ഹോമിയോപതി ഡോക്ടര്മാര്ക്ക് മോഡേണ് മെഡിസിന് പ്രാക്ടീസ് അനുവദിക്കാനുള്ള മഹാരാഷ്ട്ര സര്ക്കാര് തീരുമാനം പിന്വലിക്കണം: ഐ.എം.എ
Thiruvanathapuram, 18 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ 288-ാമത് സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി യോഗം 2026 ആഗസ്റ്റ് 16-ന് പാലക്കാട് ഫോര്‍ട്ട് പാലസില്‍ ഐ.എം.എ പാലക്കാട് ബ്രാഞ്ചിന്റെ
doctor


Thiruvanathapuram, 18 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ 288-ാമത് സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി യോഗം 2026 ആഗസ്റ്റ് 16-ന് പാലക്കാട് ഫോര്‍ട്ട് പാലസില്‍ ഐ.എം.എ പാലക്കാട് ബ്രാഞ്ചിന്റെ ആതിഥേയത്വത്തില്‍ വിജയകരമായി നടന്നു.

ഐ.എം.എ. കേരള സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്‍. ചന്ദ്രന്‍, മുതിര്‍ന്ന നേതാക്കള്‍, സംസ്ഥാന ഭാരവാഹികള്‍, കേരളത്തിലെ വിവിധ ഐ.എം.എ ബ്രാഞ്ചുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഐ.എം.എ. പാലക്കാട് പ്രസിഡന്റ് ഡോ. ആര്‍. സത്യജിത്ത് സ്വാഗതം ആശംസിച്ചു.

യോഗത്തില്‍ ഡോക്ടര്‍മാരുടെ തൊഴില്‍ മേഖല, ആരോഗ്യപരിപാലനം, ഡോക്ടര്‍മാരുടെ ക്ഷേമവും സുരക്ഷയും, ആരോഗ്യരംഗത്തെ സമകാലിക വിഷയങ്ങള്‍ എന്നിവ വിശദമായി ചര്‍ച്ച ചെയ്തു. ഐ.എം.എ.യുടെ വിവിധ പ്രവര്‍ത്തനങ്ങളും പദ്ധതികളും അവലോകനം ചെയ്യുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

ഹോമിയോപതി ഡോക്ടര്‍മാര്‍ക്ക് ചുരുങ്ങിയ കാലയളവിലെ ഫാര്‍മക്കോളജി കോഴ്‌സ് പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിനായി മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി ശക്തമായി അപലപിച്ചു.

മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിന് ആവശ്യമായ സമഗ്രമായ മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ദീര്‍ഘകാല ക്ലിനിക്കല്‍ പരിശീലനത്തിനും ഒരു ഹ്രസ്വകാല ഫാര്‍മക്കോളജി കോഴ്‌സ് ഒരിക്കലും പകരമാകില്ലെന്ന് ഐ.എം.എ. കേരള വ്യക്തമാക്കി. ഇത്തരം തീരുമാനം രോഗികളുടെ സുരക്ഷയെയും ചികിത്സയുടെ നിലവാരത്തെയും പ്രതികൂലമായി ബാധിക്കാവുന്ന ഗുരുതരമായ നടപടിയാണ്.

മെഡിക്കല്‍ പ്രാക്ടീസിനുള്ള രജിസ്‌ട്രേഷന്‍ ശാസ്ത്രീയവും സമഗ്രവുമായ മെഡിക്കല്‍ വിദ്യാഭ്യാസവും ആവശ്യമായ ക്ലിനിക്കല്‍ പരിശീലനവും അടിസ്ഥാനമാക്കിയായിരിക്കണം. രോഗികളുടെ സുരക്ഷയില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കാനാകില്ലെന്നും ഐ.എം.എ. കേരള വ്യക്തമാക്കി.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഈ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് ഐ.എം.എ. കേരള ആവശ്യപ്പെട്ടു. തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്ന ഐ.എം.എ. മഹാരാഷ്ട്രയ്ക്ക് പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച കേരള ഐ.എം.എ., രോഗികളുടെ സുരക്ഷയും മോഡേണ്‍ മെഡിസിന്റെ നിലവാരവും സംരക്ഷിക്കുന്നതിനായി ദേശീയ ഐ.എം.എ.യുടെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ ജനാധിപത്യപരവും നിയമാനുസൃതവുമായ പ്രവര്‍ത്തനങ്ങളിലും സജീവമായി സഹകരിക്കുമെന്നും അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News