Enter your Email Address to subscribe to our newsletters

Thiruvananthapuram, 19 ഓഗസ്റ്റ് (H.S.)
മുൻ എൽഡിഎഫ് സർക്കാരിൻ്റെ ഭരണകാലത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പർച്ചേസ് ചട്ടങ്ങൾ ലംഘിച്ച് 7.32 കോടി രൂപയുടെ ബ്ലീച്ചിങ് പൗഡർ വാങ്ങിയെന്ന പരാതിയെത്തുടർന്നുള്ള അന്വേഷണം വിജിലൻസിന് കൈമാറുമെന്ന് മന്ത്രി കെ മുരളീധരൻ. പരാതി പരിശോധിക്കുന്നതിനുള്ള ചുമതല നേരത്തെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണത്തിൽ മന്ത്രി കെ മുരളീധരൻ അതൃപ്തിയിലായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ക്രമക്കേട് നടത്തിയവരെ വെള്ളപൂശുന്നതാണെന്നാണ് ആരോപണമുയർന്നിരുന്നത്. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം വിജിലൻസിന് കൈമാറുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലും മാധ്യമ റിപ്പോർട്ടുകളിലും സംഭരണ നടപടിയുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകളും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്ന ഗുരുതരമായ പുതിയ ആരോപണങ്ങൾ ഉയർന്നിരുന്നു. ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ, സർക്കാരിന് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതായി വിലയിരുത്തേണ്ടിവരും. അതിനാൽ, വസ്തുതകൾ വ്യക്തമായി കണ്ടെത്തുന്നതിനും, വീഴ്ചകൾക്കും ക്രമക്കേടുകൾക്കും ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനും, പൊതുധനം സംരക്ഷിക്കുന്നതിനുമായി വിഷയത്തിൽ വിശദവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണെന്നും കെ മുരളീധരൻ അറിയിച്ചു.
മഴക്കാല ശുചീകരണത്തിൻ്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിലാണ് അന്വേഷണം നടന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബ്ലീച്ചിങ് പൗഡർ ഇടപാട് നടന്നത്. മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന ബ്ലീച്ചിങ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്ന മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് മന്ത്രി കെ മുരളീധരൻ അന്വേഷണത്തിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നത്. കെഎംഎസ്സിഎൽ സ്വീകരിച്ച സംഭരണ നടപടിക്രമങ്ങൾ, ബാധകമായ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, ന്യായമായ വിലയ്ക്കാണോ വാങ്ങിയത്, വാങ്ങിയ ബ്ലീച്ചിങ് പൗഡറിൻ്റെ ഗുണനിലവാരവും ഉപയോഗവും, സർക്കാരിന് എന്തെങ്കിലും സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നിവയെല്ലാം അന്വേഷണ പരിധിയിലുണ്ടായിരുന്നു.
അതേസമയം, ആരോഗ്യ വകുപ്പിന്റെ ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി കണ്ടെത്തിയ പാകിസ്ഥാൻ നിർമിത വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരോഗ്യ വകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. അനുവദനീയമായതിലും കൂടുതൽ മെർക്കുറി അടങ്ങിയ ഫൈസ, ഗോറി എന്നീ ഫേസ് ക്രീമുകൾ നിരോധിക്കാനും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് നിർദേശം നൽകിയിരുന്നു. ഇവയുടെ ഉപയോഗം ഗുരുതരമായ ചർമരോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR