Enter your Email Address to subscribe to our newsletters

Thiruvananthapuram ,9 ഓഗസ്റ്റ് (H.S.)
തിരുവനന്തപുരം: കേരളത്തിൽ 'ഹിറ്റ്‌ലർ മാറി മുസ്സോളിനി വന്ന' അവസ്ഥയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഇടത്–വലത് മുന്നണികളുടെ യുവജന വഞ്ചനക്കെതിരെ യുവമോർച്ചയുടെ നേതൃത്വത്തിൽ പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ ആരംഭിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിരിക്കാത്ത ഹിറ്റ്‌ലറാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനെങ്കിൽ, ചിരിക്കുന്ന മുസ്സോളിനിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ കെട്ടിയ സമരപ്പന്തൽ പോലീസ് പൊളിച്ചുമാറ്റിയത് ഇരുവരും തമ്മിലുള്ള അന്തർധാരയും ഉറ്റ സൗഹൃദവും കാരണമാണ്. ഇടതുപക്ഷം നിയമിച്ച പിഎസ്‌സി ചെയർമാനെതിരെ സമരം ചെയ്യുമ്പോൾ വി.ഡി. സതീശന് നോവുന്നുണ്ടെങ്കിൽ സിപിഎമ്മിനും കോൺഗ്രസിനും പിഎസ്‌സി എന്നാൽ കറവപ്പശുവും യുവാക്കൾ എന്നാൽ കറിവേപ്പിലയുമാണ് എന്ന് അദ്ദേഹം ആരോപിച്ചു.
സമരപ്പന്തൽ പൊളിച്ചതുകൊണ്ടോ എൽഡിഎഫും യുഡിഎഫും ഒരുമിച്ച് എതിർത്തതുകൊണ്ടോ യുവമോർച്ച സമരത്തിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്ന് അധ്യക്ഷത വഹിച്ച യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ് വ്യക്തമാക്കി. എകെജി സെന്ററിൽ നിന്നുള്ള ലിസ്റ്റ് പ്രകാരമാണ് പിഎസ്‌സിയിൽ നിയമനങ്ങൾ നടക്കുന്നത്. പിഎസ്‌സി അഴിമതി സംബന്ധിച്ച് യുവമോർച്ച ഗവർണറെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയതെന്നും, അഴിമതിക്കാരായ ഭരണസമിതിയെ പിരിച്ചുവിടുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎസ്‌സി അഴിമതി കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുക,
സർക്കാർ മേഖലയിലെ മുഴുവൻ ഒഴിവുകളും വ്യക്തമാക്കി ധവളപത്രം പുറത്തിറക്കുക,
പിഎസ്‌സി അംഗങ്ങളുടെ നിയമനത്തിൽ പൂർണ്ണ സുതാര്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടാണ് യുവമോർച്ചയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടക്കുന്നത്.
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഗോകുൽ ഗോപിനാഥ്, വിഷ്ണു വഞ്ചിമല, സംസ്ഥാന ഭാരവാഹികളായ കെ.ഷിജിൽ, ശ്രുതി പൊയിലൂർ, അഖിൽ വർഗീസ്, വിഷ്ണു സുരേഷ്, അഡ്വ. അരുൺ, അഖിൽ പാലോട്ട് മഠത്തിൽ, റിഷഭ് മോഹൻ,എസ് .നന്ദു, വിഷ്ണു പ്രകാശ്, തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കെ. വിഷ്ണു, സൗത്ത് ജില്ലാ അധ്യക്ഷൻ ചൂണ്ടിക്കൽ ഹരി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
---------------
Hindusthan Samachar / Sreejith S