Enter your Email Address to subscribe to our newsletters

Kochi, 18 ഓഗസ്റ്റ് (H.S.)
ആഭ്യന്തര വകുപ്പ് സെക്രട്ടറി മിന്‍ഹാജ് ആലത്തിനോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഡിജിപി എസ് ശ്രീജിത്തിന് എതിരായ വിജിലന്‍സ് അന്വേഷണ പരാതിയില്‍ തീരുമാനമെടുത്ത് അറിയിക്കാത്തതിലാണ് ഹൈക്കോടതി കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ഉത്തരവ് പാലിക്കാത്തതില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി മിന്‍ഹാജ് ആലം വ്യാഴാഴ്ച ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശം. പരാതിക്കാരനെ കേട്ട് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കാത്ത സാഹചര്യത്തിലാണ് നടപടി.
നേരിട്ട് ഹാജരാകാന്‍ വെള്ളിയാഴ്ച വരെ സാവകാശം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ചെറിയ കുഴപ്പമുണ്ട് എന്നും ഉദ്യോഗസ്ഥര്‍ ചുമതല നിര്‍വഹിക്കുന്നില്ലെന്നും ആണ് ഹൈക്കോടതി വാക്കാല്‍ ഉയര്‍ത്തിയ വിമര്‍ശനം. ഡിജിപി എസ് ശ്രീജിത്തിന്റെ അനുമതിയില്ലാതെ വിദേശയാത്ര ഉള്‍പ്പടെയുള്ളവയിലെ വിജിലന്‍സ് അന്വേഷണ ആവശ്യത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടത്.
വിദേശയാത്രാ വിവാദത്തില്‍ നേരത്തെ വിജിലന്‍സ് എസ്. ശ്രീജിത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിജിലന്‍സിന്റെ ക്ലിയറന്‍സ് ഇല്ലാതെ ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കിയതും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എഡിജിപിയെ ഡിജിപി ആയി നിയമിക്കുമ്പോള്‍ വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്നും കോടതി ചൂണ്ടികാണിച്ചു.എസ്. ശ്രീജിത്തിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ നടപടിക്രമങ്ങള്‍ പാലിച്ചോയെന്നാണ് ഹൈക്കോടതിയുടെ ചോദ്യം.
ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണിത്ര തിടുക്കമെന്നായിരുന്നു സര്‍ക്കാരിനോട് ഹൈക്കോടതിയുടെ വിമര്‍ശന രൂപേണയുള്ള ചോദ്യം. സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമെങ്കില്‍ ഹര്‍ജിക്കാരന് അക്കാര്യം ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരനെയും ആരോപണവിധേയനെയും ഒരുമിച്ചിരുത്തി വാദം കേട്ടത് ലജ്ജാകരമാണെന്നായിരുന്നു കോടതിയുടെ വാദം. ഉയയര്‍ന്ന സ്ഥാനത്തിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അച്ചടക്കവും സുതാര്യമാര്‍ന്ന നടപടിക്രമങ്ങളുമാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 31 നാണ് എഡിജിപി ആയിരുന്ന എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത്. ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ചതിന് പിന്നാലെയാണ്എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ സക്കാര്‍ തീരുമാനിച്ചത്. നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കാണ് പ്രൊമോഷന്‍ ലഭിക്കുക. സുരേഷ് രാജ് പുരോഹിതാണ് ഈ സ്ഥാനത്തേക്ക് വരേണ്ടത്.
പക്ഷെ അദ്ദേഹം നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണുള്ളത്. പിന്നീട് എം ആര്‍ അജിത്കുമാറിനാണ് അവസരം ലഭിക്കേണ്ടിയിരുന്നത്. പക്ഷേ ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസുമായി ബന്ധപ്പെട്ട് എം ആര്‍ അജിത്കുമാര്‍ സസ്പെന്‍ഷനിലാണ്. ഈ സാഹചര്യത്തില്‍ അടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എസ് ശ്രീജിത്തിന് നറുക്ക് വീഴുകയായിരുന്നു.
---------------
Hindusthan Samachar / Sreejith S