Enter your Email Address to subscribe to our newsletters

Thiruvananthapuram, 17 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന്റെ മറവിൽ നടന്ന വൻ ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് ഉന്നത ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ നടപടി. നികുതി കൃത്യമായി ഈടാക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടർന്ന് ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ ശ്രീവത്സ, ജോയിന്റ് കമ്മീഷണർ സജിത്, ഡെപ്യൂട്ടി കമ്മീഷണർ സജിനി എന്നിവർക്കാണ് ചാർജ് മെമ്മോ നൽകിയത്. കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജൻസ് ഓഫീസർക്കും മെമ്മോ ലഭിച്ചിട്ടുണ്ട്.
മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി നടത്തിയ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളിലാണ് വൻതോതിൽ നികുതിവെട്ടിപ്പ് കണ്ടെത്തിയത്. വിദേശത്തേക്ക് കോടികൾ കൈമാറിയതുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് ലഭിക്കേണ്ടിയിരുന്ന 22 കോടിയോളം രൂപയുടെ സേവന നികുതി (GST) യഥാസമയം ഈടാക്കാൻ അധികൃതർ നടപടിയെടുത്തില്ലെന്നാണ് കണ്ടെത്തൽ.
സ്പോൺസർക്കെതിരെയുള്ള നടപടി വൈകിപ്പിച്ചു
സംഭവത്തിൽ കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നേരത്തെ തന്നെ നികുതിവെട്ടിപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ, കോടികളുടെ നികുതി കുടിശ്ശികയുണ്ടായിട്ടും സ്പോൺസർക്കെതിരെ ഒരു വർഷത്തോളമാണ് തുടർനടപടികൾ വൈകിപ്പിച്ചത്. കമ്പനിക്ക് നോട്ടീസ് നൽകിയതല്ലാതെ കർശനമായ തുടർനടപടികളിലേക്ക് ഉദ്യോഗസ്ഥർ കടന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ നിഷ്ക്രിയത്വവും വീഴ്ചയുമാണ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്ക നടപടിയിലേക്ക് നയിച്ചത്.
അന്വേഷണം ശക്തമാക്കി പ്രത്യേക സംഘം
സംഭവത്തിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളെയും കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണ നടപടികൾ വേഗത്തിലാക്കി. നികുതിവെട്ടിപ്പ് ആദ്യം കണ്ടെത്തിയ കാഞ്ഞങ്ങാട്ടെ ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥയുടെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. ഇതിനായി പ്രത്യേക സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
പ്രാഥമിക പരിശോധനയിൽ തന്നെ സ്പോൺസർ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി സ്പോൺസർ വിദേശത്തേക്ക് പണം കൈമാറിയതിന്റെ നിർണ്ണായക വിവരങ്ങൾ എസ്ബിഐ, റിസർവ് ബാങ്ക് എന്നിവയിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. കൂടാതെ, വിദേശത്തേക്ക് നൽകിയതായി പറയപ്പെടുന്ന 126 കോടിയിലധികം രൂപ എവിടെ നിന്നാണ് സമാഹരിച്ചത് എന്നതുൾപ്പെടെയുള്ള സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
---------------
Hindusthan Samachar / Roshith K