സിജെപി പതിഷേധത്തിന് നേരെയുള്ള പൊലീസ് അതിക്രമം : സുപ്രീം കോടതി ഇന്ന് പരിഗണിക്കും
New delhi, 18 ഓഗസ്റ്റ് (H.S.) പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നീറ്റ്, യുജിസി നെറ്റ് പരീക്ഷകളിലെ തുടര്‍ച്ചയായ പിഴവുകള്‍ കേന്ദ്ര സര്‍ക്കാരിന്
Supreme Court


New delhi, 18 ഓഗസ്റ്റ് (H.S.)

പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നീറ്റ്, യുജിസി നെറ്റ് പരീക്ഷകളിലെ തുടര്‍ച്ചയായ പിഴവുകള്‍ കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് വിദ്യാര്‍ഥി പ്രതിഷേധങ്ങളും കോടതി കയറുന്നത്.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുന്ന കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. പൊലീസിന്റെ അമിത അധികാര പ്രയോഗം തടയുന്നതിനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും സുപ്രീം കോടതി പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന.

ഡല്‍ഹി പൊലീസിന്റെ ഡിജിറ്റല്‍ നിരീക്ഷണം ചോദ്യം ചെയ്ത് എ.എ റഹീം എം.പി നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുമോ എന്നതാണ് ഹര്‍ജിക്കാര്‍ ഉറ്റുനോക്കുന്നത്. ബിഹാറില്‍ നടന്ന വിദ്യാര്‍ഥി സമരത്തിന് നേരെ പൊലീസ് എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചെന്ന ഗുരുതരമായ ആരോപണവും നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബിഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് നേരെ നേരിട്ട് വെടിവച്ചതല്ലെന്നും, അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് ബിഹാര്‍ സര്‍ക്കാരിന്റെ വിശദീകരണം. ഈ വിഷയത്തിലും കോടതിയുടെ നിലപാട് നിര്‍ണായകമാകും.

ദേശീയ പരീക്ഷ ഏജന്‍സിയായ എന്‍ടിഎയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തുടര്‍ച്ചയായ പിഴവുകള്‍ കേന്ദ്ര സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നാലെ യുജിസി നെറ്റ് പരീക്ഷയിലും ഗുരുതരമായ വീഴ്ചകളാണ് കണ്ടെത്തിയത്. ഇതോടെ നെറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നു. ഇംഗ്ലീഷ്, സോഷ്യോളജി, കൊമേഴ്‌സ് എന്നീ മൂന്ന് പ്രധാന വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്താനിരിക്കുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ തന്നെയാണ് വലിയ അപാകതകള്‍ സംഭവിച്ചത്.

ഇംഗ്ലീഷ് ചോദ്യപേപ്പറിലെ 67 ചോദ്യങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളില്‍ നിന്ന് അതേപടി പകര്‍ത്തിയതാണെന്ന് കണ്ടെത്തി. കൊമേഴ്‌സ് പരീക്ഷയിലും സമാനമായ പിഴവുകള്‍ ആവര്‍ത്തിച്ചു. സോഷ്യോളജി പരീക്ഷയുടെ ഹിന്ദി പരിഭാഷ തയ്യാറാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചതാണ് മറ്റൊരു പ്രധാന വീഴ്ച. ഇത് ചോദ്യങ്ങളുടെ വ്യാകരണത്തില്‍ വലിയ തെറ്റുകള്‍ വരുത്താന്‍ കാരണമായി. സ്ഥിരം ഉദ്യോഗസ്ഥരാണോ അതോ പുറത്തുനിന്നുള്ളവരാണോ ചോദ്യപേപ്പര്‍ തയ്യാറാക്കിയത് എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

തുടര്‍ച്ചയായ വീഴ്ചകളുടെ പശ്ചാത്തലത്തില്‍ എന്‍ടിഎയില്‍ നിന്ന് അന്‍പതോളം പേരെ ഇതിനകം പുറത്താക്കിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. കുറ്റമറ്റ രീതിയില്‍ പരീക്ഷകള്‍ നടത്തുന്നതിനായി പുതിയ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

പരീക്ഷാ നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചെങ്കിലും, വിദ്യാര്‍ഥികളുടെ ഭാവി വച്ച് എന്‍ടിഎയ്ക്ക് എത്രകാലം മുന്നോട്ട് പോകാനാകും എന്ന ചോദ്യമാണ് പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തുന്നത്. എബിവിപി ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളും എന്‍ടിഎയ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News