വിഴിഞ്ഞത്ത് പുതിയ ചരിത്രം: കരമാർഗമുള്ള ചരക്കുനീക്കത്തിനും 'മിഷൻ സമുദ്ര'യ്ക്കും ഇന്ന് തുടക്കം
Thiruvananthapuram , 18 ഓഗസ്റ്റ് (H.S.) തിരുവനന്തപുരം: കേരളത്തിന്റെ വികസന ഭൂപ്പടത്തിൽ സുവർണ്ണ അധ്യായം രചിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമ്പൂർണ്ണ വാണിജ്യ ചരക്കുനീക്കത്തിലേക്ക് കടക്കുന്നു. തുറമുഖത്ത് നിന്നുള്ള കരമാർഗ്ഗമുള്ള എക്സിം (EXIM - കയറ്റ
വിഴിഞ്ഞത്ത് പുതിയ ചരിത്രം: കരമാർഗമുള്ള ചരക്കുനീക്കത്തിനും 'മിഷൻ സമുദ്ര'യ്ക്കും ഇന്ന് തുടക്കം


Thiruvananthapuram , 18 ഓഗസ്റ്റ് (H.S.)

തിരുവനന്തപുരം: കേരളത്തിന്റെ വികസന ഭൂപ്പടത്തിൽ സുവർണ്ണ അധ്യായം രചിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമ്പൂർണ്ണ വാണിജ്യ ചരക്കുനീക്കത്തിലേക്ക് കടക്കുന്നു. തുറമുഖത്ത് നിന്നുള്ള കരമാർഗ്ഗമുള്ള എക്സിം (EXIM - കയറ്റുമതി-ഇറക്കുമതി) ചരക്ക് ഗതാഗതത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബ് എന്നതിനപ്പുറം, ഇന്ത്യയുടെയും കേരളത്തിന്റെയും നേരിട്ടുള്ള വിപണി സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നിടുന്ന വാണിജ്യ കവാടമായി വിഴിഞ്ഞം മാറുന്നതോടെ തുറമുഖം കടലിൽനിന്ന് കരയിലേക്ക് വളരുകയാണ്.

ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോബാൾ മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാനത്തെ വ്യാവസായിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കും.

'മിഷൻ സമുദ്ര' പദ്ധതിയുടെ പ്രഖ്യാപനം

തുറമുഖാധിഷ്ഠിത വ്യവസായ വികസനവും ലോജിസ്റ്റിക്സ് ശൃംഖലയുടെ ശാക്തീകരണവും ലക്ഷ്യമിട്ടുള്ള സമഗ്ര വികസന പദ്ധതിയായ 'മിഷൻ സമുദ്ര'യുടെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ഇതോടൊപ്പം നടക്കും. വിഴിഞ്ഞത്തെ കേന്ദ്രീകരിച്ച് തിരുവനന്തപുരം മുതൽ സംസ്ഥാനത്തെ 600 കിലോമീറ്റർ തീരപ്രദേശത്തെ സാമ്പത്തിക ഇടനാഴിയാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

-

നിക്ഷേപവും ഘടനയും: ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 400 കോടി രൂപയുടെ കാറ്റലിറ്റിക് ഫണ്ട് അനുവദിച്ചിട്ടുണ്ട്.

-

പ്രധാന സ്തംഭങ്ങൾ: തുറമുഖ കണക്റ്റിവിറ്റി, പുതിയ നഗരങ്ങളും ലോജിസ്റ്റിക്സ് പാർക്കുകളും, ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകൾ എന്നീ മൂന്ന് തലങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക.

-

ക്ലസ്റ്ററുകൾ: ഭക്ഷ്യ സംസ്കരണം, സമുദ്രോത്പന്നങ്ങൾ, ആയുർവേദം, ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, ഇലക്ട്രോണിക്സ് എന്നിവയ്ക്കായി എട്ടോളം പ്രത്യേക വ്യവസായ ക്ലസ്റ്ററുകൾ സ്ഥാപിക്കും.

ചരക്കുനീക്കത്തിൽ വലിയ മാറ്റം

ഇതുവരെ യൂറോപ്പിലേക്കും മറ്റ് പാശ്ചാത്യ വിപണികളിലേക്കും ചരക്കുകൾ അയക്കാൻ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന വ്യാപാരികൾക്ക് ഇനി വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ കയറ്റി അയക്കാം.

-

സമയലാഭവും ചെലവ് ചുരുക്കലും: ഇടനില തുറമുഖങ്ങളിലെ കാത്തിരിപ്പ് ഒഴിവാകുന്നതിലൂടെ ട്രാൻസിറ്റ് സമയം ഗണ്യമായി കുറയും. ചരക്കുകടത്ത് ചെലവിൽ 20 മുതൽ 30 ശതമാനം വരെ ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

-

കർഷകർക്കും ചെറുകിട സംരംഭകർക്കും നേട്ടം: സുഗന്ധവ്യഞ്ജന വ്യാപാരം, കശുവണ്ടി, കൈത്തറി, സമുദ്രോത്പന്നങ്ങൾ എന്നീ മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭകർക്ക് നേരിട്ട് ആഗോള വിപണി ലഭിക്കും.

-

അടിസ്ഥാന സൗകര്യങ്ങൾ: കരമാർഗ്ഗമുള്ള ചരക്കുനീക്കത്തിനായി ദേശീയപാത 66-ലേക്ക് പ്രത്യേക റോഡ് സൗകര്യവും തുറമുഖത്തിനകത്ത് കസ്റ്റംസ് ബോണ്ടഡ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ സംസ്ഥാനത്ത് വെയർഹൗസിങ്, കോൾഡ് സ്റ്റോറേജ്, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ എന്നിവ വ്യാപകമാവുകയും പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കേരളത്തെ ഉപഭോക്തൃ സംസ്ഥാനത്തിൽ നിന്ന് ഉത്പാദന-കയറ്റുമതി കേന്ദ്രമാക്കി മാറ്റാനുള്ള നിർണായക ചുവടുവയ്പ്പാണ് ഈ പദ്ധതി.

---------------

Hindusthan Samachar / Roshith K


Latest News