സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം
Thiruvananthapuram , 18 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം സജീവമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ക
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും;


Thiruvananthapuram , 18 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം സജീവമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത നിർദേശം നൽകിയിട്ടുള്ളത്.

ന്യൂനമർദ്ദ സ്വാധീനം; കാറ്റിനും സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമായി തുടരുന്നത്. വരും മണിക്കൂറുകളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ബംഗാൾ ഉൾക്കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് പശ്ചിമ ബംഗാൾ, ബംഗ്ലാദേശ്, ഒഡീഷ തീരങ്ങൾക്ക് സമീപമായി ശക്തമായ ഒരു ന്യൂനമർദം (Depression) രൂപപ്പെട്ടിരിക്കുന്നു. തിങ്കളാഴ്ച രാവിലെയാണ് ഈ സിസ്റ്റം ന്യൂനമർദമായി ശക്തിപ്രാപിച്ചത്. നിലവിൽ ഇത് പശ്ചിമ ബംഗാൾ കടന്ന് ജാർഖണ്ഡ്, ബിഹാർ ഭാഗങ്ങളിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.ഈ ന്യൂനമർദത്തിന്റെ ഫലമായി ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) കിഴക്കൻ സംസ്ഥാനങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

. ഈ കാലാവസ്ഥാ സിസ്റ്റം കിഴക്കൻ ഇന്ത്യയിലേക്ക് നീങ്ങുമ്പോൾ, അന്തരീക്ഷത്തിന്റെ താഴത്തെ തട്ടിലുള്ള കാറ്റിന്റെ ഗതി മാറുകയും കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് ഈർപ്പമുള്ള പടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ കാറ്റിനെ ആകർഷിക്കുകയും ചെയ്യും.ഇതിന്റെ ഭാഗമായി കേരളത്തിൽ പരക്കെ മഴയും ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകുന്നു. വ്യാഴാഴ്ച വരെ ഈ സാഹചര്യം തുടർന്നേക്കാം.

-

ശക്തമായ കാറ്റ്: മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിക്കാനും സാധ്യതയുണ്ട്.

-

മലയോര മേഖലകളിൽ ജാഗ്രത: മഴ കനക്കുന്ന സാഹചര്യത്തിൽ നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

ഉയർന്ന തിരമാലയും കടലാക്രമണ സാധ്യതയും

തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ നാളെ രാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

-

തീരദേശവാസികൾക്ക് ജാഗ്രത: തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും കടലിൽ ഇറങ്ങുന്നവരും കർശനമായ ജാഗ്രത പാലിക്കണം.

-

മത്സ്യബന്ധനം: ഇന്ന് മത്സ്യബന്ധനത്തിന് ഔദ്യോഗികമായി വിലക്കേർപ്പെടുത്തിയിട്ടില്ലെങ്കിലും, കടലിൽ പോകുന്ന തൊഴിലാളികൾ കാലാവസ്ഥാ വ്യതിയാനങ്ങളും കടലിലെ മാറ്റങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്. മോശം കാലാവസ്ഥയുള്ള മേഖലകളിൽ കൂടുതൽ മുൻകരുതൽ ആവശ്യമാണ്.

ശക്തമായ കാറ്റും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരികൾ കടലിലിറങ്ങുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News