വധശിക്ഷയ്ക്ക് ബദല് മാര്ഗം : ഹര്ജി തള്ളി സുപ്രീം കോടതി
New delhi, 18 ഓഗസ്റ്റ് (H.S.) വധശിക്ഷ നടപ്പാക്കുന്നതിന് ബദല്‍ മാര്‍ഗം കൊണ്ടുവരണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. നിലവിലുള്ള തൂക്കിലേറ്റല്‍ രീതി തന്നെ തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.. തൂക്കുകയറിന് പകരം വേദന കുറഞ്ഞ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ വേ
Supreme Court


New delhi, 18 ഓഗസ്റ്റ് (H.S.)

വധശിക്ഷ നടപ്പാക്കുന്നതിന് ബദല്‍ മാര്‍ഗം കൊണ്ടുവരണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. നിലവിലുള്ള തൂക്കിലേറ്റല്‍ രീതി തന്നെ തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.. തൂക്കുകയറിന് പകരം വേദന കുറഞ്ഞ മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് വിദഗ്ധ സമിതിയെ നിയോഗിച്ച് പരിശോധന നടത്താമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സിആര്‍പിസി) 354(5), പുതിയ ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ (ബിഎന്‍എസ്എസ്) 393(5) എന്നീ വകുപ്പുകളുടെ ഭരണഘടനാ സാധുത പുനഃപരിശോധിക്കാന്‍ വിഷയം വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് സന്ദീപ് മേത്ത വ്യക്തമാക്കി. ദീന കേസില്‍ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ഭാവിയില്‍ പുതിയ ശാസ്ത്രീയമോ വൈദ്യശാസ്ത്രപരമോ ആയ തെളിവുകള്‍ ഉയര്‍ന്നുവരികയാണെങ്കില്‍ ഈ വിഷയത്തില്‍ വീണ്ടും കോടതിയെ സമീപിക്കുന്നതിന് വിധി തടസമാകില്ല. ഭരണഘടനാ വ്യാഖ്യാനം എന്നത് കാലാനുസൃതമായി മാറേണ്ടതാണെന്നും, ശാസ്ത്രീയ അറിവുകളിലെ പുരോഗതിക്കും ഭരണഘടനാപരമായ അഭിപ്രായങ്ങളുടെ പരിണാമത്തിനും അനുസരിച്ച് അത് പ്രതികരിക്കേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. ദീന കേസിലെ വിധിയുടെ അടിസ്ഥാനം മാറ്റിമറിക്കുന്ന തരത്തിലുള്ള പുതിയ തെളിവുകള്‍ വന്നാല്‍ ഭാവിയില്‍ ഭരണഘടനാപരമായ പരിശോധനകള്‍ക്ക് ഈ വിധി തടസമാകില്ലെന്ന് കോടതി പ്രത്യേകം ഓര്‍മിപ്പിച്ചു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ അന്തസ്സ് സംരക്ഷിച്ചുകൊണ്ട്, അനാവശ്യമായ വേദന പരമാവധി കുറയ്ക്കുന്നതിന് നിലവിലെ രീതിക്ക് പകരം മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയുമോ എന്ന് കേന്ദ്ര സര്‍ക്കാരിന് പരിശോധിക്കാവുന്നതാണ്. ഇതിനായി നിയമം, ഫോറന്‍സിക് മെഡിസിന്‍, ന്യൂറോ സയന്‍സ്, ക്രിമിനോളജി തുടങ്ങിയ അനുബന്ധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സമിതി രൂപീകരിച്ച് സമഗ്രമായ പഠനം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ നിരീക്ഷണങ്ങളോടെയാണ് ഹര്‍ജി തള്ളിയത്.

മുതിര്‍ന്ന അഭിഭാഷകനായ ഋഷി മല്‍ഹോത്ര 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്. മരണം ഉറപ്പാക്കുന്നത് വരെ തൂക്കിലേറ്റുക എന്ന സിആര്‍പിസിയിലെ വ്യവസ്ഥ ഭരണഘടനാ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യം. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും തൂക്കിലേറ്റുന്ന രീതി ഇതിനകം ഉപേക്ഷിച്ചിട്ടുണ്ടെന്നും, അതിനാല്‍ ഇന്ത്യയിലും വിഷം കുത്തിവയ്ക്കുന്നത് (ലീത്തല്‍ ഇന്‍ജക്ഷന്‍) ഉള്‍പ്പെടെയുള്ള ആധുനിക ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

1983ലെ ദീന കേസില്‍ സുപ്രീം കോടതി തൂക്കിലേറ്റുന്ന രീതി ശരിവച്ചിരുന്നു. എന്നാല്‍, 2003ല്‍ ദേശീയ നിയമ കമ്മിഷന്‍ സമര്‍പ്പിച്ച 187-ാമത് റിപ്പോര്‍ട്ടില്‍ വധശിക്ഷ നടപ്പാക്കാന്‍ വിഷം കുത്തിവയ്ക്കുന്ന രീതി കൂടി ഉള്‍പ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. നിലവില്‍ രാജ്യത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമാണ് വധശിക്ഷ വിധിക്കുന്നത്. നിര്‍ഭയ കേസ് പ്രതികളെയാണ് ഇന്ത്യയില്‍ അവസാനമായി തൂക്കിലേറ്റിയത്. വധശിക്ഷ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക ക്ലേശങ്ങള്‍ ഒഴിവാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചകള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ പുതിയ വിധി ശ്രദ്ധേയമാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്

---------------

Hindusthan Samachar / Sreejith S


Latest News