തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ ചത്ത നായയെ കണ്ടെത്തി; വൻ സുരക്ഷാവീഴ്ച, അന്വേഷണം ആരംഭിച്ചു
Kerala, 17 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ആരോഗ്യവിദ്യാഭ്യാസ സ്ഥാപനമായ ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ വൻ സുരക്ഷാവീഴ്ചയും ശുചിത്വ അനാസ്ഥയും. മെഡിക്കൽ കോളേജ് കാമ്പസിലെ പ്രധാന കുടിവെള്ള സംഭരണിയിൽ ചത്ത നായയുടെ ജ
തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിലെ കുടിവെള്ള ടാങ്കിൽ ചത്ത നായയെ കണ്ടെത്തി; വൻ സുരക്ഷാവീഴ്ച, അന്വേഷണം ആരംഭിച്ചു


Kerala, 17 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ആരോഗ്യവിദ്യാഭ്യാസ സ്ഥാപനമായ ഐരാണിമുട്ടം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ വൻ സുരക്ഷാവീഴ്ചയും ശുചിത്വ അനാസ്ഥയും. മെഡിക്കൽ കോളേജ് കാമ്പസിലെ പ്രധാന കുടിവെള്ള സംഭരണിയിൽ ചത്ത നായയുടെ ജഡം കണ്ടെത്തി. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരുമടക്കമുള്ള ജീവനക്കാരും വിദ്യാർത്ഥികളും കുടിക്കാനും നിത്യോപയോഗത്തിനുമായി ആശ്രയിച്ചിരുന്ന ടാങ്കിലാണ് നായയുടെ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തിയത്.

കോളേജിലും ആശുപത്രി പരിസരത്തും വിതരണം ചെയ്യുന്ന വെള്ളത്തിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി അസഹ്യമായ ദുർഗന്ധം വമിച്ചിരുന്നു. ഇതേത്തുടർന്ന് ജീവനക്കാരും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇന്നലെ രാത്രിയോടെ ഓവർഹെഡ് കുടിവെള്ള ടാങ്കിനുള്ളിൽ നായയുടെ ജഡം കിടക്കുന്നത് കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ രോഗികളും ജീവനക്കാരും വലിയ ആശങ്കയിലും അമർഷത്തിലുമാണ്.

മെഡിക്കൽ കോളേജ് വാർഡുകളിലെ രോഗികൾ, ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ നൂറുകണക്കിന് ആളുകൾ, വിദ്യാർത്ഥികൾ, നഴ്സിംഗ് ജീവനക്കാർ, ഡോക്ടർമാർ എന്നിവരെല്ലാം ഈ ടാങ്കിൽ നിന്നുള്ള വെള്ളമാണ് കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ചുവന്നിരുന്നത്. ദിവസങ്ങളോളം പഴക്കമുള്ള ജഡമാണ് ടാങ്കിൽ നിന്ന് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇതുമൂലം ഗുരുതരമായ പകർച്ചവ്യാധികളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ആരോഗ്യ സംരക്ഷണം ഉറപ്പാക്കേണ്ട ഒരു മെഡിക്കൽ കോളേജിൽ ഇത്തരത്തിലൊരു ഗുരുതര വീഴ്ച സംഭവിച്ചത് അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. സാധാരണയായി അടച്ചുറപ്പോടെ സൂക്ഷിക്കേണ്ട കുടിവെള്ള ടാങ്ക് തുറന്ന നിലയിലായിരുന്നോ അതോ മനപ്പൂർവ്വം ആരെങ്കിലും നായയെ ഉപേക്ഷിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സം ഭവത്തിൽ കോളേജ് അധികൃതരും ആരോഗ്യവകുപ്പും പോലീസും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

കുടിവെള്ള ടാങ്കുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാറില്ലെന്ന പരാതി വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ തന്നെയുണ്ട്. സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നിരീക്ഷണക്കുറവും ഈ സംഭവത്തിൽ വ്യക്തമാണ്. നിലവിൽ ടാങ്കിലെ ജലവിതരണം പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. ടാങ്ക് അടിയന്തരമായി ശുചീകരിക്കാനും സൂക്ഷ്മാണു വിമുക്തമാക്കാനും നടപടികൾ ആരംഭിച്ചു. കൂടാതെ കാമ്പസിലേക്കും ആശുപത്രിയിലേക്കും ബദൽ മാർഗ്ഗങ്ങളിലൂടെ ശുദ്ധജലം എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിവരികയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും കരാർ ജീവനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News