ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ നൽകണം - ബാലാവകാശ കമ്മീഷൻ
Thiruvanathapuram, 18 ഓഗസ്റ്റ് (H.S.) ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിൻ നൽകാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്. 2018-ൽ സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതി പ്രകാരം ലഭ്യമായിരുന്ന ഗുണമേന്മയുള്ള മരുന്നുകളും ആനുകൂല്യങ
chied commision


Thiruvanathapuram, 18 ഓഗസ്റ്റ് (H.S.)

ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിൻ നൽകാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്.

2018-ൽ സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ പദ്ധതി പ്രകാരം ലഭ്യമായിരുന്ന ഗുണമേന്മയുള്ള മരുന്നുകളും ആനുകൂല്യങ്ങളും തുടർന്നും ലഭ്യമാക്കാനുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി, സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവർ സ്വീകരിക്കേണ്ടതാണ്.

2025- 26 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ മിഠായി പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾ ഒഴിവാക്കി മിഠായി ക്ലിനിക്കുകളുടെ പ്രവർത്തനാരംഭം മുതൽ നൽകിവന്നിരുന്ന മുഴുവൻ മരുന്നുകളും ആനുകൂല്യങ്ങളും തുടർന്നും കുട്ടികൾക്ക് നൽകാൻ വേണ്ട നടപടികൾ സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സ്വീകരിക്കണം.

കമ്മീഷന്റെ ശുപാർശയിൽ എതിർകക്ഷികൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം കമ്മീഷനിൽ സമർപ്പിക്കേണ്ടതാണെന്നും ചെയർപേഴ്സൺ.കെ. വി മനോജ് കുമാർ, മെമ്പർമാരായ ഡോ. എഫ് വിൽസൺ, പി ഷാജേഷ് ഭാസ്കർ എന്നിവരടങ്ങിയ ഫുൾ ബഞ്ച് ഉത്തരവിട്ടു.

ഗുണമേന്മ കുറഞ്ഞ ഇൻസുലിൻ കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതും പഠനം മുടങ്ങുന്നതുമായ സാഹചര്യം ചൂണ്ടിക്കാണിച്ച് പൊതുപ്രവർത്തകയായ ബുഷ്‌റ ഷിഹാബും വിവിധ കുട്ടികളുടെ മാതാപിതാക്കളും സമർപ്പിച്ച അനുബന്ധപരാതികളിലുമാണ് ഉത്തരവ്.

മിഠായി പദ്ധതി വഴി കഴിഞ്ഞ ഒന്നര വർഷത്തിലധികമായി പ്രമേഹ ബാധിതരായ കുട്ടികൾക്ക് ഗുണമേന്മ കുറഞ്ഞ ഇൻസുലിൻ ആണ് വിതരണം ചെയ്യുന്നതെന്നാണ് പരാതി. ഗുണമേന്മ കുറഞ്ഞ മരുന്ന് ഉപയോഗിച്ച് കുട്ടികൾ DKA ( Diabetic ketoacidosis ) എന്ന ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ പരാതി ഫയലിൽ സ്വീകരിക്കുകയും ഉത്തരവിറക്കുകയുമായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News