Enter your Email Address to subscribe to our newsletters

Kochi, 18 ഓഗസ്റ്റ് (H.S.)
കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ആഭ്യന്തര വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേസിൽ ആരോപണവിധേയനായ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ മടിക്കുന്ന സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഇരട്ടത്താപ്പാണ് കോടതിയെ ചൊടിപ്പിച്ചത്.
കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിന് നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയ ഡിവൈ.എസ്.പി സുധീർ കല്ലനെതിരെ ഇതുവരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസ് പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ആഭ്യന്തര വകുപ്പിന്റെ നിഷ്ക്രിയത്വത്തിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.
നടപടികളിൽ കടുത്ത പക്ഷപാതം
പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും നടപടികൾ കടുത്ത പക്ഷപാതപരമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള പ്രത്യേക ദൗത്യങ്ങളിലൂടെ ചിലരെ അറസ്റ്റ് ചെയ്ത് വാർത്തകളിൽ ഇടംപിടിക്കുന്നത് ഒഴിച്ചാൽ, കേസന്വേഷണത്തിലും ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികളിലും പൂർണ്ണമായ അനാസ്ഥയും പക്ഷപാതവുമാണ് പ്രകടമാകുന്നത്. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥൻ ഗുരുതരമായ കുറ്റകൃത്യത്തിന് ഒത്താശ ചെയ്തതായി തെളിഞ്ഞിട്ടും സംരക്ഷിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നതെന്നും കോടതി വിമർശിച്ചു.
മാതാപിതാക്കളുടെ ഉപഹർജി വിധി പറയാൻ മാറ്റി
മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നിതിൻ രാജിന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഉപഹർജി സമർപ്പിച്ചിരുന്നു. അന്വേഷണത്തിലെ ഗുരുതരമായ പാളിച്ചകളും പോലീസിന്റെ ഒത്തുകളിയും അക്കമിട്ടു നിരത്തുന്നതാണ് ഹർജി. ഈ ഉപഹർജിയിൽ വിശദമായ വാദം കേട്ട കോടതി കേസ് അന്തിമ ഉത്തരവിനായി മാറ്റി. വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ശക്തമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമം
കോളേജ് വിദ്യാർത്ഥിയുടെ അസ്വാഭാവിക മരണത്തിൽ തുടക്കം മുതലേ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് വലിയ തോതിലുള്ള അട്ടിമറികൾ നടന്നിരുന്നുവെന്നാണ് ആരോപണം. മുഖ്യപ്രതി ഡോ. റാമിന് മുൻകൂർ ജാമ്യമെടുക്കാനും തെളിവുകൾ നശിപ്പിക്കാനും ഡിവൈ.എസ്.പി സുധീർ കല്ലൻ നേരിട്ട് ഒത്താശ ചെയ്തുവെന്നാണ് കണ്ടെത്തൽ. ഉന്നത തലത്തിൽ സ്വാധീനമുള്ള പ്രതികളെ രക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർ തന്നെ കൂട്ടുനിന്നുവെന്ന വസ്തുത നിലനിൽക്കെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ മെല്ലെപ്പോക്ക്.
ഹൈക്കോടതിയുടെ ഈ ഇടപെടൽ ആഭ്യന്തര വകുപ്പിനും സർക്കാരിനും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കോടതി പുറപ്പെടുവിക്കാനിരിക്കുന്ന ഉത്തരവിൽ ഡിവൈ.എസ്.പിക്കെതിരായ നടപടിയും തുടരന്വേഷണവും സംബന്ധിച്ച സുപ്രധാന നിർദേശങ്ങൾ ഉണ്ടായേക്കും.
---------------
Hindusthan Samachar / Roshith K