മെഡിക്കൽ കോളേജ് ലാബ് ഫീസ് സമരം കക്ഷിരാഷ്ട്രീയ പ്രേരിതം; മുഹമ്മദ് റിയാസ് ആശുപത്രിക്കായി അഞ്ചുപൈസ നൽകിയിട്ടില്ലെന്ന് കെ. ജയന്ത് എംഎൽഎ
Kozhikode, 17 ഓഗസ്റ്റ് (H.S.) കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ പരിശോധനകൾക്ക് ഏർപ്പെടുത്തിയ കുറഞ്ഞ നിരക്കിലുള്ള ഫീസിനെതിരെ നടക്കുന്ന സമരങ്ങൾ തികച്ചും കക്ഷിരാഷ്ട്രീയ പ്രേരിതമാണെന്ന് കെ. ജയന്ത് എംഎൽഎ. പാവപ്
മെഡിക്കൽ കോളേജ് ലാബ് ഫീസ് സമരം കക്ഷിരാഷ്ട്രീയ പ്രേരിതം; മുഹമ്മദ് റിയാസ് ആശുപത്രിക്കായി അഞ്ചുപൈസ നൽകിയിട്ടില്ലെന്ന് കെ. ജയന്ത് എംഎൽഎ


Kozhikode, 17 ഓഗസ്റ്റ് (H.S.)

കോഴിക്കോട്: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ പരിശോധനകൾക്ക് ഏർപ്പെടുത്തിയ കുറഞ്ഞ നിരക്കിലുള്ള ഫീസിനെതിരെ നടക്കുന്ന സമരങ്ങൾ തികച്ചും കക്ഷിരാഷ്ട്രീയ പ്രേരിതമാണെന്ന് കെ. ജയന്ത് എംഎൽഎ. പാവപ്പെട്ട രോഗികൾക്ക് മികച്ച ചികിത്സയും പരിശോധനാ സൗകര്യങ്ങളും ലഭ്യമാക്കാനുള്ള നീക്കങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അട്ടിമറിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പരിശോധനകൾ കൃത്യതയോടെയും വേഗത്തിലും ലഭ്യമാക്കുന്നതിനുമാണ് വളരെ കുറഞ്ഞ നിരക്കിൽ ഫീസ് നിശ്ചയിച്ചത്. സ്വകാര്യ ലാബുകളിൽ വൻ തുക ഈടാക്കുന്ന പരിശോധനകൾക്ക് സാധാരണക്കാർക്ക് താങ്ങാവുന്ന ചെറിയൊരു തുക മാത്രമാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതിനെതിരെ സമരം നടത്തുന്നവരുടെ യഥാർത്ഥ ലക്ഷ്യം രോഗികളുടെ ക്ഷേമമല്ലെന്നും സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾ മാത്രമാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.

കോഴിക്കോട് ജില്ലയിലെ മറ്റ് എല്ലാ എംഎൽഎമാരും തങ്ങളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സമരവുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന പി.എ. മുഹമ്മദ് റിയാസ് എംഎൽഎ ആശുപത്രിയുടെ വികസനത്തിനായി അഞ്ചുപൈസ പോലും ഫണ്ട് നൽകിയിട്ടില്ലെന്നും ജയന്ത് ആരോപിച്ചു. മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് യാതൊരു സംഭാവനയും നൽകാത്തവരാണ് ജനക്ഷേമകരമായ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധ നാടകങ്ങളുമായി രംഗത്തെത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന നിർധനരായ രോഗികൾക്ക് ഏറ്റവും ആധുനികമായ ലാബ് പരിശോധനകൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും തടസ്സം നിൽക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും ഇത്തരം നിഷേധാത്മക സമരങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും കെ. ജയന്ത് ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ വികസനത്തിൽ രാഷ്ട്രീയം കലർത്താതെ ജനപക്ഷത്ത് നിൽക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News