Enter your Email Address to subscribe to our newsletters

Kerala, 18 ഓഗസ്റ്റ് (H.S.)
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷങ്ങള്‍ക്ക് ഈ മാസം 24 ന് തുടക്കമാകും. തലസ്ഥാന നഗരത്തില്‍ 35 വേദികളിലായി 340 ലേറെ കലാപരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുമെന്ന് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. മൂവായിരത്തോളം കലാകാരന്‍മാരും അണിയറ പ്രവര്‍ത്തകരും ഈ പരിപാടികളുടെ ഭാഗമാകും.
24ന് വൈകിട്ട് 5.30ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വാരാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. സിനിമാതാരം കുഞ്ചാക്കോ ബോബന്‍ മുഖ്യാതിഥിയായിരിക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി സിനിമാതാരം ശോഭന അവതരിപ്പിക്കുന്ന നൃത്തം നിശാഗന്ധിയില്‍ നടക്കും.
30 ന് നിശ്ചല ദൃശ്യങ്ങളുള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സമാപന ഘോഷയാത്രയില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 13 ജില്ലകളിലും ഡിടിപിസിയുടെ നേതൃത്വത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഈ ദിവസങ്ങളില്‍ കലാപരിപാടികള്‍ നടക്കും.
വാരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ട്രേഡ് ഫെയര്‍ ഓഗസ്റ്റ് 21 ന് മന്ത്രി കെ മുരളീധരനും ഫുഡ് ഫെസ്റ്റിവല്‍ 23 കനകക്കുന്നില്‍ മന്ത്രി സിപി ജോണും ഉദ്ഘാടനം ചെയ്യും. 21 ന് കോവളത്ത് നിന്ന് ആരംഭിക്കുന്ന പതാക ഘോഷയാത്ര വിവിധ നിയോജക മണ്ഡലങ്ങളിലൂടെ പര്യടനം നടത്തി 23 ന് കനകക്കുന്നില്‍ സമാപിക്കും. തുടര്‍ന്ന് അന്ന് ഓണപ്പതാക ഉയര്‍ത്തി നഗരത്തിലെ വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ നടത്തും.
വിവിധ ദിവസങ്ങളിലായി നടക്കുന്ന കലാപരിപാടികളില്‍ ഉണ്ണി മേനോന്‍, ഹരിശങ്കര്‍, അനൂപ് ശങ്കര്‍, വിനീത് ശ്രീനിവാസന്‍, ഹരീഷ് ശിവരാമകൃഷ്ണന്‍, സൂരജ് സന്തോഷ്, നിത്യമാമന്‍, മധു ബാലകൃഷ്ണന്‍, അരവിന്ദ് വേണുഗോപാല്‍, പന്തളം ബാലന്‍, നജീം അര്‍ഷാദ്, മഞ്ജരി, വൈക്കം വിജയലക്ഷ്മി, അഭയ ഹിരണ്‍മയി, സച്ചിന്‍ വാര്യര്‍, രശ്മി സതീഷ്, അപര്‍ണ രാജീവ്, അതുല്‍ നറുകര, തുടങ്ങിയ ഗായകരും സംഗീതജ്ഞരും പങ്കെടുക്കും.
ഇത്തവണ കനകക്കുന്ന് വളപ്പിലെ ആഘോഷ മേഖലയെ ബിസിനസ് സോണ്‍, ഫ്യൂച്ചര്‍സോണ്‍, ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ സോണ്‍, ഫുഡ് സോണ്‍ എന്നിങ്ങനെ നാലു സോണുകളാക്കി തിരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംഘടിപ്പിക്കുക.
ഇതിനായി ശുചിത്വ മിഷനുമായി സഹകരിച്ച് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗര സഭയും പരിപാടികളുമായി സഹകരിക്കുമെന്നറിയിച്ചിട്ടുണ്ട്. കവടിയാര്‍ മുതല്‍ അട്ടക്കുളങ്ങരവരെയും വെള്ളയമ്പലം മുതല്‍ ശാസ്തമംഗലം വരെയും വാരാഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും വൈദ്യുതി ദീപാലങ്കാരങ്ങള്‍ ഉണ്ടായിരിക്കും.
---------------
Hindusthan Samachar / Sreejith S