മാസപ്പടി കേസ്: വീണയുടെ ഡയറി നിര്ണായകം; മുഹമ്മദ് റിയാസിന്റെ സുഹൃത്തിന്റെ വീട്ടിലടക്കം ഇഡി പരിശോധന
Kozhikkode, 18 ഓഗസ്റ്റ് (H.S.) പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണ പ്രതിയായ സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി കേസില്‍ നടപടികള്‍ കടുപ്പിച്ച് ഇ.ഡി. കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ടു സ്ഥലങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് മൂന്നാം ഘട്ട
veena vijayan


Kozhikkode, 18 ഓഗസ്റ്റ് (H.S.)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണ പ്രതിയായ സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി കേസില്‍ നടപടികള്‍ കടുപ്പിച്ച് ഇ.ഡി. കോഴിക്കോട് ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ടു സ്ഥലങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് മൂന്നാം ഘട്ടത്തിലുള്ള പരിശോധനകള്‍ നടക്കുകയാണ്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍(ഡിടിപിസി) ഡെസ്റ്റിനേഷന്‍ കോഓര്‍ഡിനേറ്റര്‍ ആയ എന്‍. നന്ദുലാലിന്റെ കോഴിക്കോട് ഈസ്റ്റ് ഹില്ലിലുളള വീട്ടില്‍ ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ പരിശോധന തുടങ്ങിയത്.

ടി.വീണയുടെ ഭര്‍ത്താവ് പി.എ.മുഹമ്മദ് റിയാസ് എംഎല്‍എയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും ഈസ്റ്റ്ഹില്‍ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുമാണ് എന്‍.നന്ദുലാല്‍. പി.എ.മുഹമ്മദ് റിയാസിന്റെ മറ്റൊരു സുഹൃത്തും കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.നിഖിലിന്റെ ഫ്‌ലാറ്റിലും തിരച്ചില്‍ നടക്കുന്നുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നതെന്നാണ് വിവരം.

ജില്ലയിലും സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും പ്രവര്‍ത്തിക്കുന്ന പരസ്യ കമ്പനി ഉടമ കൂടിയാണ് പി. നിഖില്‍. ആശുപത്രിയില്‍ ആയിരുന്ന നിഖിലിനെ ഫ്‌ലാറ്റില്‍ എത്തിച്ചാണ് ഇ.ഡി തിരച്ചില്‍ തുടങ്ങിയത്. നേരത്തെ നിഖിലിന്റെ ഫറോക്ക് കരുവന്‍തിരുത്തി എ.പി.റോഡിലെ തറവാട്ടു വീട്ടിലും ഇ.ഡി സംഘം പരിശോധന നടത്തി. രാവിലെ 6.45ന് മൂന്നു കാറുകള്‍ എത്തിയ സംഘത്തില്‍ ഒരു കാറിലുള്ളവരാണ് ഈ വീട്ടില്‍ പരിശോധനയ്ക്കായി കയറിയത്. മറ്റു രണ്ടു കാറുകള്‍ തിരിച്ചുപോയി. മുറികളിലെ അലമാര തുറന്നു പരിശോധിച്ചു. രാവിലെ 9.10 ന് തിരിച്ചുപോയി. ഇവിടെ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് വിവരം.

മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ ഉള്‍പ്പെട്ട കേസ് ആയതിനാല്‍ ആരംഭം മുതല്‍ തന്നെ സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുകളിലെ അന്വേഷണത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചിരുന്നു. കോഴിക്കോട്ടെ വിവിധ ഇടങ്ങളില്‍ നടക്കുന്ന റെയ്ഡില്‍ ഉള്‍പ്പെട്ടവര്‍ ടി.വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എംഎല്‍എയുടെ സുഹൃത്തുക്കളാണെന്നതും കേസില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിതുറക്കും.

കേസിലെ ആറാം പ്രതിയായ ടി.വീണയ്ക്ക് നിക്ഷേപമുള്ള കോഴിക്കോട്ടെ ഒരു കമ്പനിയിലും ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതായി സൂചനയുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലേക്കര്‍ ഇന്ത്യ കോര്‍പ് എന്ന കമ്പനിയിലാണ് ഇത്തരത്തില്‍ തിരച്ചില്‍ നടത്തുന്നത്. കേസില്‍ ടി.വീണയുടെ പേരിലുളള 16.5 ലക്ഷം രൂപയുടെ നിക്ഷേപങ്ങള്‍ നേരത്തെ ഇ.ഡി മരവിപ്പിച്ചിരുന്നു.

മേയ് 27 ന് നടത്തിയ വീണയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച ചില രേഖകള്‍ പ്രകാരം വീണയുടെ അക്കൗണ്ടില്‍ 1,37,088 രൂപയും എക്‌സാലോജിക്കിന്റെ അക്കൗണ്ടില്‍ 27,585 രൂപയും ലേക്കര്‍ ഇന്ത്യ കോര്‍പിന്റെ അക്കൗണ്ടില്‍ 15,57,414 രൂപയും ഉണ്ടായിരുന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതു കൂടാതെ ഈ കമ്പനിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തിയതായും സൂചനയുണ്ട്.

കേസില്‍ ടി.വീണയുടെ ഡയറിയില്‍ കണ്ടെത്തിയ ചില വിവരങ്ങള്‍ പ്രകാരമാണ് റെയ്ഡ് എന്നാണ് വിവരം. മാസപ്പടി കേസില്‍ പ്രതികളാക്കപ്പെട്ടവരുടെ സ്വത്തുക്കള്‍ അറ്റാച്ച് ചെയ്യുന്നതിനു മുന്നോടിയായാണ് അവസാനഘട്ട പരിശോധനയുടെ ഭാഗമായി കോഴിക്കോട് ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ പരിശോധന നടത്തുന്നത് എന്നാണ് സൂചന.

ആദ്യഘട്ടത്തില്‍ ഇസിഐആര്‍(എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) റജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിവിധ ഇടങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. രണ്ടാം ഘട്ടത്തിലാണ് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കോടതി നല്‍കിയ അനുമതി പ്രകാരം ടി.വീണയുടെ തിരുവനന്തപുരം ബേക്കറി ജംക്ഷനിലുള്ള വീട്ടില്‍ പരിശോധന നടത്തിയത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ താമസിക്കുന്ന ഈ വീട്ടില്‍ റെയ്ഡ് നടത്തിയത് രാഷ്ട്രീയ പ്രേരിതമായാണെന്നു കാട്ടി സിപിഎം പ്രവര്‍ത്തകര്‍ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ ടി.വീണയെ രണ്ടു തവണ ഇ.ഡി. ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളുടെ പരിശോധനയും ഇ.ഡി ആരംഭിച്ചിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ 134 അനുബന്ധ രേഖകളാണ് ഇ.ഡിക്ക് ലഭിച്ചത്.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ്. കര്‍ത്ത, മകള്‍ ഷിബി എസ്. കര്‍ത്ത, മകന്‍ ശരന്‍ എസ്. കര്‍ത്ത എന്നിവരടക്കം ആറു പേരെയാണ് ഇ.ഡി ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്തത്. 2.78 കോടി രൂപ പ്രത്യേകിച്ച് ഒരു സേവനവും നല്‍കാതെ അനധികൃതമായി സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് കമ്പനി കൈപ്പറ്റിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കളളപ്പണം വെളുപ്പിക്കല്‍ പരിധിയില്‍ ഉള്‍പ്പെടുന്ന ഇടപാടാണ് ഇതെന്നാണ് സൂചന.

---------------

Hindusthan Samachar / Sreejith S


Latest News