Enter your Email Address to subscribe to our newsletters

Thiruvanathapuram, 18 ഓഗസ്റ്റ് (H.S.)
പിണറായി വിജന്റെ മകള്‍ വീണ പ്രതിയായ മാസപ്പടി കേസില്‍ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോഴിക്കോട്ടെ പാര്‍ട്ടി നേതാക്കളുടെയും മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെയും വീടുകളില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന വെറും രാഷ്ട്രീയ പകപോക്കലാണ്. അവിടെ പരിശോധന നടത്തിയതുകൊണ്ട് ഒന്നും കണ്ടെത്താനില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജനങ്ങള്‍ക്കിടയില്‍ ഒരു പുകമറ സൃഷ്ടിക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത പരിശോധനകളാണ് നടക്കുന്നതെന്നും പ്രതിപക്ഷത്തെ ഭീതിജനകമായ അന്തരീക്ഷത്തില്‍ ആക്കുന്നതിനാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കളെ ജനങ്ങള്‍ക്ക് മുന്നില്‍ സംശയനിഴലില്‍ നിര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കമാണ് ഇ.ഡിയുടേത്. റെയ്ഡ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണെന്നും ഇത്തരം വേട്ടയാടലുകളെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടിലെ സാമ്പത്തിക സ്രോതസ്സുകള്‍ തേടിയാണ് ഇ.ഡി കോഴിക്കോട് ജില്ലയിലെ എട്ടു കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. മുഹമ്മദ് റിയാസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി. നിഖില്‍, വ്യവസായി ഷൈജല്‍, ഡി.വൈ.എഫ്.ഐ നേതാവ് നന്ദുലാല്‍, വ്യവസായി വാരിഷ് കളത്തിങ്കല്‍ തുടങ്ങിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്.
മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടി.യുടെ കമ്പനിയായ എക്‌സാലോജിക്കിലേക്ക് സി.എം.ആര്‍.എല്ലില്‍നിന്ന് എത്തിയ 2.78 കോടി രൂപയുടെ 'മണി ട്രയല്‍' (പണം പോയ വഴികള്‍) കണ്ടെത്താനാണ് ഇ.ഡി നിലവില്‍ ശ്രമിക്കുന്നത്. വീണയുടെ വീട്ടില്‍നിന്ന് നേരത്തെ പിടിച്ചെടുത്ത ഡയറിയിലെ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള പേജുകളിലെ വിവരങ്ങളുടെയും അതില്‍ പരാമര്‍ശിച്ചിട്ടുള്ള പേരുകളുടെയും അടിസ്ഥാനത്തിലാണ് റെയ്ഡ് നടപടിയെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
---------------
Hindusthan Samachar / Sreejith S