പൂഞ്ഞാറിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ധൂർത്ത്: പി.സി. ജോർജിന്റെ വെളിപ്പെടുത്തലിൽ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ
Kottayam, 18 ഓഗസ്റ്റ് (H.S.) കോട്ടയം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി നാലരക്കോടിയിലധികം രൂപ ചെലവഴിച്ചെന്ന മുതിർന്ന നേതാവ് പി.സി. ജോർജിന്റെ തുറന്നുപറച്ചിലിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് പൂഞ്ഞാർ മുൻ എംഎൽഎ അ
പൂഞ്ഞാറിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ധൂർത്ത്: പി.സി. ജോർജിന്റെ വെളിപ്പെടുത്തലിൽ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ


Kottayam, 18 ഓഗസ്റ്റ് (H.S.)

കോട്ടയം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി നാലരക്കോടിയിലധികം രൂപ ചെലവഴിച്ചെന്ന മുതിർന്ന നേതാവ് പി.സി. ജോർജിന്റെ തുറന്നുപറച്ചിലിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് പൂഞ്ഞാർ മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. വിഷയത്തിൽ കേരള പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഔദ്യോഗികമായി പരാതി നൽകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ബിജെപി നേതൃത്വം പൂഞ്ഞാറിൽ കോടിക്കണക്കിന് രൂപ ഒഴുക്കിയതെന്ന് പാർട്ടി നേതാവ് തന്നെ പരസ്യമായി സമ്മതിച്ചിരിക്കുകയാണ്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനും വോട്ടർമാരെ സ്വാധീനിക്കാനും വഴിവിട്ട രീതിയിൽ കള്ളപ്പണം ഉപയോഗിച്ചുവെന്നത് അതീവ ഗുരുതരമായ വിഷയമാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിത്. അതിനാൽ സംഭവത്തിൽ ഉന്നതതല അന്വേഷണം അനിവാര്യമാണെന്നും കുളത്തുങ്കൽ ആവശ്യപ്പെട്ടു.

മലക്കംമറിയൽ പാർട്ടി സമ്മർദ്ദം മൂലം

നാലരക്കോടി രൂപയുടെ ചെലവഴിക്കലും ഫണ്ട് വിനിയോഗത്തിലെ തട്ടിപ്പും തുറന്നുപറഞ്ഞതിന് പിന്നാലെ പ്രസ്താവന തിരുത്തി പി.സി. ജോർജ് രംഗത്തെത്തിയത് ബിജെപി നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദം കാരണമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ചൂണ്ടിക്കാട്ടി. പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ പ്രസ്താവന പുറത്തുവന്നതോടെ നേതൃത്വം അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മലക്കംമറിയിക്കുകയായിരുന്നു. യഥാർത്ഥത്തിൽ നടന്ന കാര്യങ്ങൾ തന്നെയാണ് ജോർജ് ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് അതിൽ നിന്നും പിന്നോട്ടുപോയത് പൊതുസമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പി.സി. ജോർജിന്റെ ശൈലി ആക്ഷേപത്തിന്റേത്

പി.സി. ജോർജിന്റെ രാഷ്ട്രീയ സംസ്കാരത്തെയും നിലപാടുകളെയും സെബാസ്റ്റ്യൻ കുളത്തുങ്കൽ രൂക്ഷമായി വിമർശിച്ചു. ആരെ വേണമെങ്കിലും വ്യക്തിഹത്യ നടത്തുകയും പൊതുവേദികളിൽ ആക്ഷേപിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവിനെപ്പോലും പരസ്യമായി അവഹേളിക്കാൻ മടി കാണിക്കാത്ത വ്യക്തിയാണ് അദ്ദേഹം.

കേരളത്തിലെ ശാന്തമായ സാമൂഹിക അന്തരീക്ഷത്തിൽ വിഷം കലർത്താനും മത-വർഗീയ വിദ്വേഷം പടർത്താനും ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾ നിരന്തരം നടത്തുന്നത് പി.സി. ജോർജിന്റെ പതിവാണ്. ഇത്തരം നിലപാടുകൾ രാഷ്ട്രീയ ബോധമുള്ള കേരള ജനത പുച്ഛിച്ചുതള്ളുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ കൂട്ടിച്ചേർത്തു. ബിജെപിയുടെ തെരഞ്ഞെടുപ്പ് അഴിമതിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

---------------

Hindusthan Samachar / Roshith K


Latest News