Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 ഓഗസ്റ്റ് (H.S.)
സർവ്വകലാശാല വൈസ് ചാൻസലർമാർ പ്രത്യശാസ്ത്ര ധ്രുവീകരണത്തിന് കാരണമാകുന്ന നിലപാടുകളിൽ നിന്നും രാഷ്ട്രീയ സംഘടനാ പരിപാടികളിൽ നിന്നും മാറിനിൽക്കേണ്ടതുണ്ടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ.ഇത്തരം നിലപാടുകൾ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഭൂഷണമല്ലന്നും മന്ത്രി വ്യക്തമാക്കി.
പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് വൈസ് ചാൻസലർ പദവി 1:1 എന്ന നിലയിൽ വീതം വെച്ചപ്പോഴാണ് മോഹൻകുന്നുമേൽ കേരള സർവ്വകലാശാല വിസിയായി നിയമിതനായത്.പ്രസ്തുത വ്യക്തി കേരള സർവ്വകലാശാല വിസിയായി തുടരുന്നതിൻ്റെ കാരണക്കാർ അന്നത്തെ സർക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി. വി.സിമാർ തങ്ങളുടെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കണമെന്നും മന്ത്രി റോജി.എം.ജോൺ ആവശ്യപ്പെട്ടു.
അതേ സമയം കോതമംഗലം എംഎ കോളേജിൽ മരണപ്പെട്ട അരുണാചൽ പ്രദേശ് സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് എംബാം ചെയ്ത് ബന്ധുക്കളുടെ താൽപ്പര്യപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങൾ സർക്കാർ ഉറപ്പു വരുത്തുമെന്നും മന്ത്രി അറിയിച്ചു.സഹപാഠികൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യം ഒരുക്കും, കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് ഇതിന്റെ ചിത്രീകരണവും പൂർണ്ണമായി ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കുടുംബത്തിന് പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ആവശ്യമായ ക്രമീകരണം ഉറപ്പു വരുത്തിയിട്ടുണ്ട്.സംഭവത്തിൽ പോലീസ് കേസെടുത്ത് കൃത്യമായ അന്വേഷണം നടത്തുന്നുണ്ടന്നും അദ്ദേഹം വ്യക്തമാക്കി.കളമശേരി മെഡിക്കൽ കോളേജിലെത്തി മിച്ചി മാർപ്പുവിൻ്റെ കുടുംബത്തെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
സാങ്കേതിക സർവകലാശാലയിൽ 2024-ൽ അന്നത്തെ ബോർഡ് ഓഫ് ഗവേണൻസ് കൊണ്ടുവന്ന ഇയർ ബാക്ക് സിസ്റ്റം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത ആശങ്ക ഉണ്ടാക്കിയ പശ്ചാത്തലത്തിൽ, വിഷയം പരിശോധിച്ച പുതിയ സിൻഡിക്കേറ്റ് താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. കോളേജ് അധികൃതരുമായി സംസാരിച്ചിരുന്നെന്നും സർവകലാശാലയുടെ പൊതു മാനദണ്ഡങ്ങൾ പാലിച്ചുതന്നെ മുന്നോട്ട് പോകാൻ ധാരണയായിട്ടുണ്ടെന്നും, മന്ത്രി കൂട്ടിച്ചേർത്തു.ഇയർബാക്ക് സിസ്റ്റത്തിൽ എല്ലാവരുമായി കൂടിയാലോചിച്ച് വിദ്യാർത്ഥികൾക്കും, കോളേജുകൾക്കും ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ പരിശ്രമം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കാലടി സർവ്വകലാശാല വിഷയത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായുള്ള പോലീസ് നടപടികൾ മുന്നോട്ടു കൊണ്ടു പോകും. ജനാധിപത്യപരമായ സമരങ്ങൾക്ക് സർക്കാർ എതിരല്ല.എന്നാൽ അതിന് പാലിക്കപെടേണ്ട ചില മര്യാദകൾ ഉണ്ട്. വളരെ അപരിഷ്കൃതമായ സമര രീതി വനിതാ വൈസ് ചാൻസിലർക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കണ്ണൂർ സർവ്വകലാശാല ക്യാമ്പസിനകത്ത് പരിപാടി നടത്തുന്നതിനുള്ള ഔദ്യോഗിക അപേക്ഷ നൽക നടപടിക്രമങ്ങൾ പാലിക്കാത്തതുകൊണ്ടാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത് എന്നാണ് മനസ്സിലാക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S