വിഴിഞ്ഞം തുറമുഖത്തെ എക്സിം ഉദ്ഘാടനവുമായി ബന്ധപ്പെട്ടും സ്വാതന്ത്ര്യദിന പരിപാടിയുടെ വാർത്താക്കുറിപ്പിലും മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പേരും ചിത്രവും മാറ്റി നൽകിയ സംഭവത്തിൽ പിആർഡി രണ്ട് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി
Thiruvananthapuram, 19 ഓഗസ്റ്റ് (H.S.) വിഴിഞ്ഞം തുറമുഖത്തെ എക്സിം ഉദ്ഘാടനവുമായി ബന്ധപ്പെട്ടും സ്വാതന്ത്ര്യദിന പരിപാടിയുടെ വാർത്താക്കുറിപ്പിലും മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പേരും ചിത്രവും മാറ്റി നൽകിയ സംഭവത്തിൽ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആർഡി) രണ
PRD OFFICIALS TRANSFERRED


Thiruvananthapuram, 19 ഓഗസ്റ്റ് (H.S.)

വിഴിഞ്ഞം തുറമുഖത്തെ എക്സിം ഉദ്ഘാടനവുമായി ബന്ധപ്പെട്ടും സ്വാതന്ത്ര്യദിന പരിപാടിയുടെ വാർത്താക്കുറിപ്പിലും മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പേരും ചിത്രവും മാറ്റി നൽകിയ സംഭവത്തിൽ പബ്ലിക് റിലേഷൻസ് വകുപ്പിലെ (പിആർഡി) രണ്ട് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി. സെക്രട്ടേറിയറ്റിലെ പിആർഡി ഡയറക്ടറേറ്റിലെ ഇൻഫർമേഷൻ ഓഫിസർമാർക്ക് ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റം നൽകി.

റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫിസർ പി.ആർ സാബു, വെബ് ആൻഡ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫിസർ പ്രതീഷ് ഡി. മണി എന്നിവർക്കാണ് പണിഷ്മെൻ്റ് ട്രാൻസ്ഫർ നൽകിയത്. പ്രതീഷ് ഡി. മണിയെ ഡൽഹി ഇൻഫർമേഷൻ ഓഫിസറായും സാബുവിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്. സർക്കാരിൻ്റെ ഔദ്യോഗിക വിവരങ്ങൾ മാധ്യമങ്ങളെയും ജനങ്ങളെയും അറിയിക്കേണ്ട സുപ്രധാന ചുമതലയുള്ള വകുപ്പിൽനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് അടിയന്തര നടപടിക്ക് കാരണമായത്.

വിഴിഞ്ഞം പോസ്റ്ററിലെ പിഴവ്

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് വാണിജ്യ അടിസ്ഥാനത്തിലുള്ള സമ്പൂർണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് ഇന്നലെയാണ് ഔദ്യോഗികമായി തുടക്കം കുറിച്ചത്. കേരളത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ നിർണായകമാകുന്ന ഈ സ്വപ്നപദ്ധതിയുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നതിൻ്റെ ഭാഗമായാണ് പിആർഡി ഉദ്യോഗസ്ഥർ ഔദ്യോഗിക വാട് സാപ്പ് ഗ്രൂപ്പിൽ പോസ്റ്റർ പങ്കുവച്ചത്. എന്നാൽ, നിലവിലെ മുഖ്യമന്ത്രി വി.ഡി സതീശന് പകരം മുൻ സർക്കാരിൻ്റെ കാലത്തെ പോസ്റ്ററാണ് ഗ്രൂപ്പിലിട്ടത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ ചിത്രമടങ്ങിയ പഴയ പോസ്റ്റർ ഔദ്യോഗിക ഗ്രൂപ്പിൽ വന്നത് വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.

വാർത്താക്കുറിപ്പിലെ അനാസ്ഥ

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ആദ്യ സ്വാതന്ത്ര്യദിനാഘോഷമായിരുന്നു ഇത്തവണത്തേത്. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രിയുടെ പേരിൻ്റെ സ്ഥാനത്ത് പിണറായി വിജയൻ എന്ന് തെറ്റായി രേഖപ്പെടുത്തിയതിനാണ് പ്രതീഷിനെതിരെ നടപടി സ്വീകരിച്ചത്. സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരിപാടിയുടെ അറിയിപ്പിൽ വന്ന ഈ പിഴവ് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു. അതേസമയം, കൊല്ലത്തേക്ക് മാറ്റിയ സാബുവിനെതിരെ മോശം പെരുമാറ്റത്തിൻ്റെ പേരിൽ മുൻപും പിആർഡിക്ക് പരാതികൾ ലഭിച്ചിരുന്നതായി വിവരമുണ്ട്.

സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉദ്യോഗസ്ഥർ തന്നെ ഇത്തരത്തിൽ അശ്രദ്ധമായി പെരുമാറിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിഴിഞ്ഞം തുറമുഖം പോലൊരു അന്താരാഷ്ട്ര പദ്ധതിയുടെ സുപ്രധാന ഘട്ടം പിന്നിടുമ്പോഴും, പുതിയ സർക്കാരിൻ്റെ ആദ്യ സ്വാതന്ത്ര്യദിനാഘോഷ വേളയിലും ഉണ്ടായ പിഴവുകൾ ഭരണതലത്തിൽ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.

ഔദ്യോഗിക വാർത്താക്കുറിപ്പുകളും പോസ്റ്ററുകളും പുറത്തുവിടുന്നതിന് മുൻപ് കൃത്യമായ പരിശോധനകൾ നടത്തണമെന്ന നിർദേശം നിലനിൽക്കെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഈ വീഴ്ചയുണ്ടായത്. ഇതിന് പിന്നാലെയാണ് ഉന്നതതല ഇടപെടലുണ്ടാവുകയും രണ്ട് ഉദ്യോഗസ്ഥർക്കെതിരെയും അടിയന്തരമായി നടപടികൾ സ്വീകരിക്കുകയും ചെയ്തത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News