Enter your Email Address to subscribe to our newsletters

Alappuzha, 18 ഓഗസ്റ്റ് (H.S.)
കരുവാറ്റയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 13 കാരിയായ പേരക്കുട്ടിയാണ് മുത്തച്ഛനെ കൊല്ലാന് ക്വട്ടേഷന്‍ കൊടുത്തത്. സ്വര്‍ണവും പണവും കവരാനായിട്ടായിരുന്നു കൊലപാതകം. കേസില്‍ എട്ടാം ക്ലാസുകാരി പേരക്കുട്ടിയും 3 സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയില്‍ ആയിട്ടുണ്ട്. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 1
കരുവാറ്റയില്‍ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂര്‍ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസില്‍ ശിവന്‍കുട്ടി ചെട്ടിയാരാണ് (65) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.ശനിയാഴ്ച വൈകിട്ടാണ് ശിവന്‍കുട്ടിയെ അവസാനമായി അയല്‍വാസികള്‍ വീടിന് പുറത്തു കണ്ടത്. അന്നു രാത്രിയാകണം കൊലപാതകം നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
കൊലപാതകത്തിനുശേഷം പ്രതികള്‍ ദൃശ്യങ്ങള്‍ ഫോണിലൂടെ 13കാരിക്ക് കാണിച്ചു കൊടുത്തു. പെണ്‍കുട്ടിക്ക് ഐഫോണും പ്രതികള്‍ക്ക് ബൈക്കും വാങ്ങാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടതെന്നാണ് നിഗമനം. രണ്ടു ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി പേരക്കുട്ടി തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്. പിന്നാലെ അവര്‍ നടത്തിയ പരിശോധനയിലാണ് ശിവന്‍കുട്ടി ചെട്ടിയാരുടെ മൃതദേഹം കണ്ടെത്തിയത്.
ശിവന്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് നിന്ന് ആഭരണങ്ങളും പണവും കവര്‍ന്നിരുന്നു. കൈകളും കാലും പിന്നിലേക്കു വലിച്ചു കെട്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലാണ് ശിവന്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് മുളകുപൊടി വിതറിയിരുന്നു. വീട്ടിലെ കിടക്കവിരികളും മറ്റും ഉപയോഗിച്ചാണു കൈകാലുകള്‍ കൂട്ടിക്കെട്ടിയിരുന്നത്. കിടപ്പുമുറിയിലെ അലമാര പൊളിച്ചിട്ടിരുന്നു.
മകളുടെ പ്രസവത്തിനായി ശിവന്‍കുട്ടിയുടെ ഭാര്യയും ആശുപത്രിയിലായിരുന്നു. വാടകവീട്ടില്‍ ശിവന്‍കുട്ടിയും പേരക്കുട്ടിയും മാത്രമാണുണ്ടായിരുന്നത്. മറ്റൊരു മകള്‍ ശശികല വിദേശത്താണ്. വാടകവീടിനു സമീപം മക്കള്‍ക്കുവേണ്ടി 2 വീടുകള്‍ പണിതു കൊണ്ടിരിക്കുകയാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍. ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
---------------
Hindusthan Samachar / Sreejith S