മാസപ്പടി കേസിലെ ഇഡി നടപടി രാഷ്ട്രീയപ്രേരിതം; നിഖിലിന് പിന്തുണയുമായി സിപിഎം
Kozhikkode, 18 ഓഗസ്റ്റ് (H.S.) പിണറായി വിജയന്റെ മകള്‍ വീണ പ്രതിയായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി നടപടികള്‍ രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം. ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി നിഖിലിനെ നേതൃത്വം പിന്തുണ പ്രഖ്യാപിച്ചു. നടക
Enforcement directorate


Kozhikkode, 18 ഓഗസ്റ്റ് (H.S.)

പിണറായി വിജയന്റെ മകള്‍ വീണ പ്രതിയായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി നടപടികള്‍ രാഷ്ട്രീയപ്രേരിതമെന്ന് സിപിഎം. ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി നിഖിലിനെ നേതൃത്വം പിന്തുണ പ്രഖ്യാപിച്ചു. നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്ഡ് ആണെന്നും നിഖിലിന് രാഷ്ട്രീയ പിന്തുണ നല്‍കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. ഇഡി പരിശോധനക്കിടെ നിഖിലിന്റെ ഫ്‌ലാറ്റില്‍ എത്തിയപ്പോഴാണ് മെഹബൂബിന്റെ പ്രതികരണം.

ഇഡിയെ കൊണ്ടുനടക്കുന്നത് ഇപ്പോള്‍ ബിജെപി മാത്രമല്ല. കോണ്‍ഗ്രസ് കൂടിയാണെന്നും മെഹബൂബ് ആരോപിച്ചു. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. നിഖിലുമായി സംസാരിച്ചു. നിഖിലിനെ ഇഡി ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മാസപ്പടി കേസിലെ ഇഡി അന്വേഷണം മുന്‍ മന്ത്രിയായ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും വ്യാപിപ്പിക്കുകയാണ്.

ഡിടിപിസി ഡെസ്റ്റിനേഷന്‍ കോ ഓര്‍ഡിനേറ്റര്‍ നന്ദുലാല്‍, സിപിഎം സെക്രട്ടറിയേറ്റ് അംഗവും സൊലൈസ് കമ്പനി ഉടമയുമായ നിഖില്‍, ഷൈജല്‍, ഫൈജാസ് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തിവരികയാണ്. ഇതിന് പുറമെ ഇവരുടെ സ്ഥാപനങ്ങളിലും വ്യാപകമായി റെയ്ഡ് നടത്തുന്നുണ്ട്. എക്സാലോജിക്കില്‍ നിന്ന് പണം പുറത്തേക്ക് പോയതിലാണ് അന്വേഷണം നടത്തുന്നത്.

നിഖില്‍ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ആയിരുന്നു. നിലവില്‍ ബിസിനസ് ചെയ്യുന്ന നിഖില്‍ സോലൈസ് എന്ന കമ്പനിയുടെ ഉടമയാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ ഡയറിയില്‍ നിന്നുമാണ് നിഖിലിന്റെ വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്. നിഖിലിന് പുറമേ മറ്റ് മൂന്ന് പേരുടെ വിവരങ്ങളും ഡയറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

ഇവര്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെന്നാണ് വീണ നല്‍കിയ മൊഴി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഇവരുടെ വീടുകളില്‍ ഇഡി പരിശോധന നടത്തുന്നത്. നിഖിലിന്റെ ഫറോഖ് കരുവന്‍ തുരുത്തിയിലെ തറവാട് വീട്ടിലും ഇഡി പരിശോധന നടത്തി. കോഴിക്കോട് അടക്കം എട്ടിടങ്ങളില്‍ ഇഡിയുടെ പരിശോധന തുടരുകയാണ്. ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്.

കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ സ്ഥാപനം മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് 'മാസപ്പടി' എന്ന പേരില്‍ പണം നല്‍കി എന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലൂടെയാണ് വിവാദം ആരംഭിക്കുന്നത്. യാതൊരു സേവനവും നല്‍കാതെയാണ് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ഇത് സംബന്ധിച്ച് എസ്എഫ്‌ഐഒ നടത്തിയ അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News