Enter your Email Address to subscribe to our newsletters

Kottayam, 17 ഓഗസ്റ്റ് (H.S.)
കോട്ടയം: രാഷ്ട്രീയ നാടകങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ പാലാ നഗരസഭാ ഭരണത്തിൽ പുതിയ വഴിത്തിരിവ്. ഭരണസമിതിക്കെതിരെ നിലപാടെടുത്ത് എൽഡിഎഫിനൊപ്പം ചേർന്ന കോൺഗ്രസ് വിമതർക്കിടയിൽ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച വിമത കൗൺസിലർമാരിൽ പ്രമുഖയായ ലിസിക്കുട്ടി മാത്യു നിലപാട് തിരുത്തി ഔദ്യോഗിക കോൺഗ്രസ് പക്ഷത്തേക്ക് മടങ്ങിയെത്തുന്നു. പുതിയ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലപാടിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ലിസിക്കുട്ടി വ്യക്തമാക്കി.
നഗരസഭയിലെ ഭരണമാറ്റത്തിന് വഴിയൊരുക്കിയ അവിശ്വാസ പ്രമേയത്തിന് പിന്നാലെ, പുതിയ ചെയർപേഴ്സണെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് വിമത വിഭാഗത്തിനുള്ളിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് കാരണമായത്. മുൻ വൈസ് ചെയർപേഴ്സണും വിമത നേതാവുമായ മായാ രാഹുലിനെ ചെയർപേഴ്സൺ പദവിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളോട് ലിസിക്കുട്ടി മാത്യുവിനുള്ള ശക്തമായ അതൃപ്തിയാണ് മനംമാറ്റത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.
നേരത്തെ യുഡിഎഫ് ഭരണത്തിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മായാ രാഹുൽ അടക്കമുള്ള മറ്റ് നാല് കോൺഗ്രസ് കൗൺസിലർമാർക്കൊപ്പമാണ് ലിസിക്കുട്ടിയും പിന്തുണച്ചിരുന്നത്. പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസത്തെ അനുകൂലിച്ചതിനെ തുടർന്ന് ഇവർക്കെതിരെ സംഘടനാതല നടപടികളും സ്വീകരിച്ചിരുന്നു. എന്നാൽ, അവിശ്വാസ നീക്കത്തിന് ശേഷം പുതിയ അധ്യക്ഷയെ നിശ്ചയിക്കുന്ന ഘട്ടത്തിൽ വിമത കൗൺസിലർമാർക്കിടയിൽ ഒരുമിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത വിധം ധാരണാപ്പിശകുകൾ രൂപപ്പെടുകയായിരുന്നു.
ചെയർപേഴ്സൺ പദവി മായാ രാഹുലിന് നൽകുന്നതിനെതിരെ ലിസിക്കുട്ടി ഉൾപ്പെടെയുള്ള ചില അംഗങ്ങൾ രംഗത്തെത്തിയിരുന്നു. തുടർന്ന് നടന്ന കൂടിയാലോചനകൾക്കൊടുവിലാണ് കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്താനും വരുന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കൊപ്പം നിലയുറപ്പിക്കാനും ലിസിക്കുട്ടി മാത്യു തീരുമാനമെടുത്തത്.
ലിസിക്കുട്ടി മാത്യുവിന്റെ ഈ മടങ്ങിവരവ് പാലായിലെ കോൺഗ്രസ് നേതൃത്വത്തിന് വലിയ ആശ്വാസവും മുൻതൂക്കവുമാണ് നൽകുന്നത്. അതേസമയം, വിമത ചേരിയിലുണ്ടായ വിള്ളൽ എൽഡിഎഫിന്റെ രാഷ്ട്രീയ തന്ത്രങ്ങൾക്കും തിരിച്ചടിയായിട്ടുണ്ട്. 26 അംഗ നഗരസഭാ കൗൺസിലിൽ നേരിയ ഭൂരിപക്ഷത്തിന്റെ കണക്കുകൾ മാത്രം മുന്നിൽ നിൽക്കെ, ഓരോ കൗൺസിലറുടെയും വോട്ട് നിർണ്ണായകമാണ്. ലിസിക്കുട്ടിയുടെ നിലപാട് മാറ്റത്തോടെ ശേഷിക്കുന്ന വിമത അംഗങ്ങളുടെ അടുത്ത നീക്കവും ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലെ അന്തിമ ഫലവും പാലാ രാഷ്ട്രീയത്തിൽ കൂടുതൽ ആകാംഷയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
---------------
Hindusthan Samachar / Roshith K