നിയമസഭാ കൈയാങ്കളി കേസ് : യുഡിഎഫ് എംഎല്എമാരെ കുറ്റവിമുക്തരാക്കി
Kochi, 18 ഓഗസ്റ്റ് (H.S.) നിയമസഭാ കൈയാങ്കളി കേസില്‍ യുഡിഎഫ് എംഎല്‍എമാരെ കുറ്റവിമുക്തരാക്കി. വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്തെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ യുഡിഎഫ് എംഎല്‍എ എ.ടി ജോര്‍ജിനെ കുറ്റവിമുക്തനാക്കിയതോടെയാണ് കേസ് പൂര്‍ണ്ണമായും ഇല്ലാതായ
kerala high court


Kochi, 18 ഓഗസ്റ്റ് (H.S.)

നിയമസഭാ കൈയാങ്കളി കേസില്‍ യുഡിഎഫ് എംഎല്‍എമാരെ കുറ്റവിമുക്തരാക്കി. വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്തെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ യുഡിഎഫ് എംഎല്‍എ എ.ടി ജോര്‍ജിനെ കുറ്റവിമുക്തനാക്കിയതോടെയാണ് കേസ് പൂര്‍ണ്ണമായും ഇല്ലാതായത്. സ്ത്രീത്വത്തെ അപമാനിച്ചതിലടക്കം യുഡിഎഫ് നേതാക്കള്‍ക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. മുന്‍ എംഎല്‍എമാരായ കെ. ശിവദാസന്‍ നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എം.എ വാഹിദ് എന്നിവരെ നേരത്തെ തന്നെ ഹൈക്കോടതി ഈ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേസില്‍ അവശേഷിച്ചിരുന്ന ഏക പ്രതിയായിരുന്നു എ.ടി ജോര്‍ജ്. ഇദ്ദേഹത്തെ കൂടി കുറ്റവിമുക്തനാക്കിയതോടെ ഇടതു സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസ് പൂര്‍ണ്ണമായും റദ്ദായി.

2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയ്ക്കകത്ത് വലിയ തോതിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവര്‍ സ്പീക്കറുടെ ഡയസിലേക്ക് കയറി കസേരകള്‍ മറിച്ചിടുകയും സഭയ്ക്കുള്ളില്‍ അതിക്രമം നടത്തുകയും ചെയ്തു. ഇതില്‍ ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബഹളത്തിനിടെ യുഡിഎഫ് എംഎല്‍എമാര്‍ ഇടതുപക്ഷത്തെ വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ഈ കേസ് നിലനില്‍ക്കില്ലെന്നും തങ്ങള്‍ ആരെയും കൈയേറ്റം ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സഭയിലുണ്ടായ വലിയ ബഹളത്തിനിടെ കൈമുട്ട് തട്ടിയതാണെന്നും, സ്ത്രീത്വത്തെ അപമാനിക്കാന്‍ യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു. ആദ്യ കേസില്‍ പ്രതിരോധത്തിലായപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് രണ്ടാമത്തെ കേസ് എന്നായിരുന്നു യുഡിഎഫിന്റെ പ്രധാന വാദം. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി നടപടി.

ഇതിനിടെ നിയമസഭാ കൈയാങ്കളി കേസും വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്ത കേസും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. കുഞ്ഞഹമ്മദ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി. കൈയേറ്റ കേസ് റദ്ദാക്കിയ സാഹചര്യത്തില്‍ ഇനി രണ്ട് കേസുകള്‍ ഇല്ലെന്നും, അതിനാല്‍ ഒരുമിച്ചുള്ള വിചാരണ എന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ കൈയാങ്കളി കേസില്‍ ഇടതുപക്ഷ നേതാക്കള്‍ വിചാരണ നേരിടണമെന്ന് ഉറപ്പായി. വരുന്ന സെപ്റ്റംബറിലാണ് വിചാരണ നിശ്ചയിച്ചിരിക്കുന്നത്.

നിയമസഭയ്ക്കകത്ത് നടന്ന സംഭവത്തില്‍ സാമാജികര്‍ക്ക് പ്രത്യേക സംരക്ഷണമുണ്ടെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷം സുപ്രീം കോടതി വരെ പോയിരുന്നു. എന്നാല്‍ ഈ വാദം തള്ളിയ സുപ്രീം കോടതി, നേതാക്കള്‍ വിചാരണ നേരിടാന്‍ ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News