Enter your Email Address to subscribe to our newsletters

New delhi, 18 ഓഗസ്റ്റ് (H.S.)
ന്യൂഡല്‍ഹി: വന്ദേമാതരം വിവാദത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. എഐസിസി അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞിരിക്കുന്നത്. താന്‍ ആദ്യമായി എംഎല്‍എയാകുന്ന സമയത്ത് അമിത് ഷാ കുട്ടിയായിരുന്നു എന്ന് ഖാര്‍ഗെ പറഞ്ഞു. ഗോവയില്‍ തിങ്കളാഴ്ച നടന്ന പൊതുറാലിയിലാണ് 84-കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'മാഡം സോണിയാ ഗാന്ധിക്കെതിരെ അമിത് ഷാ സംസാരിക്കുന്നു. ഗാന്ധി കുടുംബത്തിനെതിരെ സംസാരിക്കുന്നു. ഞാന്‍ ആദ്യമായി എംഎല്‍എയാകുമ്പോള്‍ അമിത് ഷാ കുട്ടിയാണ്. ഇന്ന് അദ്ദേഹം ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുകയാണ്', മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
'രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഞങ്ങളുടെ പൂര്‍വികര്‍ പോരാടി. നിങ്ങളുടെ പൂര്‍വികര്‍ പോരാടിയിരുന്നോ? സ്വാതന്ത്ര്യത്തിനായി പോരാടിയ ബിജെപി ആശയമുള്ള ഒരാളുടെ പേര് പറയാന്‍ നിങ്ങള്‍ക്ക് കഴിയുമോ? ഏത് ആര്‍എസ്എസ്സുകാരനാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്? എന്നിട്ട് നിങ്ങള്‍ ഞങ്ങള്‍ക്ക് രാജ്യസ്നേഹത്തിന്റെ ക്ലാസെടുക്കുന്നോ?', ഖാര്‍ഗെ ചോദിച്ചു.
'ഞങ്ങള്‍ രാജ്യസ്നേഹികളല്ല, രാജ്യവിരുദ്ധരാണെന്ന് നിങ്ങള്‍ പറയുന്നു. നിങ്ങളാണ് (ബിജെപി) ഇന്ത്യാവിരുദ്ധരും മതവിരുദ്ധരും. കാരണം, എന്നെ പോലെയൊരാള്‍ ഉത്തരാഖണ്ഡില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ പ്രസംഗിച്ചശേഷം, ആ സ്ഥലത്ത് നിങ്ങള്‍ രണ്ടുദിവസം നീണ്ട 'ഹവനം' നടത്തി 'ശുദ്ധീകരിച്ചു'. അത് ഈ രാജ്യത്തിന് നാണക്കേടാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ?', ദളിത് വിഭാഗത്തില്‍നിന്നുള്ള നേതാവ് കൂടിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു.
സ്വാതന്ത്ര്യദിനത്തില്‍ എഐസിസി ആസ്ഥാനത്ത് അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് വാക്പോരിന് ആധാരം. എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂര്‍ണമായി ആലപിച്ചിരുന്നു. ഇത് തടയാന്‍ സോണിയാ ഗാന്ധി ശ്രമിച്ചുവെന്നാണ് അമിത് ഷായുടെ ആരോപണം. എന്നാല്‍, ഖാര്‍ഗയ്ക്കായി കസേര കൊണ്ടുവരാനാണ് സോണിയാ ഗാന്ധി പറഞ്ഞതെന്നാണ് ഇതിനെ പ്രതിരോധിച്ചുകൊണ്ട് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം.
---------------
Hindusthan Samachar / Sreejith S