Enter your Email Address to subscribe to our newsletters

Chennai, 17 ഓഗസ്റ്റ് (H.S.)
ചെന്നൈ: തമിഴ്നാട്ടിലേക്ക് വ്യാപകമായി ലഹരിമരുന്ന് ഒഴുകിയെത്തുന്നത് അയൽ സംസ്ഥാനമായ കേരളത്തിൽ നിന്നാണെന്ന ഗുരുതര ആരോപണവുമായി തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷം. ശങ്കരപുരം (കള്ളക്കുറിച്ചി) മണ്ഡലത്തിൽ നിന്നുള്ള എഐഎഡിഎംകെ എംഎൽഎ ആർ. രാകേഷാണ് സഭയിൽ കേരളത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. എന്നാൽ, അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയാൻ കേരള സർക്കാരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഇരു സംസ്ഥാനങ്ങളും സംയുക്തമായി ലഹരിമാഫിയക്കെതിരെ പോരാടുമെന്നും കായിക-യുവജനക്ഷേമ മന്ത്രി ആദവ് അർജുന നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയും വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് സഭയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ ഉയർന്നത്.
നിയമസഭയിലെ ആരോപണവും പശ്ചാത്തലവും
കള്ളക്കുറിച്ചി സ്വദേശിയായ 19-കാരനായ എൻജിനീയറിങ് വിദ്യാർത്ഥി അമുതൻ കോയമ്പത്തൂരിൽ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം ഉയർത്തിക്കാട്ടിയാണ് ആർ. രാകേഷ് എംഎൽഎ വിഷയം സഭയിൽ അവതരിപ്പിച്ചത്. കോയമ്പത്തൂരിലെ ലഹരിസംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന ആരോപണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
തമിഴ്നാട്ടിലെ യുവാക്കൾക്കിടയിൽ ലഹരിമരുന്നിന്റെ ലഭ്യത ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണെന്നും ഇതിന്റെ പ്രധാന ഉറവിടം കേരളമാണെന്നും എംഎൽഎ സഭയിൽ വാദിച്ചു. അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി കടന്നുവരുന്ന രാസലഹരി വസ്തുക്കളും കഞ്ചാവും തമിഴ്നാട്ടിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും, ഇത് കർശനമായി തടയാൻ അതിർത്തികളിൽ ശക്തമായ പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരുമിച്ച് പോരാടുമെന്ന് സർക്കാർ
എംഎൽഎയുടെ ആശങ്കകളെ പൂർണ്ണമായും തള്ളിക്കളയാതെയായിരുന്നു മന്ത്രി ആദവ് അർജുനയുടെ മറുപടി. ലഹരിക്കടത്ത് തടയുന്നതിൽ സർക്കാർ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മന്ത്രി വ്യക്തമാക്കി. ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ കേരള ആഭ്യന്തര വകുപ്പുമായി തമിഴ്നാട് സർക്കാർ ഇതിനകം ഉന്നതതല ചർച്ചകൾ നടത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ലഹരി ഒഴുക്ക് തടയാൻ ഇരു സംസ്ഥാനങ്ങളിലെയും പോലീസ്, എക്സൈസ് സംവിധാനങ്ങൾ ഏകോപിപ്പിച്ച് സംയുക്ത പരിശോധനകൾ നടത്താനും വിവരങ്ങൾ പങ്കുവെക്കാനും ധാരണയായിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.
അതേസമയം, അടിയന്തര പ്രമേയത്തിന്മേൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടിക്രമങ്ങളോ തൃപ്തികരമായ മറുപടിയോ ലഭിച്ചില്ലെന്ന് ആരോപിച്ച് ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. പിന്നീട് കാർഷിക മേഖലയുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം സഭയിലേക്ക് തിരിച്ചെത്തിയത്. വിദ്യാർത്ഥികൾക്കിടയിലെ ലഹരി വ്യാപനവും അതിർത്തി കടന്നുള്ള ലഹരിക്കടത്തും തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
---------------
Hindusthan Samachar / Roshith K