Enter your Email Address to subscribe to our newsletters

Kannur, 17 ഓഗസ്റ്റ് (H.S.)
കണ്ണൂർ: ജനവാസ കേന്ദ്രത്തിലൂടെയും റോഡരികിലൂടെയും കടന്നുപോകുന്ന കൂറ്റൻ ഓവർഹെഡ് കനാൽപാലം തകർന്നുവീണു. കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ പള്ളിപ്രം ഡിവിഷനിൽ ഉൾപ്പെടുന്ന വാരം ശാസ്താംകോട്ട ശിവക്ഷേത്ര പരിസരത്തുനിന്ന് കടാങ്കോട് ഭാഗത്തേക്ക് പോകുന്ന എടൈക്കോത്ത് റോഡരികിലാണ് അപകടമുണ്ടായത്. തൂണുകളിൽ ഏകദേശം 18 അടിയോളം ഉയരത്തിൽ കോൺക്രീറ്റിൽ നിർമിച്ച പഴശ്ശി ജലസേചന പദ്ധതിയുടെ കനാലിന്റെ 150 മീറ്ററോളം ഭാഗമാണ് ഞായറാഴ്ച വൈകിട്ട് 5.45 ഓടെ നിലംപൊത്തിയത്.
പ്രദേശത്ത് വലിയ ശബ്ദത്തോടെ കനാൽ നിലംപൊത്തിയത് വൻ പരിഭ്രാന്തി പരത്തി. ജനവാസ കേന്ദ്രത്തിലൂടെ പോകുന്ന പ്രധാന റോഡരികിലാണ് ഈ നിർമ്മിതി സ്ഥിതി ചെയ്യുന്നത് എന്നതിനാൽ കനാൽ തകർന്നുവീഴുമ്പോൾ കാൽനടയാത്രക്കാരോ വാഹനങ്ങളോ അടിയിൽപ്പെട്ടിട്ടുണ്ടോ എന്ന ഭയത്തിലായിരുന്നു നാട്ടുകാർ. വൻ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തി പരിശോധന നടത്തിയ ശേഷമാണ് ആർക്കും പരിക്കോ ആളപായമോ ഇല്ലെന്ന് സ്ഥിരീകരിച്ചത്.
നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഒഴിവായത് വൻ ദുരന്തം
പ്രധാന റോഡിന് കുറുകെ വരുന്ന ഭാഗം ഉൾപ്പെടെയാണ് തകർന്നുവീണത്. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ഇതുവഴി ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും കടന്നുപോയിരുന്നു. കൂടാതെ, സമീപത്തെ ക്ഷേത്രത്തിൽ നടന്ന തിരുവാതിര പരിശീലനത്തിന് ശേഷം മടങ്ങിയ കുടുംബശ്രീ പ്രവർത്തകരായ പതിനഞ്ചോളം സ്ത്രീകളും നിമിഷങ്ങൾക്ക് മുൻപാണ് ഈ വഴിയിലൂടെ നടന്നുപോയത്. ആളുകൾ കടന്നുപോയി നിമിഷങ്ങൾക്കകം കൂറ്റൻ കോൺക്രീറ്റ് പാളികൾ റോഡിലേക്ക് പതിക്കുകയായിരുന്നു.
നാട്ടുകാരുടെ ജാഗ്രതയും പരാതികളും
കനാൽപാലത്തിന്റെ മറ്റ് ഭാഗങ്ങളും എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അപകടാവസ്ഥയിലാണ് ഉള്ളത്. സംഭവസ്ഥലത്ത് ഉടനടി ഔദ്യോഗിക മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ സന്നാഹങ്ങളോ ഇല്ലാതിരുന്നിട്ടും പ്രദേശവാസികൾ സംഘടിച്ച് രാത്രി വൈകുംവരെ വാഹനങ്ങളെയും കാൽനടക്കാരെയും വഴിതിരിച്ചുവിട്ടു. കനാൽ തകർന്നുവീണതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ഗതാഗത മാർഗ്ഗവും തടസ്സപ്പെട്ടിരിക്കുകയാണ്.
പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി പതിറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കനാലിന്റെ തൂണുകളും സ്ലാബുകളും കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ തുരുമ്പെടുത്ത നിലയിലായിരുന്നു. കനാലിന്റെ ബലക്ഷയം സംബന്ധിച്ച് പലതവണ അധികൃതരെ വിവരമറിയിച്ചിട്ടും കനാൽ ബലപ്പെടുത്താനോ പുനർനിർമ്മിക്കാനോ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
സംഭവത്തെ തുടർന്ന് അഡ്വ. ടി. ഒ. മോഹനൻ എംഎൽഎ, ഡെപ്യൂട്ടി മേയർ കെ. പി. താഹിർ, ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ചു. റോഡിലേക്ക് വീണ അവശിഷ്ടങ്ങൾ അടിയന്തരമായി നീക്കം ചെയ്യാനും അപകടഭീഷണിയായി നിൽക്കുന്ന ബാക്കി ഭാഗങ്ങൾ പൊളിച്ചുമാറ്റാനും എംഎൽഎ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
---------------
Hindusthan Samachar / Roshith K