Enter your Email Address to subscribe to our newsletters

New delhi, 17 ഓഗസ്റ്റ് (H.S.)
ദശീയപാതയോരയിലെ നിര്‍മാണങ്ങള്‍ക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച ദൂരപരിധി നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരാന്‍ ചാവക്കാട് സ്വദേശിനി സുപ്രീം കോടതിയില്‍. കേസില്‍ കക്ഷി ചേര്‍ന്ന് നിലപാട് വിശദീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ചാവക്കാട് സ്വദേശി ഫൗസിയ മീത്തലെ എടക്കാടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഭൂവുടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും കക്ഷി ചേരല്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചാവക്കാട് താലൂക്കില്‍ കടിക്കാട് വില്ലേജില്‍ ഉള്‍പ്പെട്ട വസ്തുവിന്റെ ഉടമയാണ് ഫൗസിയ. ഇവരുടെ ഭൂമി ദേശീയപാത 66 നോട് ചേര്‍ന്നാണ് കിടക്കുന്നത്. 2021 ജനുവരിയില്‍ അമ്മ നല്‍കിയ ധനാധാരപ്രകാരമാണ് 4.04 ആര്‍ (ഏകദേശം 10 സെന്റ്) വിസ്തീര്‍ണ്ണമുള്ള ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഇവര്‍ക്ക് ലഭിച്ചത്. റവന്യൂ രേഖകളിലും ഭൂമിയേറ്റെടുക്കല്‍ നടപടികളിലും ഇവരുടെ ഉടമസ്ഥാവകാശം അംഗീകരിച്ചിട്ടുള്ളതുമാണ്.
NH-66 കാപ്പിരിക്കാട്-ഇടപ്പള്ളി റീച്ചിലെ നാലുവരിപ്പാത വികസനത്തിനായി ഇവരുടെ ഭൂമിയില്‍ നിന്ന് 0.0124 ഹെക്ടര്‍ (ഏകദേശം 3.064 സെന്റ്) സ്ഥലം പിന്നീട് ഏറ്റെടുക്കുകയുണ്ടായി. 1956-ലെ ദേശീയപാത നിയമപ്രകാരം നടന്ന ഈ ഏറ്റെടുക്കലില്‍ 16,04,537.04 രൂപ നഷ്ടപരിഹാരമായി നിശ്ചയിക്കുകയും, കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും കൃഷിനാശത്തിനും പരിഹാരമായി 1,15,800 രൂപ അധികമായി നല്‍കുകയും ചെയ്തിരുന്നു. ഏറ്റെടുത്ത ഭൂമിയുടെ കൈവശാവകാശവും ഇവര്‍ ഒഴിഞ്ഞുകൊടുത്തിരുന്നു.
നിലവില്‍ ഫൗസിയയുടെ ഉടമസ്ഥതിയില്‍ ഉള്ളത് ഏകദേശം ഏഴ് സെന്റോളം ആണ്. 2026 ഏപ്രിലില്‍ സുപ്രീം കോടതി പുറപ്പടുവിച്ച ദൂരപരിധി നിര്‍ദേശം നടപ്പാക്കുമ്പോള്‍ ഈ ഭൂമി മുഴുവനായി നിര്‍മാണ നിയന്ത്രണത്തിന്റെ പരിധിയില്‍വരും എന്നാണ് ഫൗസിയയുടെ വാദം. ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്റര്‍ വരെ വീടുകള്‍ക്കും 75 മീറ്റര്‍ വരെ വാണിജ്യ ആവശ്യങ്ങള്‍ക്കുമുള്ള ഭൂവിനിയോഗ മാറ്റം തടഞ്ഞു കൊണ്ട് ഉത്തരവുകള്‍ ഇറക്കാനായിരുന്നു സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.
നോട്ടിഫൈ ചെയ്ത റോഡ് അതിര്‍ത്തിക്ക് പുറത്തുള്ള സ്വകാര്യ ഭൂമിയെ ഈ നിര്‍ദേശങ്ങള്‍ നേരിട്ട് ബാധിക്കുന്നുണ്ടെന്നാണ് ഫൗസിയയുടെ വാദം. അതിനാല്‍ തന്റെ വാദം കോടതി കേള്‍ക്കണമെന്നും അഭിഭാഷകനായ ദീപക് പ്രകാശ് മുഖേന ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയില്‍ ഫൗസിയ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ മേഖലകള്‍, ലൈസന്‍സിംഗ്, ഭൂവിനിയോഗ നിയന്ത്രണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കൃത്യമായ രേഖകളോടെ കൈവശം വെച്ചിരിക്കുന്ന സ്വകാര്യ ഭൂമികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയപാത വികസനത്തിനായി ഭൂമി ഭാഗികമായി വിട്ടുനല്‍കി നഷ്ടപരിഹാരം വാങ്ങിയതും എന്നാല്‍ ബാക്കിവന്ന ഭൂമിയില്‍ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നേരിടുന്നതുമായ രാജ്യത്തെ വലിയൊരു വിഭാഗം സ്വകാര്യ ഭൂവുടമകളുടെ പ്രതിനിധിയാണ് താനെന്നാണ് ഫൗസിയയുടെ വാദം. ഇത്തരം ഭൂവുടമകളുടെ ഭാഗം കേള്‍ക്കാന്‍ നിലവില്‍ സുപ്രീംകോടതിയില്‍ പ്രാതിനിധ്യമില്ലെന്നും കക്ഷി ചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S