Enter your Email Address to subscribe to our newsletters

Thiruvanathapuram, 18 ഓഗസ്റ്റ് (H.S.)
സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ചടങ്ങില്‍ വൈകി എത്തിയതില്‍ നീരസം പരസ്യമായി തുറന്ന് പറഞ്ഞ് സംവിധായകന്‍ അടുര്‍ ഗോപാലകൃഷ്ണന്‍. മന്ത്രി ഉദ്ഘാടനം ചെയ്യേണ്ട ഫിലിം സൊസൈറ്റി അസോസിയേഷന്‍ പരിപാടിയിലാണ് രണ്ടു മണിക്കൂര്‍ വൈകി എത്തിയത്. രണ്ടുമണിക്ക് ആരംഭിക്കേണ്ട പരിപാടിക്ക് രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും മന്ത്രി എത്തിയില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ വേദിയില്‍ സംസാരിക്കാതെ മന്ത്രിക്കായി കാത്തിരുന്നു. പിന്നാലെ പ്രസംഗിച്ച അദ്ദേഹം നീരസം പരസ്യമാക്കി.
നേരത്തെ ഒരു സാംസ്‌കാരിക വകുപ്പ് മന്ത്രി ചര്‍ച്ചയ്ക്കായി വിളിച്ച് ഒന്നര മണിക്കൂര്‍ കാത്തിരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പോകേണ്ടതില്ലെന്ന് അന്ന് തീരുമാനിച്ചതാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അവര്‍ക്ക് വലിയ തിരക്കുകളുണ്ട്, നമുക്കും ചെറിയ തിരക്കുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.എഫ്.എഫ്.കെയുടെ നടത്തിപ്പിനെപ്പറ്റിയുള്ള ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
'ഐ.എഫ്.എഫ്.കെ. അന്താരാഷ്ട്രതലത്തില്‍ ഇതുവരെ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അന്താരാഷ്ട്ര ജൂറി വേണം. ആരെയെങ്കിലും കൊണ്ടുവന്ന് ജൂറിയെ വെക്കുകയല്ല വേണ്ടത്. ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ ഉത്തരവാദിത്തപ്പെട്ട ആരെയും ഏര്‍പ്പെടുത്തിയിട്ടില്ല', അടൂര്‍ പറഞ്ഞു.
'ചെയര്‍മാന്‍ എന്ന നിലയില്‍ ഉത്തരവാദിത്തമുള്ള ഒരാളെ വേണം. വിവരവും അനുഭവവുമുള്ള ഒരാളെ അക്കാദമി ചെയര്‍മാനാക്കണം. അല്ലെങ്കില്‍ അത് പേരുദോഷമുണ്ടാക്കും. ഐ.എഫ്.എഫ്.കെയുടെ വെബ്സൈറ്റ് കണ്ടാല്‍ സങ്കടകരമാണ്. പ്രധാന പ്രശ്നം, താത്പര്യമില്ലാത്തവരാണ് ഇതിന് നേതൃത്വം നല്‍കുന്നത് എന്നതാണ്', അടൂര്‍ കുറ്റപ്പെടുത്തി.
മന്ത്രി വേദിയിലിരിക്കെയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. രണ്ട് മണിക്കൂറായപ്പോള്‍ താന്‍ പോകുന്നതിനെപ്പറ്റി ചിന്തിച്ചുവെന്നും നീരസം ഉണ്ടാക്കണ്ട എന്നുകരുതിയാണ് പോകാതെയിരുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
എല്ലാ പ്രശ്നങ്ങളും മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്ന് പരിപാടിക്ക് പിന്നാലെ അടൂര്‍ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചിട്ടുണ്ടെന്നും പക്ഷേ അത് വെളിപ്പെടുത്താന്‍ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---------------
Hindusthan Samachar / Sreejith S