഫലമാണോ നടപടിക്ക് പിന്നിലെന്ന് കണ്ടെത്തണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ആവശ്യം.

---------------

Hindusthan Samachar / Roshith K


Latest News