Enter your Email Address to subscribe to our newsletters

Thiruvanathapuram, 18 ഓഗസ്റ്റ് (H.S.)
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി വി ഡി സതീശൻ മേഖലയിലെ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളും ഭാവിയിൽ ലക്ഷ്യമിടുന്ന വികസന പ്രവർത്തനങ്ങളും വിശദമാക്കിയ മുഖ്യമന്ത്രി നിക്ഷേപകർക്കായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. വിഴിഞ്ഞം തുറമുഖത്തിന്റെ സമഗ്ര മുന്നേറ്റത്തിനായി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ഇതിനായുള്ള നടപടികൾ വേഗത്തിൽ നടന്നുവരികയാണെന്നും അറിയിച്ചു.
വ്യവസായ വാണിജ്യ മേഖലയിൽ നിർണായകമായ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി സർക്കാർ നിരന്തര ഇടപെടലുകൾ നടത്തിവരികയാണെന്നും നിക്ഷേപകർക്കുള്ള അനുകൂല സാഹചര്യങ്ങൾ ഒരുക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചരക്കു നീക്കം സുഗമമാക്കുന്നതിന് റെയിൽ, റോഡ് കണക്ടിവിറ്റി വിപുലമാക്കണമെന്നും വിഴിഞ്ഞം ഇക്കോസിസ്റ്റം വികസിപ്പിക്കണമെന്നുമുൾപ്പെടെയുള്ള ആവശ്യകതകൾ നിക്ഷേപകർ ഉന്നയിച്ചു.
എം വിൻസെന്റ് എം എൽ എ, തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ യു ഖേൽക്കർ, വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, അദാനി പോർട്‌സ് സി ഇ ഒ അശ്വനി ഗുപ്ത, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ പ്രദീപ് ജയരാമൻ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുറമുഖം സന്ദർശിച്ച് പ്രവർത്തനങ്ങളും മുഖ്യമന്ത്രി വിലയിരുത്തി . തുറമുഖത്തെ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. രാവിലെ 9 ന് വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡിന്റെ ഓഫീസിൽ എത്തിയ മുഖ്യമന്ത്രിയെ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങളും ഭാവി വികസന സാധ്യതകളും സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ശേഷം കമാൻഡിങ് ആൻഡ് കൺട്രോളിങ് സെന്റർ സന്ദർശിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും ഇന്റർനെറ്റ് ഓഫ് തിംഗ്സിന്റെയും അൽഗോരിതത്തിന്റേയും സഹായത്തോടെ ഓട്ടോമാറ്റിക്കായി കപ്പലുകളുടെ നിയന്ത്രണവും കണ്ടെയ്നറുകളുടെ നീക്കവും സുഗമമാക്കുന്നത് വിലയിരുത്തി. തുടർന്ന് ബാർജിലെത്തി കപ്പലുകളിൽ നിന്നും കണ്ടെയ്നറുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു.
എം വിൻസെന്റ് എം എൽ എ, തുറമുഖ വകുപ്പ് സെക്രട്ടറി രത്തൻ യു ഖേൽക്കർ, വിഴിഞ്ഞം സീപോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, അദാനി പോർട്‌സ് സി ഇ ഒ അശ്വനി ഗുപ്ത, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ പ്രദീപ് ജയരാമൻ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെടുന്ന സംഘം മുഖ്യമന്ത്രിയെ അനുഗമിച്ചു.
---------------
Hindusthan Samachar / Sreejith S