ഫ്രീഡം ക്വിസിലെ സവർക്കർ വിവാദം: അധ്യാപകനെ സസ്പെൻഡ് ചെയ്തതിന്റെ കാരണം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും
Kochi, 17 ഓഗസ്റ്റ് (H.S.) കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയിൽ സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകും. സസ്പെൻഷൻ നടപടിയും തുടർ അച്ചടക്ക നടപടികളും റ
ഫ്രീഡം ക്വിസിലെ സവർക്കർ വിവാദം: അധ്യാപകനെ സസ്പെൻഡ് ചെയ്തതിന്റെ കാരണം സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും


Kochi, 17 ഓഗസ്റ്റ് (H.S.)

കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയിൽ സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയിൽ വിശദീകരണം നൽകും. സസ്പെൻഷൻ നടപടിയും തുടർ അച്ചടക്ക നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂൾ അധ്യാപകനായ കെ. ഗുരുപ്രസാദ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഉൾപ്പെട്ട സിംഗിൾ ബെഞ്ച് സർക്കാരിനോട് വ്യക്തമായ കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടത്.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് ആറിന് കുമ്പള, മഞ്ചേശ്വരം, കാസർകോട് ഉപജില്ലകളിലെ സ്കൂളുകൾക്കായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്രീഡം ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിനായി തയ്യാറാക്കിയ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയ ഒരു ചോദ്യമാണ് വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ചത്.

ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന സ്വാതന്ത്ര്യസമര സേനാനി ആര്? എന്നായിരുന്നു ക്വിസിലെ ചോദ്യം. ഇതിന് ശരിയുത്തരമായി നൽകിയിരുന്നത് 'വി.ഡി. സവർക്കർ' എന്ന പേരായിരുന്നു.

ചോദ്യവും ഉത്തരവും പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധം ഉയർന്നു. സവർക്കറെ അനാവശ്യമായി മഹത്വവൽക്കരിക്കാനും ചരിത്രവസ്തുതകളെ വളച്ചൊടിക്കാനും ശ്രമം നടന്നുവെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്. ചരിത്രവസ്തുതകൾക്ക് നിരക്കാത്തതും വിദ്യാർത്ഥികളിൽ തെറ്റിദ്ധാരണ പരത്തുന്നതുമായ ചോദ്യം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി അന്വേഷണവിധേയമായി അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു.

കോടതിയുടെ നിരീക്ഷണവും ഹർജിക്കാരന്റെ വാദവും

സസ്പെൻഷൻ ചോദ്യം ചെയ്ത് അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിഷയം നിയമപോരാട്ടത്തിലേക്ക് വഴിമാറിയത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി ചില സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ചോദ്യാവലിയിലെ ചോദ്യം തെറ്റാണെങ്കിൽപ്പോലും പ്രാഥമിക അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് ഇത്തരമൊരു സസ്പെൻഷൻ അനിവാര്യമായിരുന്നോ എന്ന് കോടതി വാക്കാൽ ആരാഞ്ഞു. അധ്യാപകന്റെ ഭാഗത്തുനിന്ന് ബോധപൂർവമായ എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. തുടർന്ന് നടപടി സ്വീകരിക്കാനുണ്ടായ കൃത്യമായ സാഹചര്യം അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകുകയായിരുന്നു.

അതേസമയം, ചരിത്രസംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചോദ്യത്തിനാണ് സവർക്കറുടെ പേര് ഉത്തരമായി നൽകിയതെന്നും ഇതിന്റെ പേരിൽ അച്ചടക്ക നടപടി നേരിടുന്നത് അന്യായമാണെന്നും അധ്യാപകൻ ഹർജിയിൽ വാദിക്കുന്നു. സവർക്കറുടെ തടവുജീവിതത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന്റെ പക്കൽ ഔദ്യോഗിക രേഖകളുണ്ടെന്നും തപാൽ സ്റ്റാമ്പ് നിലവിലുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച കടുത്ത അച്ചടക്ക നടപടിയെ സർക്കാർ കോടതിയിൽ എങ്ങനെ ന്യായീകരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ഈ കേസിലെ തുടർനടപടികൾ.

---------------

Hindusthan Samachar / Roshith K


Latest News